elephant

ഭുവനേശ്വർ: ഒഡിഷയിലെ കമലങ്ക ഗ്രാമത്തിന് സമീപം വൈദ്യുതാഘാതമേറ്റ് ഏഴ് കാട്ടാനകൾ ചരിഞ്ഞു. സാദർ വനപ്രദേശം വഴി കടന്നുപോവുകയായിരുന്ന ആനക്കൂട്ടം നെൽപ്പാടം കടക്കാൻ ശ്രമിക്കവെയാണ് 11 കെ.വി ലൈനിൽ നിന്ന് ഷോക്കേറ്റത്. പതിമ്മൂന്ന് ആനകളടങ്ങിയ സംഘത്തിലെ ഒരു കൊമ്പനും ആറ് പിടികളുമാണ് ചരിഞ്ഞത്. നാട്ടുകാരാണ് വനംവകുപ്പിനെ വിവരമറിയിച്ചത്. മൂന്ന് ആനകൾ റോഡിൽ വീണുകിടക്കുന്ന നിലയിലും നാലെണ്ണം പാടത്തെ കനാലിലുമായിരുന്നു. വന്യമൃഗങ്ങളുടെ സഞ്ചാരമേഖലയായതിനാൽ ഇവിടെ വൈദ്യുതലൈനുകൾ 17-18 അടി ഉയരത്തിലാവണമെന്ന് വൈദ്യുതവകുപ്പിന് നിർദ്ദേശം നൽകിയിരുന്നതായി വനംവകുപ്പ് അധികൃതർ അറിയിച്ചു. എന്നാൽ നിർദ്ദേശം പാലിക്കപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണറിപ്പോർട്ട്. ഇന്ത്യയിൽ ആനകൾ പ്രധാനമായും ചരിയുന്നത് വൈദ്യുതാഘാതമേറ്റാണെന്ന് പഠനങ്ങൾ പറയുന്നു.