തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവുണ്ടായിട്ടും സംസ്ഥാനത്തെ വിവിധ ആംഡ് റിസർവ് ക്യാമ്പുകളിലെ പൊലീസുകാർക്ക് അന്തർജില്ലാ സ്ഥലം മാറ്രം നിഷേധിക്കുന്നതായി പരാതി. ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അനുകൂലമാണെങ്കിലും ഉത്തരവ് നടപ്പിലാക്കാത്തത് ഒരു സെക്ഷൻ ഓഫീസറാണെന്ന് പൊലീസുകാർ കുറ്റപ്പെടുത്തുന്നു. ഒരു മാസത്തിനുള്ളിൽ ഉത്തരവ് നടപ്പിലാക്കാനാണ് കോടതി ആവശ്യപ്പെട്ടത്. എന്നാൽ അതിന് മുമ്പ് ശബരിമല ഡ്യൂട്ടിക്ക് ജീവനക്കാരെ നിയോഗിക്കാനാണ് നീക്കം. ഇതോടെ ജനുവരി കഴിഞ്ഞാൽ മാത്രമേ പലർക്കും സ്വന്തം ജില്ലയിലേക്ക് സ്ഥലം മാറ്രം കിട്ടൂ. ഇതോടെ ഇവരുടെ സീനിയോറിറ്രിയും നഷ്ടപ്പെടും.
2010 ഏപ്രിൽ ഒന്നുമുതലാണ് സംസ്ഥാനത്തെ പൊലീസുകാരെ ജനറൽ എക്സിക്യൂട്ടീവ് ,ആംഡ് പൊലീസ് എന്നിങ്ങനെ രണ്ടായി തിരിച്ചത്. മൂന്നാമത്തെ വിഭാഗമായി നേരത്തെയുണ്ടായിരുന്ന ജില്ലാ ആംഡ് റിസർവ് പൊലീസിനെ രേഖകളിൽ നിന്നൊഴിവാക്കുകയും ചെയ്തു. 2010 മാർച്ച് 31ന് മുമ്പായി എ.ആർ ക്യാമ്പുകളിലുള്ളവർക്ക് ലോക്കൽ പൊലീസിലേക്കോ ആംഡ് പൊലീസിലേക്കോ മാറണമായിരുന്നു. ലോക്കലിലേക്ക് മാറിയാൽ സ്വന്തം ജില്ലയിലേക്ക് വരാൻ വൈകുമെന്നതിനാലാണ് ഇവർ ആംഡ് ഫോഴ്സിൽ തുടർന്നത്. 2010ന് മാർച്ച് 31 ന് മുമ്പ് എ.ആർ ക്യാമ്പിൽ ഉണ്ടായിരുന്നവർക്ക് സ്വന്തം ജില്ലയിലെ ആംഡ് പൊലീസിലേക്ക് സ്ഥലം മാറാൻ വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ അഞ്ചുവർഷം പൂർത്തിയാക്കിയവർക്ക് മാത്രമേ അന്തർജില്ലാ സ്ഥലം മാറ്രം നൽകൂ എന്ന് പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലെ ജീവനക്കാർ നിർബന്ധം പിടിച്ചതായി പൊലീസുകാർ ആരോപിക്കുന്നു.
അഞ്ചുവർഷം പൂർത്തിയായവർക്കും അല്ലാത്തവർക്കും നൽകണമെന്ന് 2011ൽ ബാലസുബ്രഹ്മണ്യം ഡി.ജി.പിയായിരിക്കേ നൽകിയ ഉത്തരവ് പൊലീസുകാർ ചൂണ്ടിക്കാട്ടിയിട്ടും സ്ഥലംമാറ്രം നൽകിയില്ലെന്നാണ് ആരോപണം. തുടർന്നാണ് കോടതിയെ സമീപിച്ചത്. എന്നാൽ, കോടതി ഉത്തരവുണ്ടായിട്ടും നടപ്പിലാക്കുന്നില്ലെന്നാണ് പൊലീസുകാരുടെ പരാതി. ഉത്തരവ് നടപ്പിലാക്കിയില്ലെങ്കിൽ കോടതിയലക്ഷ്യ ഹർജി നൽകാനാണ് പൊലീസുകാരുടെ നീക്കമെന്നും സൂചനയുണ്ട്.