-amit-shah

തിരുവനന്തപുരം: ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ കണ്ണൂർ വിമനത്താവളത്തിൽ ഇറങ്ങിയ സംഭവത്തിൽ വിമർശനവുമായി വി.ടി ബൽറാം എം.എൽ.എ. ഔപചാരിക ഉദ്ഘാടനം നടക്കാത്ത ഒരു അന്തർദേശീയ വിമാനത്താവളത്തിൽ കാര്യമായ ഭരണഘടനാ പദവികളൊന്നും വഹിക്കാത്ത ഒരു രാഷ്ട്രീയ നേതാവിന്റെ ചാർട്ടേഡ് വിമാനത്തിന് ഇറങ്ങാനനുമതി നൽകിയ കേന്ദ്ര വ്യോമയാന വകുപ്പ് നഗ്നമായ അധികാര ദുർവ്വിനിയോഗവും ഫെഡറൽ മര്യാദകളുടെ ലംഘനവുമാണ് നടത്തിയിരിക്കുന്നതെന്ന് വി.ടി ബൽറാം പറഞ്ഞു. കേരളത്തെ തന്നെയാണ് ഇതിലൂടെ നരേന്ദ്ര മോദി സർക്കാർ അപമാനിച്ചിരിക്കുന്നതെന്നും സംസ്ഥാന സർക്കാരിന് ഇതേ കുറിച്ച് മുന്നറിയിപ്പ് കിട്ടിയിരുന്നോ എന്ന് വ്യക്തമാക്കേണ്ടതുണ്ടെന്നും ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

രാജ്യസഭാംഗം അമിത് ഷാ കണ്ണൂർ വിമാനത്താവളം 'ഉദ്ഘാടനം' ചെയ്തുവെന്നത് ആശ്ചര്യകരമാണ്. ഔപചാരിക ഉദ്ഘാടനം നടക്കാത്ത ഒരു അന്തർദേശീയ വിമാനത്താവളത്തിൽ കാര്യമായ ഭരണഘടനാ പദവികളൊന്നും വഹിക്കാത്ത ഒരു രാഷ്ട്രീയ നേതാവിന്റെ ചാർട്ടേഡ് വിമാനത്തിന് ഇറങ്ങാനുമതി നൽകിയ കേന്ദ്ര വ്യോമയാന വകുപ്പ് നഗ്നമായ അധികാര ദുർവ്വിനിയോഗവും ഫെഡറൽ മര്യാദകളുടെ ലംഘനവുമാണ് നടത്തിയിരിക്കുന്നത്. കേരളത്തെത്തന്നെയാണ് ഇതിലൂടെ നരേന്ദ്ര മോഡി സർക്കാർ അവഹേളിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിന് ഇതേക്കുറിച്ച് മുന്നറിയിപ്പ് കിട്ടിയിരുന്നോ എന്നത് വ്യക്തമാക്കപ്പെടേണ്ടതുണ്ട്.

കണ്ണൂർ ജില്ലക്കാരൻ കൂടിയായ കേരള മുഖ്യമന്ത്രി പിണറായി വിജയൻ അമിത് ഷായുടെ രാഷ്ട്രീയ പരാമർശങ്ങൾക്ക് മറുപടി പറയുന്ന തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വിമാനത്താവള ദുരുപയോഗത്തെക്കുറിച്ച് ഒരക്ഷരം ഉരിയാടാൻ തയ്യാറാവാത്തത് നിരാശാജനകമാണ്. വി ടി ബൽറാം എന്ന പ്രതിപക്ഷ എംഎൽഎ ഒരിക്കൽ അഭിപ്രായം പറഞ്ഞ വിഷയത്തിൽ വീണ്ടും വീണ്ടും അഭിപ്രായം പറയാത്തതെന്തേ എന്ന് ദിവസേന ചോദിച്ചു കൊണ്ടിരുന്ന മാധ്യമ പ്രവർത്തകരടക്കമുള്ള സിപിഎം ബുദ്ധിജീവികൾ സംസ്ഥാന ഭരണത്തലവന്റെ ഈ മൗനത്തേക്കുറിച്ച് ചോദ്യങ്ങളുന്നയിക്കുമെന്നും ''കടക്ക് പുറത്ത്" എന്നതല്ലാത്ത എന്തെങ്കിലും ഉത്തരം ലഭിക്കുകയാണെങ്കിൽ അത് പൊതുജനസമക്ഷം അറിയിക്കുമെന്നും പ്രതീക്ഷിക്കുന്നു.