mamukkoya

മലയാള സിനിമയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടത്തിൽ കല്ലായിപ്പുഴയുടെ ഓരത്ത് തന്റെ കൊച്ചു സ്വപ്നങ്ങളുമായി ജീവിച്ച ഒരു ചെറുപ്പക്കാരൻ ഉണ്ടായിരുന്നു. പകൽ കല്ലായിയിലെ മരങ്ങളുടെ അളവെടുപ്പും രാത്രിയിൽ നാടകപ്രവർത്തനവുമായിരുന്നു ജോലി. കോഴിക്കോട്ടെ ഓലക്കൊട്ടകയിൽ കപ്പലണ്ടി കൊറിച്ച് നിലത്തിരുന്ന് ഒരുപാട് സിനിമകൾ കണ്ടിട്ടുണ്ട് ആ ചെറുപ്പക്കാരൻ. എന്നാൽ താനും അതിന്റെ ഭാഗമാകുമെന്ന് അയാൾ സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല. അത് മറ്റാരുമല്ല, നമ്മുടെ സ്വന്തം മാമുക്കോയ.


ഞാൻ എങ്ങനെ അതേപോലെ
എനിക്ക് അഭിനയിക്കാൻ അറിയില്ലെന്നതാണ് സത്യം. അഭിനയത്തിനപ്പുറം ഒരുതരം പെരുമാറലായിട്ടാണ് ഞാൻ അഭിനയത്തെ നോക്കി കാണുന്നത്. ഞാൻ ചെയ്യുന്ന എല്ലാ കഥാപാത്രങ്ങളിലും എന്റേതായ ഒരു ശൈലിയുണ്ടാവും. ഒരു ചായക്കടക്കാരനായാലോ ഒരു പൊലീസ് ഉദ്യോഗസ്ഥനായാലോ ഞാൻ എങ്ങനെയാണോ അങ്ങനെ തന്നെയായിരിക്കും സിനിമയിലും. സിനിമയ്ക്ക് വേണ്ടി പ്രത്യേകമായി അഭിനയിക്കാറില്ല. കാമറ വയ്ക്കുന്നതുകൊണ്ടു മാത്രം അത് സിനിമ ആകുന്നു എന്നേയുള്ളൂ. ഇന്നത്തെപ്പോലെ പത്ര, ദൃശ്യ മാദ്ധ്യമങ്ങളുടെ അതിപ്രസരം ഇല്ലാത്ത കാലമായിരുന്നു അത്. റേഡിയോ ആയിരുന്നു അന്നത്തെ ജനകീയ മാദ്ധ്യമം.റേഡിയോ നാടകത്തിലൊക്കെ അഭിനയിക്കാൻ അവസരം കിട്ടുന്നത് മഹാഭാഗ്യമായി കരുതുന്ന കാലം. അന്ന് നമ്മൾ നാടക പ്രവർത്തകരോടൊപ്പം ഒരു സിനിമാ നടൻ ഉണ്ടായിരുന്നു. ഞങ്ങളെല്ലാം സ്‌നേഹത്തോടെ ബാലേട്ടൻ എന്ന് വിളിക്കുന്ന നിലമ്പൂർ ബാലൻ. ബാലേട്ടൻ സിനിമയിലും നാടകത്തിലുമൊക്കെ അരങ്ങു തകർക്കുന്ന കാലമായിരുന്നു അത്. ബാലേട്ടൻ ആദ്യമായി കോഴിക്കോടിന്റെ പശ്ചാത്തലത്തിൽ സംവിധാനം ചെയ്ത ചിത്രത്തിലൂടെയായിരുന്നു (അന്യരുടെ ഭൂമി) എന്റെ സിനിമാ പ്രവേശനം. പക്ഷേ അതൊരു ബ്ലാക്ക് ആൻഡ് വൈറ്റ് അവാർഡ് പടമായിരുന്നു. വെറും ഉച്ചക്കളി മാത്രമായി ഒതുങ്ങിപ്പോയ ചിത്രം. വേണ്ടത്ര രീതിയിൽ ആ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല. എന്നാൽ ആ വർഷത്തെ മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള അവാർഡ് അതിന് ലഭിച്ചു. അതൊരു വലിയ നേട്ടമായി. ആദ്യ ചിത്രത്തിലഭിനയിച്ചതിനു ശേഷം എനിക്ക് സിനിമയിൽ നിന്ന് അധികം അവസരങ്ങളൊന്നും വന്നില്ല. വീണ്ടും കല്ലായിയിലെ തടിയളവ് ജോലിയും

നാടകപ്രവർത്തനവുമൊക്കെയായി കുറെ വർഷങ്ങൾ കടന്നുപോയി.


ആയിടയ്ക്കാണ് കലാസംവിധായകനായ കൊന്നനാട്ട് രാമൻകുട്ടി ചേട്ടൻ ഒരു പടം സംവിധാനം (സുറുമയിട്ട കണ്ണുകൾ) ചെയ്യുന്നത്. വിജയരാഘവൻ ആയിരുന്നു നായകൻ. കെ.പി. ഉമ്മർ, ബഹദൂർ, നെല്ലിക്കോട് ഭാസ്‌കരൻ, കുഞ്ഞാണ്ടി തുടങ്ങിയ വലിയ കലാകാരന്മാരോടൊപ്പം എനിക്കും ചെറിയൊരു വേഷം കിട്ടി. ആ വേഷം എനിക്ക് കിട്ടാൻ കാരണം സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീർ ആയിരുന്നു. സിനിമയുടെ അണിയറപ്രവർത്തകർ ബഷീർ ഇക്കയുടെ അനുഗ്രഹം വാങ്ങാനായി ബേപ്പൂരിലെ വീട്ടിലെത്തുമ്പോൾ ഞാൻ അവിടെയുണ്ട്. അനുഗ്രഹം ഒക്കെ വാങ്ങി അവർ പോകാനിറങ്ങുമ്പോൾ ബഷീർ ഇക്ക എന്നെ ചൂണ്ടി പറഞ്ഞു ഇവൻ ഇവിടെ നാടകവും കലാപ്രവർത്തനവുമൊക്കെയായി നടക്കുന്നവനാ നിങ്ങളുടെ സിനിമയിൽ എന്തെങ്കിലും വേഷമുണ്ടെങ്കിൽ പരിഗണിക്കണം.കെ.പി. ഉമ്മർ അവതരിപ്പിച്ച അറബിയുടെ കഥാപാത്രം സഞ്ചരിക്കുന്നത് കുതിരവണ്ടിയിലാണ്. കുതിരയ്ക്ക് പുല്ലിട്ടുകൊടുക്കുന്ന ജോലിക്കാരന്റെ വേഷമാണ് എനിക്ക് തന്നത്. പിന്നീട് 1986 ൽ ഇറങ്ങിയ 'ദൂരെ ദൂരെ ഒരു കൂടു കൂട്ടാം' എന്ന മോഹൻലാൽ ചിത്രത്തിലാണ് ഞാൻ അഭിനയിക്കുന്നത്.


നന്മയുള്ള കഥാപാത്രങ്ങൾ
ഇന്ന് അത്തരം കഥാപാത്രങ്ങൾ കാണണമെങ്കിൽ സത്യൻ അന്തിക്കാടിന്റെയും ലാൽജോസിന്റെയും ചിത്രങ്ങൾ കാണണം. എന്തും വിരൽത്തുമ്പിൽ അറിയുന്ന ഈ ഇന്റർനെറ്റ് യുഗത്തിൽ എന്ത് ഗ്രാമം എന്ത് നന്മ. അല്ലെങ്കിൽ തന്നെ എവിടെയാണ് ഇന്ന് ഗ്രാമങ്ങൾ. അതിവേഗം ഗ്രാമങ്ങളെ നാഗരികത വന്നു മൂടുകയാണ് . എല്ലാം വീടിനുള്ളിൽ കിട്ടുമ്പോൾ പുഴയും തോടും വയലുമൊക്കെ പുതിയ തലമുറയ്ക്ക് എന്തിനാണ്. പണ്ട് അതല്ലായിരുന്നു സ്ഥിതി. പാടത്തു പണിയെടുത്തിരുന്ന ഒരു വലിയ തലമുറ കേരളത്തിലുണ്ടായിരുന്നു. പകലന്തിയോളം വയലേലകളിൽ പണിയെടുത്തു വൈകുന്നേരം പുഴയിൽ കുളിച്ചു രാത്രിയിൽ ഭക്ഷണം കഴിക്കുമ്പോൾ കിട്ടുന്ന ഒരനുഭൂതിയും സുഖവും ഇന്ന് കിട്ടുന്നുണ്ടോ.വയലുകളിൽ വിത്തെറിഞ്ഞു അത് പാകമായി ഭക്ഷണയോഗ്യമാവാൻ ചുരുങ്ങിയത് എട്ടു മാസമെങ്കിലും പിടിക്കും. ഇന്ന് അത്രയും സമയം കൃഷിക്ക് വേണ്ടി കളയാൻ ആളുകൾക്ക് എവിടെയാണ് സമയം. എല്ലാവർക്കും തിരക്കോടു തിരക്കല്ലേ. കൃഷിയിലൂടെ ആർജിക്കുന്ന ഒരു വലിയ സംസ്‌ക്കാരം ഉണ്ടായിരുന്നു കേരളത്തിൽ. നന്മയുടെ ആ മഹത്തായ കാർഷികസംസ്‌കാരമൊക്കെ ഇന്ന് എവിടെയോ പോയ് മറഞ്ഞു.


