തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിൽ ആക്രമണം നടന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ആരോപിച്ചു. ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ കേരളത്തിലെത്തുന്ന ദിവസം തന്നെ നടത്തിയ ഈ നാടകത്തിലെ എല്ലാ വിവരങ്ങളും താമസിയാതെ പുറത്തുവരുമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഒന്നാമത്തെ കാര്യം സന്ദീപാനന്ദൻ സ്വാമിയല്ല. വെറും ഒരു കാപട്യക്കാരൻ. അയാൾ തന്നെ ആസൂത്രണം ചെയ്ത നാടകമാണ് ഇന്ന് നടന്നത്. സി. സി. ടി. വി എന്തിന് ഓഫ് ചെയ്തുവെച്ചു? ഇൻഷൂറൻസ് അടയ്ക്കാത്ത കാർ എന്തുകൊണ്ട് കത്തിയില്ല? ജീവനക്കാരനെ എന്തിന് ഒഴിവാക്കി? എട്ടുമാസമായി വരാത്തിടത്ത് ഇന്ന് എങ്ങനെ എത്തി? എന്തുകൊണ്ട് കൈരളി മാത്രം ആദ്യം ഓടിയെത്തി? എല്ലാം ദുരൂഹമാണ്. അമിത് ഷാ കേരളത്തിൽ വരുന്ന ദിവസം തന്നെ നടത്തിയ ഈ നാടകത്തിലെ എല്ലാ വിവരങ്ങളും താമസിയാതെ പുറത്തുവരും. പിണറായി വിജയൻ അറിഞ്ഞുകൊണ്ടുള്ള നാടകമാണിത്. എന്തായാലും വിജയാ സംഗതി വളരെ ചീപ്പായിപ്പോയി.