ന്യൂയോർക്ക്: പ്രളയാനന്തര കേരളം പുന:സൃഷ്ടിക്കുന്നതിനായി മലങ്കര മർത്തോമാ സുറിയാനി സഭ ഭവന നിർമാണ പദ്ധതിക്കു രൂപം കൊടുക്കുമെന്ന് സഭയുടെ പരമാദ്ധ്യക്ഷൻ റൈറ്റ് റവ. ഡോ. ജോസഫ് മാർത്തോമാ മെത്രാപ്പോലീത്താ പറഞ്ഞു. സർക്കാർ സഹായം ലഭിക്കാത്തവർക്കാണു വീട് നിർമിച്ചു നൽകുന്നതെന്നും അതിനുള്ള വിശദമായ പഠനവും എസ്റ്റിമേറ്റും തയാറാക്കി കൊണ്ടിരിക്കുകയാണെന്നും തിരുമേനി വെളിപ്പെടുത്തി. അഞ്ച് സെന്റ് സ്ഥലത്ത് 500 ചതുരശ്ര അടിയിൽ 7.5 ലക്ഷം രൂപയോളം ചെലവ് വരുന്ന വീടുകളാണ് നിർമിക്കുക.
വീടുകൾ ഭാഗികമായി തകർന്നവർക്ക് നഷ്ടം കണക്കാക്കി 2, 3, 4 ലക്ഷം രൂപ വരെ നൽകുന്നതിനും നാലു ലക്ഷത്തിൽ കൂടുതൽ ചെലവാകുമെങ്കിൽ പുതിയ വീടുകൾ വച്ചു നൽകുന്ന മഹത്തായ ഈ യത്നത്തിൽ പങ്കുചേരുവാൻ താല്പര്യമുള്ളവർ ഒരേക്കർ സ്ഥലമോ, അരയേക്കർ സ്ഥലമോ നൽകിയാൽ പത്ത്, ഇരുപത് വീടുകളുള്ള കോളണികൾ സ്ഥാപിക്കുന്നതിനും സഹായകരമാകും എന്നും തിരുമേനി പറഞ്ഞു.