sirisena

കൊളംബോ:ശ്രീലങ്കയിൽ മൂന്ന് വർഷം മുൻപ് ഇന്ത്യാ വിരോധിയായിരുന്ന പ്രസി‌ഡന്റ് മഹിന്ദ രാജപക്സെയെ കാലുവാരിയാണ് അദ്ദേഹത്തിന്റെ മന്ത്രിസഭയിൽ അംഗമായിരുന്ന മൈത്രിപാല സിരിസേന അടുത്ത തിരഞ്ഞെടുപ്പിൽ പ്രസി‌ഡന്റായത്. റനിൽ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷണൽ പാർട്ടിയുമായി സഖ്യമുണ്ടാക്കി സിരിസേന പുതിയ സർക്കാരുണ്ടാക്കി. വിക്രമസിംഗെയെ പ്രധാനമന്ത്രിയുമാക്കി. ഇപ്പോൾ തന്റെ പാർട്ടിയായ യുണൈറ്റഡ് പീപ്പിൾസ് ഫ്രീഡം അലയൻസിന്റെ പിന്തുണ പിൻവലിച്ച സിരിസേന വിക്രമസിംഗെയെ പുറത്താക്കി രാജപക്സെയെ തിരിച്ചുകൊണ്ടുവന്ന് പ്രധാനമന്ത്രിയാക്കി. ലങ്കൻ രാഷ്‌ട്രീയത്തിൽ സിരിസേന എന്ന മിത്രവും ശത്രുവവും ഒരുപോലെ തെളിഞ്ഞു വന്നിരിക്കുന്നു. വിക്രമസിംഗെയെ പുറത്താക്കാൻ സിരിസേനയെ പെട്ടെന്ന് പ്രകോപിപ്പിച്ചത് മൂന്ന് സമീപകാല സംഭവങ്ങളാണ്.

ഒന്ന്:ഒരു പ്രസ്താവന

രണ്ട്:ഒരു നിഷേധം

മൂന്ന്:ഒരു പത്രസമ്മേളനം

ഇന്ത്യാ സന്ദർശനത്തിന് വന്ന റനിൽ വിക്രമസിംഗെ 20ന് ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം പ്രസിഡന്റ് സിരിസേനയെ ഉന്നമിട്ടു നടത്തിയതാണ് പ്രസ്‌താവന. ശ്രീലങ്കയിലെ ഇന്ത്യൻ പദ്ധതികൾ വൈകാൻ കാരണക്കാരൻ പ്രസിഡന്റാണെന്നായിരുന്നു വിക്രമസിംഗെ പറഞ്ഞത്.

നിഷേധം: ശ്രീലങ്കൻ സുപ്രീംകോടതിയിലേക്കും അപ്പീൽ കോടതിയിലേക്കും സിരിസേന നോമിനേറ്റ് ചെയ്ത രണ്ട് പേരെ വ്യാഴാഴ്ച പത്തംഗ ഭരണഘടനാ കൗൺസിൽ നിഷേച്ചതും അദ്ദേഹത്തെ ചൊടിപ്പിച്ചു.

.ഇന്ത്യൻ സഹായത്തോടെ തന്നെ വകവരുത്താൻ വിക്രമസിംഗെ ശ്രമിക്കുന്നതായും ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസി ‘റോ’യിലെ മലയാളി മുഖേനയാണ് വധിക്കാൻ ശ്രമിക്കുന്നതെന്നും സിരിസേന ആരോപിച്ചിരുന്നു. ഇതേപറ്റി വെള്ളിയാഴ്ച ശ്രീലങ്കൻ പൊലീസ് നടത്തിയതാണ് പത്രമ്മേളനം. വധഗൂഢാലോചനയെ പറ്റി തനിക്കറിയാമെന്ന് പൊലീസിന്റെ ഒറ്റുകാരനായ നമൽ കുമാര അവകാശപ്പെട്ടിരുന്നു.ഇതിന് തെളിവൊന്നും ഇല്ലെന്ന് പറഞ്ഞ് പത്രസമ്മേളനത്തിൽ പൊലീസ് വക്താവ് അത് നിസാരമായി തള്ളി.പ്രസിഡന്റിന്റെ ജീവന് ഭീഷണിയുണ്ടായിട്ടും ഗവൺമെന്റ് വിലകൽപ്പിച്ചില്ലെന്ന് സിരിസേനയ്‌ക്ക് പരാതിയുണ്ടത്രേ.

മാദ്ധ്യമ ഏറ്റെടുക്കൽ

അതിനിടെ, സർക്കാർ ഉടമസ്ഥതയിലുള്ള ലേക് ഹൗസ് മാദ്ധ്യമ ശൃംഖല രാജപക്സെയുടെ പിന്തുണയുള്ള ട്രേഡ്‌യൂണിയനായ ശ്രീലങ്ക പൊതുജന പെരമുന ഏറ്റെടുത്തു.യു.എൻ. പി. സർക്കാരിന്റെ മാദ്ധ്യമ മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലായിരുന്നു ഈ മാദ്ധ്യമ ഗ്രൂപ്പ്. ഗവൺമെന്റ് ടെലിവിഷനായ രൂപവാഹിനിയുടെ നിയന്ത്രണവും കഴിഞ്ഞ ദിവസം വിക്രമസിംഗെ സർക്കാരിന് നഷ്ടമായിരുന്നു. മാദ്ധ്യമ മന്ത്രി മംഗള സമരവീര ഉൾപ്പെടെ മൂന്ന് മന്ത്രിമാർ ലൈവ് പ്രോഗ്രാമിന് ഒരുങ്ങുമ്പോൾ പൊടുന്നനെ സംപ്രേഷണം നിലച്ചിരുന്നു.