amit-shah

1. ശബരിമല വിഷയത്തിൽ പോർമുഖം തുറന്ന് സി.പി.എമ്മും ബി.ജെ.പിയും. അയ്യപ്പഭക്തരുടെ അവകാശങ്ങൾ സർക്കാർ അടിച്ചമർത്തുന്നു എന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ. പിണറായിക്ക് ഒരു നിമിഷം പോലും മുഖ്യമന്ത്രി ആയിരിക്കാൻ അവകാശമില്ല. കോടതികൾ അപ്രായോഗിക നിർദ്ദേശങ്ങൾ നൽകുന്നത് ഒഴിവാക്കണം. സ്ത്രീ പുരുഷ സമത്വം നടപ്പാക്കേണ്ടത് ക്ഷേത്രദർശനത്തിലൂടെ അല്ല. കേരളത്തിൽ ഇപ്പോൾ ഉള്ളത് അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം എന്നും ബി.ജെ.പി ദേശീയ അധ്യക്ഷൻ


2. എന്നാൽ അമിത് ഷായുടെ പ്രസ്താവന സുപ്രീംകോടതി വിധിക്ക് എതിരെന്ന് മുഖ്യമന്ത്രി. മൗലികാവകാശങ്ങൾ നടപ്പാക്കാനുള്ളതല്ല എന്ന സന്ദേശമാണ് ഷാ നൽകുന്നത്. സർക്കാരിനെ വീഴ്ത്തുമെന്ന പരാമർശം ജനവിധിയെ അട്ടിമറിക്കുന്നതാണ്. ബി.ജെ.പിയുടെ ദാക്ഷിണ്യത്തിൽ വന്ന സർക്കാരല്ല കേരളത്തിലേത് എന്നും പിണറായി വിജയൻ


3. അമിത് ഷായുടെ പ്രസംഗം വർഗീയത ആളിക്കത്തിക്കുന്നത് എന്ന് രമേശ് ചെന്നിത്തല. ശബരിമല പ്രശ്നത്തെ സങ്കീർണ്ണമാക്കാനാണ് ഇവർ ശ്രമിക്കുന്നത്. കേരളത്തിന്റെ മതേതര മനസ് തകർക്കാനാണ് അമിത് ഷായുടേയും മുഖ്യമന്ത്രിയുടേയും ശ്രമമെന്നും പ്രതിപക്ഷ നേതാവ്


4. സ്വാമി സന്ദീപാനന്ദ ഗിരിയുടെ തിരുവനന്തപുരത്തെ ആശ്രമം കത്തിച്ച സംഭവത്തിൽ പ്രതിയെ കുറിച്ച് സൂചന. രാത്രി രണ്ട് മണിയോടെ ആശ്രമ പരിസരത്ത് നിന്ന് ഒരാൾ ഓടിപ്പോകുന്ന ദൃശ്യങ്ങൾ സി.സി.ടിവിയിൽ. ആശ്രമത്തിന് സമീപത്തെ ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നു. സംഭത്തിൽ കന്റോൺമെന്റ് എ.സി.പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തുന്നു. സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിൽ അതിക്രമിച്ചുകടന്ന അജ്ഞാത സംഘം നിറുത്തിയിട്ടിരുന്ന രണ്ടു കാറുകളും സ്‌കൂട്ടറും കത്തിച്ചിരുന്നു.


5. അക്രമത്തിന് ശേഷം ആശ്രമത്തിന് മുന്നിൽ റീത്ത് വച്ചു. ആക്രമണത്തിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളയ്ക്കും താഴമൺ കുടുംബത്തിനും പന്തളം കൊട്ടാരത്തിനും ഉത്തരവാദിത്തം ഉണ്ടെന്ന് സന്ദീപാനന്ദ ഗിരി. സത്യം വിളിച്ചുപറയുന്നവരെ ഉൻമൂലനം ചെയ്യാനാണ് അക്രമികളുടെ ലക്ഷ്യം എന്നും പ്രതികരണം. സംഭവത്തിൽ കർശന നടപടി എന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്ര. ആക്രമണം നടന്ന കുണ്ടമൺകടവിലെ സന്ദീപാനന്ദ ഗിരിയുടെ വീട് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു.


