srilanka


കൊളംബോ: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ ശ്രീലങ്കയിൽ പ്രസിഡന്റ് മൈത്രിപാല സിരസേന പാർലമെന്റ് സസ്‌പെൻഡ് ചെയ്തു. ഇതോടെ ലങ്കയിലെ പ്രതിസ​ന്ധി ഒന്നുകൂടി മുറുകി. നവംബർ 16 വരെയാണ് പാർലമെന്റിന്റെ പ്രവർത്തനങ്ങൾ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. 225 അംഗ സഭയാണ് ശ്രീലങ്കയിലുള്ളത്. വാർഷിക ബഡ്‌ജറ്റ് യോഗത്തിനായി നവംബർ അഞ്ചിന് പാർലമെന്റ് യോഗം ചേരാനിരുന്നതാണ്. കടുത്ത സാന്പത്തിക പ്രതിസന്ധിയിലൂടെ രാജ്യം കടന്നുപോകുന്നതിനിടെ പാർലമെന്റ് സസ്‌പെൻഡ് ചെയ്തത് സർക്കാരിനെ സാന്പത്തികമായി കൂടി അസ്ഥിരപ്പെടുത്തുന്നതാണ്. വെള്ളിയാഴ്ച പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞ റെനിൽ വിക്രമസിംഗെ അടിയന്തരമായി പാർലമെന്റ് വിളിച്ച് കൂട്ടി തന്റെ ഭൂരിപക്ഷം തെളിയിക്കാൻ കഴിയുമെന്ന് വ്യക്തമാക്കിയിരുന്നതാണ്.

സിരിസേനയുടെ പാർട്ടിയായ യുണൈറ്റഡ് പീപ്പിൾസ് ഫ്രീഡം അലയൻസ് പിന്തുണ പിൻവലിച്ചതോടെയാണ് പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുടെ സ്ഥാനം തെറിച്ചത്. പകരം മഹീന്ദ രാജപക്‌സെയെ പുതിയ പ്രധാനമന്ത്രിയായി സിരിസേന അവരോധിക്കുകയും ചെയ്തു. വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷണൽ പാർട്ടിയുടെ സഹായത്തോടെ 2015ലാണ് സിരിസേന പ്രസിഡന്റായത്. രാജപക്‌സെയുടെ പതിറ്റാണ്ട് നീണ്ട ഭരണത്തിനാണ് അന്ന് അന്ത്യമായത്. രാജപക്‌സെ സർക്കാരിൽ ആരോഗ്യ മന്ത്രിയിയിരുന്ന സിരിസേന അദ്ദേഹവുമായി പിണങ്ങി രാജിവച്ചാണ് 2015ൽ മത്സരിച്ചതും വിക്രമസിംഗെയെ കൂട്ടുപിടിച്ച് പ്രസിഡന്റായതും.