kengis

റിയാദ്: ''വിവാഹത്തിന് ആവശ്യമായ രേഖകൾ വാങ്ങി ഉടൻ മടങ്ങിയെത്താം." പ്രിയതമയ്ക്ക് ഖഷോഗി അവസാനമായി നൽകിയ വാക്ക്. ഈസ്താംബുളിലെ സൗദി കോൺസുലേറ്റിന് പുറത്ത് ജമാലിനായി കാത്തിരുന്ന കെൻഗിസിനെ തേടിയെത്തിയത് അദ്ദേഹത്തിന്റെ മരണ വാർത്തയായിരുന്നു. അതും ഒരാഴ്ചയ്ക്കുശേഷം. കോൺസുലേറ്രിനുള്ളിൽ ഇരുചെവിയറിയാതെ സൗദി കൊന്നു തള്ളിയ ജമാൽ ഖഷോഗിയുടെ കാമുകിയുടെ ജീവിതത്തിലെ ഇരുട്ട് നീങ്ങിയിട്ടില്ല.

''ജമാലിന്റെ കൊലപാതകത്തിനു പിന്നിലുള്ളവർ ആരായാലും അവരുടെ ക്രൂരതയ്ക്കുള്ള ശിക്ഷ ലഭിക്കണം" കഴിഞ്ഞ ദിവസം തുർക്കി ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ വിങ്ങലടക്കിക്കൊണ്ട് കെൻഗിസ് പറഞ്ഞു. ഈസ്താംബുളിൽ ഗവേഷകയായ കെൻഗിസ് കഴിഞ്ഞ മേയിലാണ് സൗദി മാദ്ധ്യമപ്രവർത്തകർ പങ്കെടുത്ത സമ്മേളനത്തിൽ വച്ച് ഖഷോഗിയെ ആദ്യമായി കണ്ടത്. ചർച്ചയ്ക്കിടെ ഒരു ചോദ്യം ചോദിച്ചുകൊണ്ട് കെൻഗിസ് സംഭാഷണത്തിന് തുടക്കമിട്ടു. അത് പിന്നീട് സൗഹൃദവും പ്രണയവുമായി. 58 കാരനായ ഖഷോഗിയെ വിവാഹം ചെയ്യാൻ ഇരുപതു വയസിൽ താഴെ പ്രായമുള്ള കെൻഗിസിന് കഴി‌ഞ്ഞമാസം പിതാവ് അനുമതി നൽകി. ഒക്ടോബർ രണ്ടിന് ക്ലാസ് ഒഴിവാക്കി ഖഷോഗിക്കൊപ്പം കോൺസുലേറ്രിലേക്കുള്ള യാത്രയിൽ സംസാരിച്ചതൊക്കെയും ഭാവി ജീവിതത്തെ പറ്റിയായിരുന്നു.

എന്നാൽ പ്രതീക്ഷകളും സ്വപ്നങ്ങളുമായി കെൻഗിസ് കാത്തിരുന്നത് വെറുതേയായി.

''പറഞ്ഞറിയിക്കാൻ കഴിയാത്തത്രയും ഇരുട്ടിലാണിപ്പോൾ ജീവിതം"- അവർ പറയുന്നു. യു.എസിലേക്ക് ഡൊണാൾഡ് ട്രംപിന്റെ ക്ഷണം ലഭിച്ചെങ്കിലും അവർ നിരസിച്ചു. നീതി തേടി എത്ര ദൂരം പോകാനും തയ്യാറാണെന്നും അവർ വ്യക്തമാക്കുന്നു.