തിരുവനന്തപുരം കരിയത്ത് നിന്ന് രാവിലെ തന്നെ കോൾ എത്തി. വീടിനോട് ചേർന്ന് ഒരു പാമ്പ്. വാവ ചെല്ലുമ്പോൾ കാണുന്നത് ഒരു പുളവൻ (നീർക്കോലി) അങ്ങനെ ഇരിക്കുന്നു. ഭക്ഷണം കഴിച്ച് വിശ്രമത്തിലായിരുന്നു പുളവൻ. ചെറിയ വായ ആണെങ്കിലും രണ്ട് വലിയ തവളകളെ വിഴുങ്ങിയിട്ടുള്ള ഇരിപ്പാണ്. ഉടൻ തന്നെ അവിടെ ഇരുന്ന സാധനങ്ങൾ മാറ്റി അതിനെ പിടികൂടി. നീർക്കോലിയെ തിരിച്ചറിയാനുള്ള മാർഗങ്ങൾ എന്തൊക്കെയാണ് എന്ന് അവിടെ നിന്നവരെ പറഞ്ഞ് മനസിലാക്കിയാണ് വാവ മടങ്ങിയത്. തുടർന്ന് തിരുവനന്തപുരം മുടവൻമുഗളിൽ നിന്ന് ഒരു കോൾ. വീട്ടിലെ പൂന്തോട്ടത്തിൽ കോഴികൾ ചെടി നശിപ്പിക്കാതിരിക്കാൻ വല വിരിച്ചിരുന്നു. ആ വലയിൽ ഒരു ചേര കുടുങ്ങി. രക്ഷപ്പെടുത്താൻ വീട്ടുടമ ശ്രമിച്ചെങ്കിലും അതിന്റെ കുരുക്ക് കൂടിക്കൂടി വന്നു.
അതുകൊണ്ടാണ് വാവയെ വിളിച്ചത്. സ്ഥലത്ത് എത്തിയ വാവ ചേരയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ വാവയുടെ ഇടത്തേ കയ്യിൽ ചുറ്റി. കുരുക്ക് അഴിക്കാൻ പറ്റാതെ വാവാ സുരേഷ് നന്നേ കഷ്ടപ്പെട്ടു. കുറേ നേരത്തെ ശ്രമഫലമായാണ് കുരുക്കഴിച്ചത്. തുടർന്ന് അവിടെ നിന്ന് യാത്ര തിരിച്ച വാവ, വട്ടിയൂർകാവ് മേലത്തുമലെ എന്ന സ്ഥലത്തെത്തി. അവിടെ പുതിയ വീട് പണി നടക്കുന്ന സ്ഥലത്ത് ഒരു പാമ്പിനെ കണ്ടു. അങ്ങനെയാണ് അവിടെ എത്തിയത്. വീടിനകത്ത് താവൂക്ക് കട്ടകൾ അടുക്കി വച്ചിരിക്കുന്നു. അവിടേക്കാണ് പാമ്പ് ഇഴഞ്ഞു പോയത്. കല്ലുകൾ ഓരോന്നായി മാറ്റികൊണ്ടിരുന്നു. അവസാനത്തെ കല്ല് എടുത്തുമാറ്റാൻ പോകുമ്പോൾ, അതാ അതിനകത്ത് ഒരു പാമ്പ്. കിട്ടില്ലെന്ന് വിചാരിച്ചതാണ്. ഇഴഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വാവയുടെ കയ്യിൽ ഭദ്രം. താവൂക്ക് കല്ല് എടുക്കുമ്പോൾ നിങ്ങളും ശ്രദ്ധിക്കണം.