ഏവരെയും അമ്പരപ്പിച്ച് ശ്രീലങ്കയുടെ മുൻ പ്രസിഡന്റ് മഹേന്ദ്ര രാജപക്‌സെ ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്‌തു. ഇതിന് പശ്‌ചാത്തലമൊരുക്കിയത് ഇപ്പോഴത്തെ ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ രാഷ്‌ട്രീയ പൂഴിക്കടകനാണ്. ഇതുപോലൊരു അഭ്യാസത്തിലൂടെയാണ് 2015 ൽ അന്നത്തെ പ്രസിഡന്റായിരുന്ന രാജപക്സെയും സ്വന്തം പാർട്ടിയേയും കാലുവാരി അദ്ദേഹം പ്രസിഡന്റായത്. ഇപ്പോൾ തന്റെ പഴയ നേതാവിനെത്തന്നെ തന്നെ കൂട്ടുപിടിച്ചാണ് നിലവിലെ പ്രധാനമന്ത്രിയായ റെനിൽ വിക്രം സിംഗെയെ പുറത്താക്കിയിരിക്കുന്നത്. അധികാര രാഷ്‌ട്രീയത്തിലെ ഒരു വമ്പൻ അട്ടിമറി തന്നെയാണിത്.
ഐക്യ സർക്കാരിന്റെ അന്ത്യം
പത്ത് വർഷമായി ശ്രീലങ്ക അടക്കി ഭരിച്ചിരുന്ന, കരുത്തനായിരുന്ന പ്രസിഡന്റ് രാജപക്‌സയെ 2015 ലെ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ നിന്ന് പുറത്താക്കിയത് യുണൈറ്റഡ് പീപ്പിൾ ഫ്രീഡം അലയൻസ് എന്ന മഹാസഖ്യം രൂപീകരിച്ചു കൊണ്ടായിരുന്നു. പ്രധാന പ്രതിപക്ഷവും ഭരണപക്ഷത്തിലെ ഒരു വിഭാഗവും ചേർന്ന് ഒരു ഐക്യ സർക്കാരായി പ്രവർത്തിക്കുകയായിരുന്നു സിരിസേനയും വിക്രം സിംഗെയും. ഈ സഖ്യത്തിലെ പ്രധാന കക്ഷിയായിരുന്ന യുണൈറ്റഡ് നാഷണൽ പാർട്ടിയുടെ നേതാവാണ് പുറത്താക്കപ്പെട്ട റെനിൽ വിക്രം സിംഗെ.
അട്ടിമറിക്ക് കാരണം
ഭരണത്തുടക്കം മുതൽ തന്നെ സിരിസേനയും റെനിൽ വിക്രം സിംഗെയും തമ്മിൽ സ്വരച്ചേർച്ചയില്ലായിരുന്നു. വാഗ്‌ദാനം ചെയ്‌ത തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങൾ നടപ്പിൽ വരുത്താതിരുന്നത് കാരണം ഇവർ തമ്മിലുള്ള അഭിപ്രായ വ്യത്യാസം മൂർച്ഛിച്ചു. 2018 ഫെബ്രുവരിയിൽ നടന്ന പ്രാദേശിക തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തായിരുന്ന രാജപക്സെ നേടിയ വൻ വിജയം രാഷ്‌ട്രീയ സമവാക്യങ്ങളിലെ മാറ്റം അനിവാര്യമാക്കി. ഏത് സമയത്തും രാഷ്‌ട്രീയ മാറ്റം സംഭവിക്കുമെന്ന അവസ്ഥയിലായിരുന്നു കാര്യങ്ങൾ. കഴിഞ്ഞ ക്യാബിനറ്റ് മീറ്റിംഗിൽ പ്രസിഡന്റും പ്രധാനമന്ത്രിയും തമ്മിൽ കടുത്ത വാഗ്വാദമാണ് നടന്നത്. പ്രസിഡന്റ് സിരിസേനയെയും രാജപക്‌സെയുടെ സഹോദരനും മുൻപ്രതിരോധ മന്ത്രിയുമായിരുന്ന മഹീന്ദ രാജപക്‌സയെയും വധിക്കാനുള്ള ഗൂഢാലോചന വിക്രം സിംഗെ ഗൗരവമായി എടുത്തില്ല എന്നതിനെപ്പറ്റിയായിരുന്നു രാഷ്‌ട്രീയത്തർക്കം. രാഷ്‌ട്രീയസഖ്യം തകർക്കാനുള്ള ഒരു കാരണമായിട്ടാണ് വധഭീഷണിയെ വിലയിരുത്തുന്നത്.
രാഷ്‌ട്രീയ അസ്ഥിരത
നിലവിലെ രാഷ്‌ട്രീയ മാറ്റങ്ങൾ അസ്ഥിരതയ്‌ക്ക് കാരണമാകുന്ന കാര്യത്തിൽ സംശയമില്ല. ഭരണഘടനയുടെ 19 -ാം ഭേദഗതിപ്രകാരം പാർലമെന്റിൽ ഭൂരിപക്ഷമുണ്ടെങ്കിൽ മാത്രമേ പ്രധാനമന്ത്രിയെ പുറത്താക്കാൻ കഴിയൂ. 225 അംഗ സഭയിൽ രാജപക്‌സെ സിരിസേന കൂട്ടുകെട്ടിന് 95 അംഗങ്ങളാണുള്ളത്. എന്നാൽ വിക്രം സിംഗെ നയിക്കുന്ന യുണൈറ്റഡ് നാഷണൽ പാർട്ടിക്ക് മാത്രമായി 106 അംഗങ്ങളുണ്ട്. ഏഴ് അംഗങ്ങളുള്ള ശ്രീലങ്ക മുസ്ളിം കോൺഗ്രസ് യു.എൻ.പിയെ പിന്തുണയ്‌ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇവിടെ നിർണായകമാവുക സ്‌പീക്കറുടെ നിലപാടാണ്. തത്വത്തിൽ ശ്രീലങ്കയിൽ ഇപ്പോൾ രണ്ട് പ്രധാനമന്ത്രിമാരുണ്ട്. പാർലമെന്റിൽ ഭൂരിപക്ഷമുള്ള പ്രധാനമന്ത്രിയും പ്രസിഡന്റ് പുതിയതായി നിയമിച്ച പ്രധാനമന്ത്രിയും. അതുകൊണ്ടുതന്നെ പുതിയ പ്രധാനമന്ത്രിയുടെ നിയമനം ഭരണഘടനാ വിരുദ്ധമായ രാഷ്‌ട്രീയ അട്ടിമറി എന്നാണ് റെനിൽ വിക്രം സിംഗെ അഭിപ്രായപ്പെട്ടത്. ഇതിനിടയിൽ പാർലമെന്റ് സമ്മേളനം നീട്ടിവച്ചതായി സ്‌പീക്കർ അറിയിച്ചിട്ടുണ്ട്. ഇനി നവംബർ 16 നാണ് സഭ കൂടുക. ശ്രീലങ്കയിൽ ഇനി രാഷ്‌ട്രീയ കുതിരക്കച്ചവടത്തിന്റെയും അസ്ഥിരതയുടെയും നാളുകളാണ്.
ഇന്ത്യാ വിരുദ്ധത ഘടകമോ
രാഷ്‌ട്രീയമായി ഇന്ത്യയോട് അകലം പാലിക്കുന്ന അതേസമയം ചൈനയോട് അടുപ്പം സൂക്ഷിക്കുന്ന സഖ്യമാണ് സിരിസേന- രാജപക്‌സെ കൂട്ടുകെട്ട്. ഇക്കഴിഞ്ഞ ഒക്‌ടോബർ 18, 20 തീയതികളിൽ ഇന്ത്യ സന്ദർശിച്ച റെനിൽ വിക്രം സിംഗെ ഇന്ത്യൻ പദ്ധതികളുടെ മെല്ലെപ്പോക്കിന് പ്രസിഡന്റ് സിരിസേനയെ പരോക്ഷമായി കുറ്റപ്പെടുത്തിയിരുന്നു. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോ, സിരിസേനയെ വധിക്കാൻ പദ്ധതിയിടുന്നുവെന്ന ആരോപണവും തമിഴരുടെ പുനരധിവാസം സംബന്‌ധിച്ച അഭിപ്രായ വ്യത്യാസങ്ങളും കൊളംബോ പോർട്ടിൽ ഇന്ത്യൻ പങ്കാളിത്തത്തോടുള്ള വിമുഖതയും ചർച്ചാ വിഷയങ്ങളായിട്ടുണ്ട്.
2015 ലെ തിരഞ്ഞെടുപ്പിൽ രാജപക്‌സെ പരാജയപ്പെട്ടതിന് കാരണം റോയുടെ ഇടപെടലുകളാണെന്ന് ആരോപണമുയർന്നിരുന്നു. റോ തന്നെ വധിക്കാൻ പദ്ധതിയിടുന്നു എന്ന ഇപ്പോഴത്തെ പ്രസിഡന്റിന്റെ ആരോപണവും , ആ പാർട്ടിയുടെ ഇന്ത്യാ വിരുദ്ധതയും നിലവിലെ രാഷ്ട്രീയ അട്ടിമറിയും ചേർത്ത് വായിക്കാവുന്നതാണ്. ശ്രീലങ്കൻ ആഭ്യന്തര രാഷ്‌ട്രീയത്തിലെ മാറ്റങ്ങൾ നിലവിലെ സാഹചര്യത്തിൽ ഇന്ത്യാ ശ്രീലങ്കാ ബന്‌ധത്തെ പ്രതികൂലമായി ബാധിക്കാനാണ് സാദ്ധ്യത.
( ലേഖകൻ കേരള സർവകലാശാല പൊളിറ്റിക്‌സ് വിഭാഗം അദ്ധ്യാപകനാണ്. )