nss

ചങ്ങനാശേരി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയിൽ നിലപാട് കടുപ്പിച്ച് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ രംഗത്ത്. നിരീശ്വരവാദം വളർത്താൻ സർക്കാർ‌ കപട മതേതരത്വം പ്രചരിപ്പിക്കുകയാണെന്ന് സുകുമാരൻ നായർ ആരോപിച്ചു. സർക്കാരിന്റെ ഭീഷണി വകവെക്കില്ലെന്നും ഭക്തരെ അറസ്റ്റ് ചെയ്തത് കൊണ്ട് മനോവീര്യം കെടുത്താനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'നാമജപ ഘോഷയാത്രയിൽ പങ്കെടുത്തവർക്കെതിരെ കേസെടുത്ത് അവരുടെ മനോവീര്യം തകർക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെ പുന:പരിശോധന ഹർജി സമർപ്പിക്കേണ്ടത് ദേവസ്വം ബോർഡായിരുന്നു. അത് അവർ ചെയ്തില്ല'- സുകുമാരൻ നായർ പറഞ്ഞു. നവംബർ 13 ന് കോടതിയിൽ നിന്ന് അനുകൂല വിധിയാണ് പ്രതീക്ഷിക്കുന്നതെന്നും മറിച്ചാണെങ്കിൽ ശക്തമായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമല വിഷയത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുകുമാരൻ നായർ നേരത്തെ രംഗത്തെത്തിയിരുന്നു. ദേവസ്വം ബോർഡിനെ ചട്ടുകമാക്കി വിശ്വാസത്തെ സർക്കാർ തകർക്കുകയാണെന്ന് സുകുമാരൻ നായർ അന്ന് ആരോപിച്ചിരുന്നു.