bjp-leader-remand

കൊച്ചി: സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമല ദർശനം നടത്താൻ ശ്രമിച്ച രഹന ഫാത്തിമ താമസിക്കുന്ന ബി.എസ്.എൻ.എൽ ക്വാർട്ടേഴ്സ് അക്രമിച്ച കേസിൽ അറസ്റ്റിലായ ബി.ജെ.പി നേതാവിനെ റിമാൻഡ് ചെയ്തു. ബി.ജെ.പിയുടെ കടവന്ത്ര ഏരിയ പ്രസിഡന്റായ പി.ബി ബിജുവിനെയാണ് എറണാകുളം അഡീഷണൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. ദിവസങ്ങൾക്ക് മുമ്പാണ് ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

കേസുമായ ബന്ധപ്പെട്ട ചോദ്യം ചെയ്യൽ പൂർത്തിയായതിനെ തുടർന്നാണ് ഇയാളെ കോടതിയിൽ ഹാജരാക്കിയത്. തിങ്കളാഴ്ച കസ്റ്റഡി കാലാവധി അവസാനിക്കാനിരുന്നത്. അതേസമയം, കോടതിയിൽ ഹാജരാക്കിയ ഇയാളെ ജാമ്യത്തിൽ എടുക്കാൻ ആരും എത്തിയില്ല. ഇയാൾക്ക് അഭിഭാഷകനായും ആരും എത്തിയില്ല. ഇതേ തുടർന്നാണ് ബിജുവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.

രഹന താമസിക്കുന്ന ബി.എസ്.എൻ.എൽ ക്വാർട്ടേഴ്സ് നശിപ്പിച്ചതിനെ തുടർന്ന് പൊതുമുതൽ നശിപ്പിച്ച കേസാണ് ഇയാളുടെ പേരിൽ ചുമത്തിയത്. 10000രൂപയുടെ നഷ്ടമുണ്ടാക്കിയതിനാൽ അത്രയും തുക കെട്ടിവച്ചാൽ മാത്രമെ ഇയാൾക്ക് ജാമ്യം ലഭിക്കു. എന്നാൽ കസ്റ്റഡി കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തങ്ങളേയോ ബിജുവിന്റെ ബന്ധുക്കളേയോ പൊലീസ് അറിയിച്ചിരുന്നില്ലെന്നാണ് ബി.ജെ.പി നേതൃത്വം പറയുന്നത്. വിഷയത്തിൽ വരും ദിവസങ്ങളിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും ബി.ജെ.പി നേതാക്കൾ പറഞ്ഞു.