നെയ്യാറ്റിൻകരയിൽ പാറക്കെട്ടിനകത്ത് ഒരു പാമ്പിനെ പിടികൂടുന്നതിനിടയിൽ വാവയുടെ നാടായ ശ്രീകാര്യത്തിന് അടുത്തുനിന്ന് ഒരു കോൾ, ഒന്നു പെട്ടെന്നു വരണം. കാർ ഷെഡിനകത്തേക്ക് ഒരു മൂർഖൻ പാമ്പ് ഇഴഞ്ഞു പോകുന്നു. വഴിയാത്രക്കാരാണ് വിളിച്ചത്. വീടിനടുത്തുള്ള ഈ സ്ഥലം വാവയ്ക്ക് സുപരിചിതമാണ്. പാമ്പുകളുള്ള സ്ഥലമാണ്. ഉടൻ തന്നെ സ്ഥലത്തെത്തി. കാർഷെഡിനകത്ത് തടിയും പഴയ സാധനങ്ങളും അടുക്കിവച്ചിരിക്കുന്നു.
ഓരോ സാധനങ്ങൾ മാറ്റി നോക്കുന്നതിനിടയിൽ പാമ്പ് ഇഴഞ്ഞുപോയ ഒരു പാട് വാവയുടെ ശ്രദ്ധയിൽപെട്ടു. അത് ചെന്ന് നിന്നത് ഒരു പഴയ വീപ്പയിൽ. അതിനകത്തുള്ള പൈപ്പിനകത്ത് ഇരിക്കുന്നു ഒരു ഉഗ്രൻ മൂർഖൻ പാമ്പ്. അതിനെ പിടികൂടാൻ പൈപ്പ് എടുക്കുന്നതിനിടയിൽ വാവയും അവിടെ കൂടിനിന്നവരും ഒന്നു ഞെട്ടി. ഒരു അപൂർവ കാഴ്ചയ്ക്കാണ് അവർ സാക്ഷികളായത്. പൈപ്പിന്റെ ഒരു വശത്ത് മൂർഖനും മറുവശത്ത് അണലിയും. മൂർഖൻ പാമ്പിനെ കണ്ട് പേടിച്ചിരിക്കുകയാണ് അണലി. മൂർഖൻ അണലിയെ ഭക്ഷണമാക്കാൻ എത്തിയതാണ്. ആകാംഷ നിറഞ്ഞ നിമിഷങ്ങൾ. സൂക്ഷിച്ചെടുത്തില്ലെങ്കിൽ കടി ഉറപ്പ്. ആദ്യം മൂർഖൻ പാമ്പിനെ പുറത്തെടുത്തു. ഇരയെ കിട്ടാത്തതിന്റെ ദേഷ്യം മുഴുവൻ വാവയ്ക്കു നേരെയാണ്.
തുടർന്ന് അണലിയെ എടുക്കാൻ ശ്രമിക്കുന്നതിനിടയിൽ അത് പൈപ്പിൽ നിന്ന് പുറത്തേക്ക് ചാടി. മൂർഖൻ കടിച്ചതിന്റെ പാട് അതിന്റെ ദേഹത്ത് കാണാമായിരുന്നു. കുറച്ചു സമയം കഴിഞ്ഞിരുന്നെങ്കിൽ മൂർഖൻ അണലിയെ ഭക്ഷണം ആക്കിയേനേ. നിരവധി തവണ അണലിയും മൂർഖനും വാവയെ കടിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. മൂർഖൻ പാമ്പ് ഏതൊക്കെ പാമ്പുകളെയാണ് ഭക്ഷണമാക്കുന്നത്, അണലി പാമ്പുകളെ ഭക്ഷണമാക്കാറുണ്ടോ, പെരുമ്പാമ്പ് പാമ്പുകളെ വിഴുങ്ങുമോ തുടങ്ങിയ കാര്യങ്ങളെ കുറിച്ചും വാവ ഈ എപ്പിസോഡിൽ പറയുന്നുണ്ട്.