g-raman-nair

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കെ.പി.സി.സി നിർവ്വാഹക സമിതി അംഗവുമായി ജി രാമൻ നായർ ബി.ജെ.പിയിൽ ചേർന്നു. ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ജി.മാധവൻ നായർ,​ വനിത കമ്മിഷൻ മുൻ അംഗം ഡോ.പ്രമീളദേവി,​ മലങ്കര സഭാഗം സി.തോമസ് ജോൺ,​ ജെ.ഡി.എസ് ജില്ലാ വൈസ് പ്രസിഡന്റ് കരകുളം ദിവാകരൻ നായർ എന്നിവരും ബി.ജെ.പിയിൽ അംഗത്വം എടുത്തു. ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായുടെ സാന്നിദ്ധ്യത്തിലാണ് ഇവർ അഞ്ച് പേരും ബി.ജെ.പിയിൽ അംഗത്വം സ്വീകരിച്ചത്.


ശബരിമല വിഷയത്തിൽ ബി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തതിന് രാമൻ നായരെ കെ.പി.സി.സി സസ്‌പെൻഡ് ചെയ്തതിരുന്നു. ഇതിന് പിന്നാലെയാണ് രാമൻ നായർ ബി.ജെ.പിയിൽ ചേരാൻ തീരുമാനിച്ചത്. പാർട്ടിയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് പ്രമുഖ ബി.ജെ.പി നേതാക്കളുമായി രാമൻ നായർ നേരത്തെ ചർച്ച നടത്തിയിരുന്നു. രണ്ട് ദിവസത്തിനകം ഇക്കാര്യത്തിൽ പരസ്യപ്രഖ്യാപനം നടത്തിയേക്കുമെന്നും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എൻ.എസ്.എസ് നേതൃത്വവുമായി അടുത്തബന്ധമുള്ള രാമൻ നായരുടെ ബി.ജെ.പിയിലേക്കുള്ള വരവ് കോൺഗ്രസിന് വലിയ തിരിച്ചടിയായേക്കും.

അതേസമയം, മുൻ പൊലീസ് മേധാവി ടി.പി.സെൻകുമാർ അമിത്ഷായെ കണ്ടു. തിരുവനന്തപുരത്ത് വച്ചാണ് അദ്ദേഹം അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തിയത്. സെൻകുമാറിനെ കൂടാതെ പന്തളം രാജകുടുംബാംഗം ശശികുമാർ വർമ,നാരായണ വർമ എന്നിവരും അമിത് ഷായെ കണ്ട് ചർച്ച നടത്തി.