ന്യൂഡൽഹി: ഇന്ത്യൻ ഉപഭോക്താക്കൾക്ക് 5ജിയുടെ സവിശേഷതകൾ നേരിട്ട് മനസിലാക്കാനുള്ള ഫീൽഡ് ട്രയൽ സംഘടിപ്പിക്കാൻ സാംസംഗ് ഒരുങ്ങുന്നു. ടെലികോം മന്ത്രാലയത്തിന്റെ സഹകരണത്തോടെ അടുത്ത വർഷമാദ്യം ന്യൂഡൽഹിയിലായിരിക്കും ട്രയൽ. 5ജി പരീക്ഷണത്തിൽ സാംസംഗിന്റെ മുഖ്യ പങ്കാളി റിലയൻസ് ജിയോ ആണെന്ന് സാംസംഗ് ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റും നെറ്ര്‌വർക്ക് ബിസിനസ് മേധാവിയുമായ ശ്രീനിവാസൻ സുന്ദരരാജൻ പറഞ്ഞു.
ഉപഭോക്താക്കൾക്കായി 5ജി ഫീൽഡ് ട്രയൽ സംഘടിപ്പിക്കാൻ നോക്കിയ, ഹുവാവേ, സിസ്‌കോ, എറിക്‌സൺ തുടങ്ങിയ കമ്പനികളെയും ടെലികോം മന്ത്രാലയം സമീപിച്ചിട്ടുണ്ട്. ടെലികോം ഓപ്പറേറ്റർമാർക്ക് 5ജി സ്‌പെക്‌ട്രം ഉടൻ വിതരണം ചെയ്യാനും മന്ത്രാലയം ഉദ്ദേശിക്കുന്നുണ്ട്. ആഗോളതലത്തിൽ 150ഓളം 5ജി ഫീൽഡ് ട്രയലുകൾ ഇതിനകം സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യ ഇക്കാര്യത്തിൽ ഏറെ പിന്നിലാണെന്ന വിമർശനം ഉയർന്നത് പിന്നാലെയാണ് ട്രയൽ സംഘടിപ്പിക്കാനായി പ്രമുഖ കമ്പനികളെ കേന്ദ്രസർക്കാർ സമീപിച്ചത്. 5ജി ഫീൽഡ് ട്രയലിനായി പ്രത്യേക സമിതിയും കേന്ദ്രസർക്കാർ രൂപീകരിച്ചിട്ടുണ്ട്.
5ജി@അമേരിക്ക
റിലയൻസ് ജിയോയ്ക്ക് 4ജിയ്‌ക്കായുള്ള ഉപകരണങ്ങൾ ലഭ്യമാക്കിയ സാംസംഗ്, അമേരിക്കയിൽ വാണിജ്യാടിസ്ഥാനത്തിൽ 5ജി സേവനങ്ങൾ ലഭ്യമാക്കി കഴിഞ്ഞു. നെറ്ര്‌വർക്ക് ഓപ്പറേറ്റർമാരായ വെരിസോണുമായി ചേർന്നാണിത്. ഈവർഷം തന്നെ മാതൃരാജ്യമായ ദക്ഷിണ കൊറിയയിലും സാംസംഗ് 5ജി എത്തിക്കും. ഇന്ത്യയിൽ 2020ഓടെ 5ജി എത്തിയേക്കുമെന്നാണ് സൂചനകൾ.