kohli-century
kohli century

പൂനെ: വെസ്റ്റിൻഡീസിനെതിരായ മൂന്നാം ഏകദിനത്തിലും തുടർച്ചയായ സെഞ്ച്വറിയുമായി നായകൻ വിരാട് കൊഹ്‌ലി പൊരുതി നോക്കിയെങ്കിലും ഇന്ത്യയ്ക്ക് തോൽവി. വിൻഡീസുയർത്തിയ 284 റൺസിന്റെ വിജയലക്ഷ്യത്തിനരികിലെത്താനാകാതെ ഇന്ത്യ 43 റൺസിന്റെ തോൽവി വഴങ്ങുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറി വീരൻ ഷായ് ഹോപ്പിന്റെ (95)​ തകർപ്പൻ ബാറ്രിംഗിന്റെ പിൻബലത്തിൽ നിശ്ചിത അമ്പതോവറിൽ 9 വിക്കറ്ര് നഷ്ടത്തിൽ 283 റൺസ് നേടി. മറുപടിക്കിറങ്ങിയ ഇന്ത്യ 47.4 ഓവറിൽ 240 റൺസിന് ആൾഔട്ടാവുകയായിരുന്നു. കൊഹ്‌ലിയൊഴികെയുള്ള ഇന്ത്യൻ ബാറ്റ്സ്‌മാൻമാർ നിരാശപ്പെടുത്തി. ഏകദിനത്തിൽ തുടർച്ചയായ മൂന്ന് ഏകദിനങ്ങളിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കാഡ് സ്വന്തമാക്കിയ കൊഹ്‌ലിയുടെ 107 റൺസിന്റെ ഇന്നിംഗ്സ് 119 പന്തിൽ 10 ഫോറും 1 സിക്സും ഉൾപ്പെട്ടതാണ്. ശിഖർധവാൻ (35)​ ഭേദപ്പെട്ട പ്രകടനം നടത്തി. വിൻഡീസിനായി സാമുവൽസ് മൂന്നും ഹോൾഡർ,​ മക്കോയ്,​ നഴ്സ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. നാലാം ഏകദിനം 29ന് മുംബയ്‌യിൽ നടക്കും.