തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായിക മേളയുടെ വേഗമേറിയ താരങ്ങളെന്ന നേട്ടം നാട്ടിക ഫിഷറീസ് സ്‌കൂളിലെ ആൻസി സോജനും തിരുവനന്തപുരം സായിയിലെ സി.അഭിനവും സ്വന്തമാക്കി. ആൻസി 12.26 സെക്കന്റിലും അഭിനവ് 10.97 സെക്കന്റിലുമാണ് ഫിനിഷ് ചെയ്‌തത്.
സീനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടമത്സരത്തിൽ പരിക്ക് വകവയ്‌ക്കാതെ മിന്നും പ്രകടനം കാഴ്‌ച വച്ചാണ് ആൻസി ഒന്നാമതെത്തിയത്.
അതേസമയം, മേളയുടെ രണ്ടാംദിനവും എറണാകുളം കുതിപ്പ് തുടരുകയാണ്. 10 സ്വർണവും 13 വെള്ളിയും 3 വെങ്കലവുമായി 98 പോയിന്റാണ് എറണാകുളം ഇതുവരെ നേടിയത്. 9 സ്വർണവും 8 വെള്ളിയും 6 വെങ്കലവും ഉൾപ്പെടെ 75 പോയിന്റുമായി പാലക്കാടാണ് തൊട്ടുപിന്നിൽ. 47 പോയിന്റുമായി കോഴിക്കോട് മൂന്നാംസ്ഥാനത്തുണ്ട്.
നിലവിലെ സ്കൂൾ ചാമ്പ്യന്മാരായ മാർ ബേസിൽ 4 സ്വർണവും 4 വെള്ളിയും 2 വെങ്കലും ഉൾപ്പെടെ 34 പോയിന്റോടെ കിരീടം നിലനിറുത്താനുള്ള ശ്രമത്തിലാണ്. 28 പോയിന്റുമായി പാലക്കാട് കുമരംപുത്തൂർ സ്കൂൾ തൊട്ടുപിന്നിലുണ്ട്. സ്പോർട്സ് ഹോസ്റ്റലുകളിൽ തിരുവന്തപുരം സായ് ആണ് മുന്നിൽ.