ജെ.ഡി പവറിന്റെ ഉപഭോക്തൃ സംതൃപ്‌തി സർവേയിൽ ഹ്യൂണ്ടായിക്ക് ഒന്നാംസ്ഥാനം
ന്യൂഡൽഹി: രാജ്യത്തെ വാഹന നിർമ്മാതാക്കൾക്കിടെയിൽ മികച്ച വില്‌പനാനന്തര സേവനത്തിൽ ഒന്നാംസ്ഥാനം ദക്ഷിണ കൊറിയൻ ബ്രാൻഡായ ഹ്യൂണ്ടായിക്ക്. ആഗോള മാർക്കറ്ര് റിസർച്ച് സ്ഥാപനമായ ജെ.ഡി. പവറിന്റെ സർവേ - കസ്‌റ്റമർ സർവീസ് ഇൻഡക്‌സ് 2018 - പ്രകാരം 912 പോയിന്റുമായാണ് ഉപഭോക്തൃ സംതൃപ്‌തിയിൽ ഹ്യൂണ്ടായ് ഒന്നാമതെത്തിയത്. കഴിഞ്ഞവർഷവും ഒന്നാംസ്ഥാനം ഹ്യൂണ്ടായിക്കായിരുന്നു.
874 പോയിന്റുമായി ടാറ്റാ മോട്ടോഴ്‌സാണ് ഇക്കുറി രണ്ടാമത്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര മൂന്നാംസ്ഥാനം നേടി. പോയിന്റ് 865. ഫോഡ് (829 പോയിന്റ്), ടൊയോട്ട (827) എന്നിവയാണ് യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങളിൽ. ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമ്മാണ കമ്പനിയായ മാരുതിക്ക് എട്ടാംസ്ഥാനമാണുള്ളത്. മാരുതി നേടിയത് 804 പോയിന്റാണ്. വാഹന കമ്പനികളുടെ ഡീലർഷിപ്പുകളിലെ പ്രവർത്തനം വിലയിരുത്തിയും ഉപഭോക്താക്കളിൽ നിന്ന് വിവരങ്ങൾ തേടിയുമാണ് സർവേ തയ്യാറാക്കിയതെന്ന് ജെ.ഡി. പവർ വ്യക്തമാക്കി.
2015 മാർച്ചിനും 2017 ആഗസ്‌റ്റിനും ഇടയിൽ പുതുതായി വാഹനം വാങ്ങിയ 9,045 ഉപഭോക്താക്കളുടെ അഭിപ്രായങ്ങളാണ് സർവേയിൽ തേടിയത്. ഈവർഷം ആഗസ്‌റ്ര് വരെ ഇവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. തുടർച്ചയായ 22-ാം വർഷമാണ് ജെ.ഡി പവർ കസ്‌റ്റമർ സാറ്രിസ്‌ഫാക്‌ഷൻ സർവേ സംഘടിപ്പിക്കുന്നത്.