ശിവഗിരി: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കോടതി ഉത്തരവിന്റെ പേരിൽ ഭക്തരുടെ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചാൽ അതിനെ എൻ.ഡി.എയും എസ്.എൻ.ഡി.പി യോഗവും ചേർന്ന് ഒറ്റക്കെട്ടായി ചെറുക്കുമെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ പറഞ്ഞു. ശ്രീനാരായണ ഗുരുദേവ മഹാസമാധി നവതി ആചരണത്തോടനുബന്ധിച്ചുള്ള മഹാമണ്ഡല പൂജ ശിവഗിരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ ബി.ജെ.പി ഭക്തർക്കൊപ്പമാണ്. വിശ്വാസം സംരക്ഷിക്കാൻ ഏതറ്റം വരേയും പോകാൻ ബി.ജെ.പി തയ്യാറാണ്. കേരളത്തിൽ ഇപ്പോഴുള്ളത് അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ്. ഭക്തരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്ന സ്ഥിതിവിശേഷം ഉണ്ടാകണം. സ്ത്രീ - പുരുഷ തുല്യത ആവശ്യമാണ്. ഇന്ത്യയിൽ പുരുഷന്മാർക്ക് പ്രവേശനം നിഷേധിച്ച നിരവധി ക്ഷേത്രങ്ങളുണ്ട്. സ്ത്രീയെയും പുരുഷനെയും ഒരുമിച്ച് ക്ഷേത്രത്തിൽ പ്രവേശിപ്പിച്ചല്ല ലിംഗ സമത്വം നടപ്പിലാക്കേണ്ടത് - അമിത് ഷാ പറഞ്ഞു.
മുഖ്യമന്ത്രി നടത്തുന്നത് തീക്കളിയാണ്. കോടതി വിധിയുടെ മറ പിടിച്ച് കേരളത്തെ സംഘർഷ ഭൂമിയാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ കാണിക്കാത്ത വ്യഗ്രതയാണ് സുപ്രീം കോടതി വിധി നടപ്പാക്കാൻ കേരള സർക്കാർ കാണിക്കുന്നത്. പല കോടതി വിധികളും നടപ്പാക്കാൻ ബാക്കിയുള്ളപ്പോഴാണ് തിടുക്കപ്പെട്ടുള്ള ഈ നീക്കം. ശബരിമല വിഷയത്തിൽ ആചാരവിധികൾ അതുപോലെ തന്നെ പിന്തുടരേണ്ടതുണ്ട്. അപ്രായോഗികമായ വിധികൾ പ്രഖ്യാപിക്കുന്നതിൽ നിന്നും കോടതികളും പിൻമാറണം. സ്ത്രീകൾക്ക് പ്രാധാന്യം നൽകുന്നതാണ് ഹൈന്ദവ സംസ്‌കാരം. ആയിരക്കണക്കിന് പ്രവർത്തകരെ അടിച്ചമർത്തുന്നതിലൂടെ സർക്കാർ സംഘർഷം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ അമ്മമാരും സഹോദരിമാരുമാണ് ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. അവരെ അറസ്റ്റ് ചെയ്യുകയും അവരുടെ അവകാശങ്ങളെ അടിച്ചമർത്തുകയും ചെയ്ത സർക്കാർ നടപടി ശരിയല്ലെന്നും അമിത് ഷാ പറഞ്ഞു. അയ്യപ്പഭക്തരെ അടിച്ചമർത്തി മുന്നോട്ട് പോകാമെന്ന് മുഖ്യമന്ത്രി കരുതരുത്. അങ്ങനെ വന്നാൽ സർക്കാരിനെ വലിച്ച് താഴെയിടാനും മടിക്കില്ലെന്നും ഷാ മുന്നറിയിപ്പ് നൽകി.