കൊച്ചി: നിക്ഷേപകർക്ക് 9.70 ശതമാനം മുതൽ 10.46 ശതമാനം വരെ പലിശ വാഗ്‌ദാനം ചെയ്‌ത് പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാൻസ്, ഓഹരികളാക്കി മാറ്റാനാവാത്ത കടപ്പത്രങ്ങൾ (എൻ.സി.ഡി) പുറത്തിറക്കി. പ്രമുഖ റേറ്റിംഗ് സ്ഥാപനങ്ങളായ ബ്രിക്ക് വർക്കിന്റെ ഉയർന്ന റേറ്റിംഗായ എ.എ. പ്ളസ് സ്‌റ്റേബിൾ, കെയറിന്റെ എ.എ. സ്‌റ്റേബിൾ എന്നിവയുള്ള എൻ.സി.ഡികളാണിവയെന്ന് മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ വി.പി. നന്ദകുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഒക്‌ടോബർ 24ന് ആരംഭിച്ച എൻ.സി.ഡി ഇഷ്യൂ നവംബർ 22ന് സമാപിക്കും. ആയിരം രൂപയാണ് മുഖവില. ഏറ്റവും കുറഞ്ഞ നിക്ഷേപത്തുക 10,000 രൂപ. 200 കോടി രൂപയാണ് അടിസ്ഥാന ഇഷ്യൂ എങ്കിലും മികച്ച പ്രതികരണം ലഭിച്ചാൽ 800 കോടി രൂപയുടെ അധിക ഇഷ്യൂവും കമ്പനി നടത്തും. 400 ദിവസം മുതൽ ഏഴ് വർഷം വരെയാണ് നിക്ഷേപകാലാവധി. പലിശ പ്രതിമാസമോ വാർഷികമായോ ഒരുമിച്ചോ നേടാം. പണമാക്കി മാറ്റാവുന്ന ഈ എൻ.സി.ഡികൾ ഓഹരി വിപണിയിലും ലിസ്‌റ്റ് ചെയ്യും.
ഇഷ്യൂവിലൂടെ സമാഹരിക്കുന്ന തുക വായ്‌പാ വിതരണത്തിനാകും മുഖ്യമായി ഉപയോഗിക്കുക. സ്വർണപ്പണയ വായ്‌പകൾക്ക് തുടക്കമിട്ട രാജ്യത്തെ ആദ്യ എൻ.ബി.എഫ്.സിയായായ മണപ്പുറം ഫിനാൻസ് നടപ്പുവർഷത്തെ ആദ്യപാദത്തിൽ 200 കോടി രൂപ ലാഭം നേടിയിരുന്നു. സെപ്‌തംബർ പാദത്തിൽ ലാഭത്തിലും മൊത്തം ബിസിനസിലും 20 ശതമാനം കുതിപ്പാണ് പ്രതീക്ഷയെന്നും നന്ദകുമാർ പറഞ്ഞു. കമ്പനിയുടെ മൊത്തം ബിസിനസിൽ 75 ശതമാനം സ്വർണപ്പണയ വായ്‌പകളിൽ നിന്നാണ്. 15 ശതമാനം മൈക്രോഫിനാൻസിലും അഞ്ച് ശതമാനം വാഹന വായ്‌പകളിലുമാണ്. പത്രസമ്മേളനത്തിൽ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് എ.എൽ. ബിന്ദു, എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ബി.എൻ. രവീന്ദ്ര ബാബു, നവീൻ സുബ്ബറാവു (എ.കെ. കാപ്പിറ്റൽ സർവീസസ് ലിമിറ്റഡ്), ബ്രഹ്‌മദത്ത സിംഗ് (ഈഡൽവീസ്) എന്നിവരും സംബന്ധിച്ചു.