റിയാദ്: മാദ്ധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ മരണത്തിന് ഉത്തരവാദികളായവരെ സൗദി ശിക്ഷിക്കുമെന്ന് വിദേശകാര്യമന്ത്രി അദെൽ അൽ-ജുബൈർ പറഞ്ഞു. കുറ്റവാളികളെ തങ്ങൾക്ക് വിട്ടുതരണമെന്ന തുർക്കിയുടെ ആവശ്യം നിരസിച്ചുകൊണ്ടാണ് സൗദിയുടെ മറുപടി. ''കൊലപാതകത്തിനു പിന്നിലുള്ളവർ സൗദി പൗരൻമാരാണ്. അവരെ അറസ്റ്റുചെയ്യേണ്ടത് സൗദിയാണ്. അന്വേഷണം നടക്കുന്നത് സൗദിയിലാണ്. അതിനാൽ ശിക്ഷ നടപ്പാക്കുന്നതും സൗദി ആയിരിക്കും" - അദെൽ അൽ-ജുബൈർ വ്യക്തമാക്കി. കൊല നടന്നത് ഈസ്താംബുളിലെ സൗദി കോൺസുലേറ്റിൽ വച്ചായതിനാൽ കുറ്റവാളികളായ 18 പേരെയും തങ്ങൾക്ക് വിട്ടുനൽകണമെന്ന് തുർക്കി പ്രസിഡന്റ് റിസെപ് തയ്യിപ് എർദോഗൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. കൊല നടന്ന് മൂന്നാഴ്ച പിന്നിട്ടും മൃതദേഹം എവിടെ സംസ്കരിച്ചെന്ന ചോദ്യത്തിന് സൗദി മറുപടി നൽകിയിട്ടില്ല. എന്നാൽ കൊലപാതകം ആസൂത്രിതമായിരുന്നെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് ഇക്കാര്യത്തിൽ പങ്കില്ലെന്നും കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു.