state-school-meet
state school meet

ആൻസി സോജൻ പെൺകുട്ടികളിൽ വേഗമേറിയതാരം

തിരുവനന്തപുരം: യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലെ സിന്തറ്റിക്ക് ട്രാക്കിൽ മിന്നൽപ്പിണറായി കുതിച്ച് പാഞ്ഞ് തിരുവനന്തപുരം സായിയിലെ സി.അഭിനവ് അറുപത്തി രണ്ടാം സംസ്ഥാന സ്കൂൾ കായികമേളയിലെ വേഗമേറിയ താരമായി. മീറ്റിലെ ഏറ്രവും ഗ്ലാമർ പോരാട്ടമായ 100 മീറ്ററിൽ സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ 10.97 സെക്കന്റിലാണ് അഭിനവിന്റെ അതിവേഗ ഫിനിഷ്.കഴിഞ്ഞ വർഷം ജൂനിയർ തലത്തിലെ വേഗമേറിയതാരമായിരുന്നു അഭിനനവ്. തുണ്ടത്തിൽ മാധവവിലാസം ഹയർസെക്കൻഡറി സ്കൂളിലെ പന്ത്രണ്ടാംക്ലാസ് വിദ്യാർത്ഥിയായ അഭിനവ് തിരുവനന്തപുരം സായ്‌യിലെ കോച്ച് പീസിന്റെ കീഴിലാണ് പരിശീലനം നടത്തുന്നത്. കണ്ണൂർ ഇരിക്കൂർ പള്ളിപ്പാറ വീട്ടിൽ രത്നാകരന്റെയും റീഷയുടെയും മകനാണ് അഭിനവ്. അശ്വിനാണ് സഹോദരൻ. തിരുവനന്തപുരം സായിയിലെ തന്നെ കെ.ബിജിത്താണ് 11.09 സെക്കന്റിൽ ഓടിയെത്തി രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. കോഴിക്കോട് പുല്ലൂരാംപാറ സെന്റ്.ജോസഫ് എച്ച്.എസിലെ എ.സി. അരുൺ (11.28 സെക്കന്റ്)​ മൂന്നാം സ്ഥാനം നേടി.

സൂപ്പർതാരങ്ങൾ അണിനിരന്ന സീനിയർ പെൺകുട്ടികളുടെ നൂറ് മീറ്ററിൽ തൃശൂർ നാട്ടിക ഫിഷറീസ് സ്കൂളിലെ ആൻസി സോജൻ 12.26 സെക്കന്റിൽ ഫിനിഷ് ലൈൻ കടന്ന് സുവർണതാരമായി. കടയ്ക്കാശ്ശേരി ഐഡിയൽ ഇ.എച്ച്.എസ്.എസിലെ പി.എസ്. പ്രഭാവതി (12.28 സെക്കന്റ്)​ വെള്ളിനേടി. ആദ്യദിനം ലോംഗ് ജമ്പിൽ തന്നെ പിന്തള്ളി ഒന്നാം സ്ഥാനം നേടിയ പ്രഭാവതിയോടുള്ള പ്രതികാരം കൂടിയായി ആൻസിക്ക് നൂറ് മീറ്രർ പോരാട്ടം. 100 മീറ്രർ ഹർഡിൽസിൽ ആദ്യ ദിനം ഒന്നാം സ്ഥാനത്തെത്തിയ പുല്ലൂരാംപാറ സെന്റ്.ജോസഫ് എച്ച്.എസ്.എസിലെ അപർണ റോയിക്ക് (12.52 സെക്കന്റ്)​ പക്ഷേ നൂറ് മീറ്ററിൽ മൂന്നാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

ജൂനിയർ ആൺകുട്ടികളുടെ നൂറ് മീറ്ററിൽ തൃശൂർ കോൺകോർഡ് ഇംഗ്ലീഷ് സ്കൂൾ പന്നിത്തടത്തിലെ വി.എം. മുഹമ്മദ് സജീവൻ 11.26 സെക്കന്റിൽ ഫിനിഷ് ചെയ്ത് ഒന്നാമനായി. പാലക്കാട് മാത്തൂർ സ്കൂളിലെ സി.ആർ.അബ്ദുൽ റസാക്ക് ( 11.36 സെക്കന്റ് )​ രണ്ടാംസ്ഥാനവും തിരുവനന്തപുരം സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ ജെ. അഭിജിത്ത് (11.39 സെക്കന്റ് )​ മൂന്നാം സ്ഥാനവും നേടി.

ജൂനിയർ പെൺകുട്ടികളിൽ മേഴ്സിക്കുട്ടൻ അക്കാഡമിയിലെ എ.എസ്. സാന്ദ്ര 12.65 സെക്കന്റിൽ ഫിനിഷ് ലൈൻകടന്ന് വേഗപ്പറവയായി. കോട്ടയം ഭരണങ്ങാനം സ്പോർട്സ് കൗൺസിൽ ഹോസ്റ്റലിലെ ആൻറോസ് ടോമി (12.75 സെക്കന്റ്)​ രണ്ടാം സ്ഥാനവും സായ് തലശ്ശേരിയിലെ അനു ജോസഫ് (12.98 സെക്കന്റ്)​ മൂന്നാം സ്ഥാനവും നേടി.

സബ് ജൂനിയർ‌ ആൺകുട്ടികളുടെ നൂറ് മീറ്ററിൽ കോതമംഗലം സെന്റ് ജോർജ് സ്കൂളിലെ മുക്താർ ഹസനാണ് (12.28 സെക്കന്റ്)​ഒന്നാമതെത്തിയത്. സെന്റ് ജോർജിലെ തന്നെ മുഹമ്മദ് സഹിദുർ റഹ്മാൻ (12.27 സെക്കന്റ്)​ രണ്ടാമതെത്തി. അർത്തുങ്കൽ എസ്.എഫ്.എ എച്ച്.എസ്.എസിലെ അബിൻ കെ. ദാസ് (12.51 സെക്കന്റ്)​ മൂന്നാമതെത്തി.

സബ്‌ജൂനിയർ പെൺകുട്ടികളിൽ കൊല്ലം സായ്‌യിലെ സ്‌നേഹ ജേക്കബ് (13.51 സെക്കന്റ്)​ സുവർണ ഫിനിഷ് നടത്തിയപ്പോൾ പാലക്കാട് ബി.ഇ.എം.എച്ച്.എസ്.എസിലെ എസ്. കീർത്തി (13.69 സെക്കന്റ്)​ രണ്ടാമതും എറണാകുളം സെന്റ് തോമസ് ഗേൾസ് എച്ച്.എസ് പെരുമണ്ണൂരിലെ ആനീറ്ര മരിയ ജോൺ (13.75 സെക്കന്റ്)​ മൂന്നാമതും ഫിനിഷ് ചെയ്തു.

സീനിയർ ആൺകുട്ടികൾ - സി.അഭിനവ് - 10.97 സെക്കന്റ്

സീനിയർ പെൺകുട്ടികൾ - ആൻസി സോജൻ - 12.26 സെക്കന്റ്

ജൂനിയർ ആൺകുട്ടികൾ - വി.എം. മുഹമ്മദ് സജീവൻ -11.26 സെക്കന്റ്

ജൂനിയർ പെൺകുട്ടികൾ - എ.എസ്. സാന്ദ്ര 12.65 സെക്കന്റ് -  12.65 സെക്കന്റ്

സബ് ജൂനിയർ ആൺകുട്ടികൾ - മുക്താർ ഹസൻ - 12.28 സെക്കന്റ്

സബ്ജൂനിയർ പെൺകുട്ടികൾ - സ്‌നേഹ ജേക്കബ് - 13.51 സെക്കന്റ്