തിരുവനന്തപുരം: സീനിയർ ആൺകുട്ടികളുടെ പോൾവാൾട്ടിൽ 4.30 മീറ്റർ ചാടി സെന്റ് ജോർജിലെ പ്ലസ് ടൂ വിദ്യാർത്ഥികളായ സിദ്ധാർത്ഥും അനീഷ് മധുവും ഒന്നാം സ്ഥാനം പങ്കിട്ടു. അവസാന ശ്രമത്തിൽ അനീഷ് മധുവിന് പിറ്റിലേക്ക് വീണ് കാലിന് പരിക്കേൽക്കുകയും ചെയ്തു. 2016 സ്കൂൾ കായിക മേളയിലെ സബ് ജൂനിയർ വിഭാഗം പോൾവാൾട്ടിലെ അനീഷിന്റെ റെക്കോഡ് ഈ കായികമേളയിൽ മുഹമ്മദ് ബാസിൽ തകർത്തിരുന്നു. സിദ്ധാർത്ഥിന്റെ ആദ്യ മെഡലാണ് ഇത്.
ആറ് വർഷമായി പോൾവാൾട്ട് പരിശീലിക്കുന്ന അനീഷ് കട്ടപ്പന വണ്ടൻമേട് ചേറ്റുകുഴി സ്വദേശികളായ കർഷക ദമ്പതികളുടെ മധുവിന്റേയും സ്വപ്നയുടേയും മകനാണ്.അച്ഛന്റേയും അമ്മയുടേയും ആഗ്രഹം യാഥാർത്ഥ്യമാക്കിയതിന്റെ സന്തോഷത്തിലാണ് അനീഷ്.
കണ്ണൂർ പയ്യന്നൂർ സ്വദേശിയായ സിദ്ധാർത്ഥ് വർക്ക്ഷോപ്പ് ജീവനക്കാരനായ സതീശന്റേയും ദീപയുടേയും മകനാണ്. പരിക്കു മൂലം കഴിഞ്ഞ വർഷത്തെ കായിക മേളയിൽ സിദ്ധാർത്ഥിന് സാധിച്ചിരുന്നില്ല. ഇക്കുറി മെഡൽ നേടി ആ സങ്കടം സന്തോഷമാക്കി മാറ്റി.
കോതമംഗലം സെന്റ് ജോർജ് സ്കൂളിലെ അഖിലാണ് ഇരുവരുടേയും പരിശീലകൻ. പ്ലസ് ടൂ വിദ്യാർത്ഥികളായ ഇവരുടെ അവസാനത്തെ സംസ്ഥാന സ്കൂൾ കായിക മേളയാണ് ഇത്. വരുന്ന ദേശീയ സ്കൂൾ കായിക മേളയ്ക്കായുള്ള തയ്യാറെടുപ്പിലാണ് ഇരുവരും.