ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബഡ്‌ജറ്റിലൊരുങ്ങുന്ന ചിത്രമാണ് ശങ്കറിന്റെ 2.0. ചിത്രത്തിന്റെ ടീസർ സെപ്റ്റംബർ 13നാണ് റിലീസ് ചെയ്ത്‌ത്. വൻ സ്വീകരണമായിരുന്നു ടീസറിന് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ നവംബർ മൂന്നിന് പുറത്തിറങ്ങും. ട്രെയലറിന് ടീസറിനെക്കാൾ സ്വീകാര്യത ലഭിക്കുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ. ചെന്നൈയിലെ സത്യം തീയേറ്ററിൽ വെച്ചാണ് ട്രെയിലർ ലോഞ്ച് നടക്കുക. 4ഡി സൗണ്ട് സിസ്റ്റത്തിലാണ് ട്രെയിലറിൽ ഗ്രാഫിക്സ് വർക്കുകൾ ഹോളിവുഡ് നിലവാരത്തിലാണ് ഒരുക്കിയിരിക്കുന്നത്.
2010 ൽ പുറത്തിറങ്ങിയ യന്തിരൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ തുടർച്ചയാണ് 2.0. രജനികാന്ത് നായകനാകുന്ന ചിത്രത്തിൽ അക്ഷയ്കുമാറാണ് വില്ലൻ എന്നത് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. എമി ജാക്സൺ ആണ് നായികയായെത്തുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗത്തിൽ ഐശ്വര്യറായ് ആയിരുന്നു നായിക.
450 കോടി മുതൽ മുടക്കിൽ എത്തുന്ന ചിത്രം തമിഴ്,തെലുങ്ക്,ഹിന്ദി ഭാഷകളിലായി 10,000 സ്ക്രീനുകളിലാണ് റിലീസ് ചെയ്യുക. ഇത്തവണ സാബു സിറിളിന് പകരം മുത്തുരാജാണ് ചിത്രത്തിന് കലാസംവിധാനം ഒരുക്കുന്നത്.പോസ്റ്റ് പ്രൊഡക്ഷൻ വൈകുന്നതിനാൽ റിലീസിംഗ് പലതവണ മാറ്റി വയ്ക്കേണ്ടി വന്നിരുന്നു. ത്രീഡിയിൽ ചിത്രീകരിച്ചിരിക്കുന്ന സിനിമയുടെ സുപ്രധാന ഘടകമായ വി.എഫ്.എക്സ് കൈകാര്യം ചെയ്യുന്നത് അമേരിക്കയിലെ ഏറ്റവും മികച്ച അനിമെട്രോണിക്സ് കമ്പനിയായ ലെഗസി എഫക്ട്സ് ആണ്. ജംഗിൾ ബുക്ക്,ഗോഡ്സില്ല,അയൺമാൻ, ജുറാസിക് പാർക്ക് തുടങ്ങിയ ചിത്രത്തിനും ഗ്രാഫിക്സ് വിസ്മയം ഒരുക്കിയതും ലെഗസി എഫക്ട്സ് തന്നെ. നീരവ് ഷായാണ് ഛായാഗ്രഹണം, എ.ആർ റഹ്മാൻ സംഗീത സംവിധാനം ചെയ്ത ഗാനങ്ങൾ ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു.