തിരുവനന്തപുരം: ബി.ജെ.പി നേതാവ് അമിത് ഷായുടെ കേരള സന്ദർശനം കേരളാ രാഷ്ട്രീയത്തിലും പുതിയ ചർച്ചകൾക്കും തുടക്കം കുറിച്ചിരിക്കുകയാണ്. അമിത് ഷാ കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയതുമായി ബന്ധപ്പെട്ടാണ് ചർച്ചകൾ കൂടുതലും. ഡിസംബർ ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് സി.പി.എമ്മിനെ രാഷ്ട്രീയമായി വെട്ടിലാക്കി അമിത് ഷാ കണ്ണൂരിൽ വന്നിറങ്ങിയത്.
അതിനിടെ സി.പി.എമ്മിനെതിരെ വിമർശനവുമായി ശബരിനാഥൻ എം.എൽ.എ രംഗത്തെത്തി. 2016ൽ ഉമ്മൻ ചാണ്ടി സർക്കാർ കണ്ണൂരിൽ ഒരു വിമാനത്തിന്റെ പരീക്ഷണ പറത്തൽ നടത്തിയപ്പോൾ നെഞ്ച് വിരിച്ച് പ്രതിഷേധിച്ച സഖാകളെയാരെയും ഇന്ന് കണ്ണൂർ എയർപോർട്ടിന്റെ നാലയലത്തു കണ്ടില്ലെന്നും എന്തിനാണ് സി.പി.എമ്മിന് ഈ അമിത് ഷാ ഭക്തിയെന്നും ശബരിനാഥൻ ചോദിച്ചു.