തന്റേടമുണ്ട് സംസാരിക്കാൻ
എനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ തന്റേടത്തോടെ വിളിച്ചുപറയാറുണ്ട്. എല്ലാമതത്തെയും ചില തത്പര കക്ഷികൾ തങ്ങളുടെ ഇഷ്ടത്തിനനുസരിച്ചു വളച്ചൊടിക്കാറുണ്ട്. മലബാറിലെ കല്യാണ വീടുകളിൽ കാണിക്കുന്ന കോപ്രായങ്ങളോട് എനിക്ക് ഒരിക്കലും യോജിക്കാൻ കഴിയില്ല. ആവശ്യമായ ചില തമാശകളൊക്കെ ആവാം. എന്നാൽ കല്യാണം നടത്തുന്ന രണ്ടു വീട്ടുകാരെയും ബുദ്ധിമുട്ടിച്ചുകൊണ്ടുള്ള ഇത്തരം ആഭാസങ്ങൾ എന്തിനാണെന്ന് എനിക്ക് മനസിലാകുന്നില്ല. വളരെ കഷ്ടപ്പെട്ട് മനോഹരമായി അലങ്കരിച്ചു വയ്ക്കുന്ന മണിയറയെല്ലാം അലങ്കോലമാക്കുന്ന ഇത്തരം പ്രവണതകളൊന്നും നന്നല്ല. ഇതൊക്കെയാണോ കൂട്ടുകാർ ചെയ്യേണ്ടത്. ആദ്യമാദ്യം ചില സ്ഥലങ്ങളിൽ മാത്രം നടന്നിരുന്ന ഇത്തരം പ്രവണതകൾ ഒരാചാരം എന്നോണം ഇപ്പോൾ മലബാർ മേഖലയിലെമ്പാടും നടക്കുന്നുണ്ട്. മലപ്പുറത്തെ മുസ്ളിം കല്യാണ വീടുകളിൽ ഫോട്ടോ എടുക്കുന്നതിനും വീഡിയോ പിടിക്കുന്നതിനുമെതിരെ പണ്ട് കുറേ പേർ വലിയ ഇടങ്ങേറുണ്ടാക്കിയിരുന്നു. അന്ന് അതിനെതിരെ ഞാൻ ശക്തമായി പ്രതികരിച്ചിരുന്നു. സിനിമയും സംഗീതവും ഹറാമാണെന്ന് ഖുറാനിലെന്നല്ല ഒരു ഇസ്ലാം മതഗ്രന്ഥത്തിലും പറഞ്ഞിട്ടില്ല. ഇസ്ലാം മതം വലിയൊരു സംസ്‌കാരമാണ് നമ്മെ പഠിപ്പിക്കുന്നത്. നമ്മളുടെ പ്രവൃത്തിയും വാക്കുകളും മറ്റുള്ളവരെ വേദനിപ്പിക്കുന്നതാവരുത്. അത് തന്നെയായിരിക്കണം ഒരു ഇസ്ലാം തന്റെ സിനിമയിലൂടെയും കലയിലൂടെയും ചെയ്യേണ്ട കർമ്മം. സമൂഹത്തെ വഴിതെറ്റിക്കുന്ന ഒന്നിനെയും ഇസ്ലാം പ്രോത്സാഹിപ്പിക്കാൻ പാടില്ല. അത് സിനിമയിലൂടെയായാലും എഴുത്തിലൂടെയായാലും.