6. സന്ദീപാനന്ദയെ വധിക്കാൻ ശ്രമം നടന്നു എന്ന് മുഖ്യമന്ത്രി. കുറ്റവാളികളെ പിടികൂടും. അക്രമം ഹീനമായ ഗൂഢാലോചനയുടെ ഭാഗം എന്നും പിണറായി വിജയൻ. ആശ്രമം തകർത്തതിൽ വ്യാപക പ്രതിഷേധം. ആക്രമണം അപലപനീയം എന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. അക്രമികൾ ലക്ഷ്യം വെച്ചത് സ്വാമി സന്ദീപാനന്ദ ഗിരിയെ തന്നെയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ആക്രമണം ഗൂഡാലോചന എന്ന് ബി.ജെ.പി. ആശ്രമം പുനർ നിർമ്മിക്കാൻ സഹായം നൽകും എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ


7. ചത്തീസ്ഗഢിൽ വീണ്ടും മാവോയിസ്റ്റ് ആക്രമണം. ബിജാപൂർ ജില്ലയിൽ സി.ആർ.പി.എഫ് വാഹനവ്യൂഹത്തിനു നേരെ നടന്ന കുഴിബോബ് സ്‌ഫോടനത്തിൽ നാലു സൈനികർ കൊല്ലപ്പെട്ടു. രണ്ടുപേർക്ക് പരിക്ക്. മാവോയിസ്റ്റ് സാന്നിധ്യമേഖലയായ ബിജാപൂർ ജില്ലയിൽ നവംബർ 12ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആക്രമണം. സംഭവത്തെ തുടർന്ന് മേഖലയിൽ തിരച്ചിൽ ഊർജ്ജിതമാക്കി സൈന്യം


8. ശബരിമല സംഘർഷത്തിൽ അറസ്റ്റ് തുടർന്ന് പൊലീസ്. അക്രമ സംഭവങ്ങളിൽ ഇത് വരെ അറസ്റ്റിലായത് 2825 പേർ. 495 കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തു. നാമജപ യാത്രയിൽ പങ്കെടുത്ത സ്ത്രീകൾക്ക് എതിരെ കേസ് വേണ്ടെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്ര. ജാമ്യമില്ലാ വകുപ്പ് അക്രമ സംഭവങ്ങളിൽ നേരിട്ട് പങ്കെടുത്തവർക്ക് എതിരെ മാത്രം മതി എന്നും ഡി.ജി.പിയുടെ നിർദ്ദേശം. ഇന്നലെ മാത്രം 764 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.


9. ശബരിമല സംഘർഷത്തിലെ പൊലീസ് നടപടി തുടരുന്നത് ഇന്നലെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചതിന് പിന്നാലെ. സർക്കാർ പൊലീസ് ഗ്യാലറികൾക്ക് വേണ്ടി കളിക്കരുത്. അക്രമങ്ങളിലെ പങ്കാളിത്തം ഉറപ്പായാലേ അറസ്റ്റ് പാടുള്ളൂ എന്നും കോടതി നിർദ്ദേശിച്ചിരുന്നു. തെറ്റ് ചെയ്യാത്തവരെ അറസ്റ്റ് ചെയ്താൽ വലിയ വില നൽകേണ്ടി വരും എന്നും കോടതിയുടെ മുന്നറിയിപ്പ്. അതേസമയം, മണ്ഡലകാലത്ത് ശബരിമലയിൽ 2500 പൊലീസുകാരെ നിയോഗിക്കാൻ സർക്കാർ നീക്കം. സുരക്ഷാ പ്രശ്നങ്ങൾ തടയുന്നതിനായി ശബരിമലയിലേക്കുള്ള വഴികൾ അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചു.


10. രാഷ്ട്രീയ അട്ടിമറി നേരിട്ട ലങ്കയിൽ നാടകീയ നീക്കങ്ങൾക്ക് തുടർച്ച. മുൻ പ്രധാനമന്ത്രി മഹീന്ദ രാജ്പക്‌സെ തുടർ ഭരണമേറ്റെടുത്തതിനു പിന്നാലെ പാർലമെന്റ് മരവിപ്പിച്ച് പ്രസിഡന്റ് മൈത്രിപാല സിരിസേന. നവംബർ 16 വരെ എല്ലാ സമ്മേളനങ്ങളും നിറുത്തിവയ്ക്കാൻ ഉത്തരവ്. വാർഷിക ബഡ്ജറ്റിനായുള്ള ശ്രീലങ്കൻ പാർലമെന്റ് അടുത്തമാസം അഞ്ചിന് ചേരാനിരിക്കെയുള്ള നീക്കം രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിക്ക് ഇടയാക്കുമെന്ന് വിലയിരുത്തൽ