ബംഗളൂരു: ഐഫോൺ നിർമ്മാതാക്കളായ ആപ്പിൾ 2017-18 സാമ്പത്തിക വർഷം ഇന്ത്യയിൽ നിന്ന് നേടിയ ലാഭം 896 കോടി രൂപ. 2016-17ൽ നേടിയ ലാഭം 373 കോടി രൂപയായിരുന്നു. രണ്ടര മടങ്ങ് വർദ്ധനയാണ് കഴിഞ്ഞവർഷം ലാഭത്തിലുണ്ടായത്. വരുമാനം 12 ശതമാനം വർദ്ധിച്ച് 13,097 കോടി രൂപയായി. അതേസമയം, ഇന്ത്യ ഇപ്പോഴും ആപ്പിളിന് 'ചെറിയ' വിപണി മാത്രമാണ്. കമ്പനിയുടെ ആഗോള വില്‌പനയുടെ മൂന്ന് ശതമാനം മാത്രമാണ് ഇന്ത്യയുടെ സംഭാവന.
ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിയുന്ന ഇടത്തരം സ്‌മാർട് ഫോണുകളോട് മത്സരിക്കാനായി, ഈ ശ്രേണിയിൽപ്പെട്ട മോഡലുകളാണ് ആപ്പിൾ കൂടുതലായി ഇന്ത്യൻ വിപണിയിലെത്തിക്കുന്നതും. കഴിഞ്ഞ ഡിസംബറിൽ കമ്പനിയുടെ ഇന്ത്യാ വിഭാഗം മേധാവിയായി മിഷേൽ കൂളംബിനെ നിയമിച്ചിരുന്നു. സ്‌മാർട് ഫോണുകളുടെ വില്‌പനയിൽ ലോകത്ത് ഏറ്റവും ഉയർന്ന വളർച്ച രേഖപ്പെടുത്തുന്ന ഇന്ത്യയിൽ, ആപ്പിളിന് മികച്ച വില്‌പനനേട്ടം നേടിക്കൊടുക്കുകയാണ് കൂളംബിന്റെ ദൗത്യം. സാംസംഗ്, വൺപ്ളസ് എന്നിവയാണ് ഇന്ത്യയിൽ ആപ്പിളിന്റെ പ്രധാന എതിരാളികൾ.