ന്യൂഡൽഹി: അതിർത്തി കടന്നുള്ള തീവ്രവാദത്തെ പാകിസ്ഥാൻ ഇനിയും പ്രോത്സാഹിപ്പിച്ചാൽ ഇന്ത്യ ശക്തമായ രീതിയിൽ തിരിച്ചടിക്കുമെന്ന് കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് പറഞ്ഞു. എന്നാൽ ഏത് രീതിയിലുള്ള തിരിച്ചടിയാണെന്ന് വ്യക്തമാക്കാൻ അദ്ദേഹം തയ്യാറായില്ല. 2016ൽ ഉറിയിൽ നടന്ന പാക് ഭീകരാക്രമണത്തിന് പിന്നാലെ അതിർത്തി കടന്ന് ചെന്ന ഇന്ത്യൻ പാരാമിലിറ്ററി സംഘം പാകിസ്ഥാന് ശക്തമായ തിരിച്ചടി നൽകിയിരുന്നു. മിന്നൽ ആക്രമണം അഥവാ സർജിക്കൽ സ്ട്രൈക്ക് എന്നറിയപ്പെടുന്ന ഇത്തരം ഓപ്പറേഷനുകൾ ഇന്ത്യ വീണ്ടും നടത്തിയേക്കാമെന്നാണ് പ്രതിരോധ വൃത്തങ്ങൾ നൽകുന്ന സൂചന.
കാശ്‌മീരിലേക്ക് തീവ്രവാദം കയറ്റുമതി ചെയ്യുന്നതും തീവ്രവാദികൾക്ക് സഹായം നൽകുന്നതും പാകിസ്ഥാൻ നിറുത്തണമെന്ന് ബിപിൻ റാവത്ത് ആവശ്യപ്പെട്ടു. അതിർത്തി സംസ്ഥാനമായ കാശ്‌മീരിനെ ഇന്ത്യയുടെ ഭാഗമായി സംരക്ഷിക്കാൻ വേണ്ട എല്ലാ കഴിവുകളും രാജ്യത്തിനുണ്ട്. ശക്തി ഉപയോഗിച്ചോ മറ്റേതെങ്കിലും മാർഗത്തിലൂടെയോ കാശ്‌മീരിനെ സ്വന്തമാക്കാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. 1971ലെ യുദ്ധത്തിൽ ഇന്ത്യയോടെ തോറ്റതിന്റെ പ്രതികാരമാണ് ഇപ്പോൾ പാകിസ്ഥാൻ നടത്തുന്നത്. തങ്ങൾക്ക് നഷ്‌ടമായ പ്രദേശങ്ങൾക്ക് പകരമായി രഹസ്യ യുദ്ധത്തിലൂടെ കാശ്‌മീരിനെ സ്വന്തമാക്കാമെന്നാണ് പാകിസ്ഥാൻ കരുതുന്നത്. എന്നാൽ നിയമപരമായും അല്ലാതെയും കാശ്‌മീർ ഇന്ത്യയുടെ ഭാഗമാണെന്നും എന്ത് വില കൊടുത്തും രാജ്യം അതിനെ സംരക്ഷിക്കുമെന്നും ബിപിൻ റാവത്ത് കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ നേരെയുള്ള എല്ലാ ഭീഷണികളും നേരിടാൻ രാജ്യം ഇപ്പോൾ സജ്ജമാണ്. എന്നാൽ പാകിസ്ഥാൻ തീവ്രവാദികൾക്കുള്ള പിന്തുണ തുടർന്നാൽ ഇന്ത്യ ശക്തമായ രീതിയിൽ തിരിച്ചടിക്കും. കാശ്‌മീരിലെ അശാന്തപ്പെടുത്താനാണ് പാകിസ്ഥാന്റെ നിരന്തര ശ്രമം. എന്നാൽ ഇത് വിജയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.