ന്യൂഡൽഹി: രാജ്യത്തെ 7 പാർലമെന്റ് അംഗങ്ങളും 199 നിയമസഭാ അംഗങ്ങളും തങ്ങളുടെ പാൻ (പെർമനന്റ് അക്കൗണ്ട് നമ്പർ) കാർഡ് വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോർട്ട്. 542 ലോക്‌സഭാ അംഗങ്ങളുടെയും 4086 നിയമസഭാ അംഗങ്ങളുടെയും പാൻ കാർഡ് വിവരങ്ങൾ ശേഖരിച്ച് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും നാഷണൽ ഇലക്‌ഷൻ വാച്ചും ചേർന്നാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും മത്സരിക്കുന്നതിന് മുമ്പ് സമർപ്പിക്കുന്ന നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം പാൻ കാർഡ് വിവരങ്ങൾ അടങ്ങിയ സത്യവാങ്മൂലവും നൽകണമെന്നാണ് ചട്ടം. എന്നാൽ കൂടുതൽ പേരും ഇവ സമർപ്പിക്കാൻ തയ്യാറായിട്ടില്ല. പാർട്ടി കണക്കിൽ കോൺഗ്രസും സംസ്ഥാന അടിസ്ഥാനത്തിൽ കേരളവുമാണ് ഇക്കാര്യത്തിൽ മുന്നിൽ നിൽക്കുന്നത്. 51 കോൺഗ്രസ് അംഗങ്ങളും 42 ബി.ജെ.പി അംഗങ്ങളും 25 സി.പി.എം അംഗങ്ങളും ഇതുവരെയും തങ്ങളുടെ പാൻ കാർഡ് വിവരങ്ങൾ സമർപ്പിച്ചിട്ടില്ല. 28 പേർ പാൻ കാർഡ് സമർപ്പിക്കാതിരുന്ന മിസോറാമും 19 പേരുള്ള മദ്ധ്യപ്രദേശുമാണ് തൊട്ടുപിന്നിൽ. 40 അംഗങ്ങളുള്ള മിസോറാം നിയമസഭയിലെ 28 പേരും തങ്ങളുടെ പാൻ കാർജ് വിവരങ്ങൾ സമർപ്പിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്.