ന്യൂഡൽഹി: ഇന്ത്യൻ ടെലികോം മേഖലയിൽ വൻ നിക്ഷേപം നടത്താൻ ഈ രംഗത്തെ മുൻനിര കമ്പനികൾ താത്പര്യം അറിയിച്ചതായി കേന്ദ്രമന്ത്രി മനോജ് സിൻഹ പറഞ്ഞു. ന്യൂഡൽഹിയിൽ ഇന്ത്യ മൊബൈൽ കോൺഗ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ മൊബൈൽ കോൺഗ്രസിലൂടെ 2,000 കോടി രൂപയുടെ നിക്ഷേപമാണ് കേന്ദ്രസർക്കാർ പ്രതീക്ഷിച്ചത്. എന്നാൽ 4,000 കോടി രൂപയുടെ നിക്ഷേപ സന്നദ്ധത ഇതിനകം വിവിധ കമ്പനികൾ അറിയിച്ചുവെന്ന് മന്ത്രി പറഞ്ഞു.
സാംസംഗ്, നോക്കിയ, ഇന്റൽ, എറിക്‌സൺ, സിസ്‌കോ, സ്‌റ്റെർലൈറ്റ് ടെക് എന്നിവയാണ് നിക്ഷേപതാത്പര്യം അറിയിച്ച പ്രമുഖ കമ്പനികൾ. പുതിയ നാഷണൽ ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ നയം അടുത്തിടെ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. അതിനുശേഷം ലഭിക്കുന്ന ആദ്യ നിക്ഷേപ പ്രൊപ്പോസലുകളാണ് ഈ കമ്പനികളുടേത്. 5ജി സേവനങ്ങളിലേക്ക് ചുവടുവയ്‌ക്കാൻ ഇന്ത്യ സജ്ജമായതിന്റെ തെളിവാണ് ഇന്ത്യ മൊബൈൽ കോൺഗ്രസിൽ നടന്ന ചർച്ചകളും ലഭിച്ച നിക്ഷേപ താത്പര്യങ്ങളുമെന്ന് മനോജ് സിൻഹ പറഞ്ഞു. ഇന്ത്യ മൊബൈൽ കോൺഗ്രസിലൂടെ പ്രഖ്യാപിക്കപ്പെട്ട നിക്ഷേപ പദ്ധതികൾ രണ്ടുവർഷത്തിനുള്ളിൽ പ്രാവർത്തികമാകുമെന്ന് കേന്ദ്ര ടെലികോം സെക്രട്ടറി അരുൺ സുന്ദരരാജൻ പറഞ്ഞു.