ശിവഗിരി: ശബരിമല യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ട് സർക്കാർ വിശ്വാസികൾക്കെതിരായി നടത്തുന്ന നീക്കങ്ങൾക്കെതിരെ ബി.ജെ.പിയും എസ്.എൻ.ഡി.പി യോഗവും ഒരുമിച്ച് പോരാടുമെന്ന് ബി. ജെ. പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ പറഞ്ഞു. ശിവഗിരിയിൽ ഗുരുദേവ മഹാസമാധി നവതിയുടെ ഭാഗമായി ഇന്നലെ നടന്ന മഹാമണ്ഡലപൂജാസമ്മേളനം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷത വഹിച്ചു. യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൺസ് കണ്ണന്താനം മുഖ്യാതിഥിയായി. യോഗം വൈസ് പ്രസിഡന്റും നവതി ആചരണ കമ്മിറ്റി ജനറൽ കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി സ്വാഗതവും നവതി ആചരണ കമ്മിറ്റി സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ നന്ദിയും പറഞ്ഞു. അമിത്ഷായുടെ പ്രസംഗം ബി.ജെ.പി നേതാവ് വി. മുരളീധരൻ എം.പി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി.
ധർമ്മസംഘം ട്രസ്റ്റ് ജനറൽസെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, യജ്ഞകമ്മിറ്റി കൺവീനർ സ്വാമി വിശാലാനന്ദ, ആചാര്യസ്‌മൃതി സമ്മേളന കമ്മിറ്റി ചെയർമാൻ സ്വാമി സച്ചിദാനന്ദ, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള, അഡ്വ. എ.എൻ. രാജൻബാബു എന്നിവരും സന്നിഹിതരായിരുന്നു.
ശിവഗിരി റെയിൽവേ സ്റ്റേഷന് 20 കോടി
ശിവഗിരി തീർത്ഥാടകർ ഏറെ ആശ്രയിക്കുന്ന വർക്കല - ശിവഗിരി റെയിൽവേ സ്റ്റേഷന്റെ വികസനത്തിനായി 20 കോടി അനുവദിക്കാൻ കേന്ദ്രം തീരുമാനിച്ചെന്ന് അമിത്ഷാ അറിയിച്ചു.
തീർത്ഥാടന സർക്യൂട്ട്: അനുമതിരേഖ കൈമാറി
ശിവഗിരിമഠം, അരുവിപ്പുറം, ചെമ്പഴന്തി, കുന്നുംപാറ എന്നീ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള 70 കോടി രൂപയുടെ ഗുരുദേവ തീർത്ഥാടന സർക്യൂട്ട് പദ്ധതി കേന്ദ്രം അംഗീകരിച്ചതിന്റെ രേഖ ചടങ്ങിൽ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം സ്വാമി വിശുദ്ധാനന്ദയ്ക്ക് കൈമാറി.