grey-jaungle-blow

കാക്കയും കുരുവിയും ഉണ്ടെങ്കിൽ കോഴിയും ഉണ്ടാവണമല്ലോ കാട്ടിൽ. ഉണ്ട്... നല്ല ഒന്നാന്തരം കാട്ടുകോഴി. ഒരു പക്ഷിക്കൊക്കെ ഇത്രയും തലയെടുപ്പും ഭംഗിയുമോ എന്ന് തോന്നിപ്പോവും കണ്ടാൽ. ഓരോ തൂവലുകളും അതിന്റെ നിറവും അതിന്റെ ഡിസൈനും ഒക്കെ വളരെ മനോഹരം. പക്ഷേ ഇവിടെ പെണ്ണിന് വലിയ ഭംഗി ഒന്നുമില്ല. സൗന്ദര്യമെല്ലാം ആണിന് മാത്രം. ഇന്ത്യയിൽ മാത്രം കാണുന്ന തനതു വർഗമാണ് ഇവർ. ഇവരെയും ഇന്ത്യയുടെ വടക്കു ഭാഗങ്ങളിൽ ഇവരെപ്പോലെതന്നെയുള്ള റെഡ് ജംഗിൾ ഫൗളിനേയും നമ്മുടെ നാട്ടു കോഴികളുടെ പൂർവികരായാണ് കരുതപ്പെടുന്നത്.


ആൺപക്ഷിയ്ക്കു തലയിൽ ചുവന്ന പൂവ്. ചുവന്ന താട, കഴുത്തിന് ചുറ്റും കറുപ്പിൽ വെള്ളപ്പൊട്ടുകളുള്ള കിന്നരി തൂവലുകൾ. വെള്ളയും കറുപ്പും വരകൾ കലർന്ന അടിഭാഗം. കറുത്ത നീണ്ട അരിവാൾ പോലെ വളഞ്ഞ അങ്കവാല്. ചുവന്ന കാലുകളുടെ പുറകിൽ കഠാര പോലെയുള്ള ഒരു മുള്ള്. കാലിൽ നീണ്ട നഖങ്ങൾ. പെൺപക്ഷിക്ക് ഒരു നരച്ച തവിട്ടു നിറം. വെള്ളയും കറുപ്പും വരകൾ കലർന്ന അടിഭാഗം. മഞ്ഞക്കാലുകൾ. പ്രണയത്തിന്റെ മാനദണ്ഡം സൗന്ദര്യത്തിൽ അല്ല എന്ന് തെളിയിച്ചു കൊണ്ട് ഭാര്യയും (ഭാര്യമാരും) ഭർത്താവും എപ്പോഴും ഒരുമിച്ചു തന്നെ കാണുകയുള്ളൂ. ഒരു പൂവനും പിടയും അല്ലെങ്കിൽ രണ്ടോ മൂന്നോ പിടയും അടങ്ങിയ ഗ്രൂപ്പ് ആയോ കാണാം. മിക്ക കാടുകളിലും ഇവരുണ്ടാവാറുണ്ട്. എപ്പോഴും ഇവരുടെ വിളികൾ മുഴങ്ങിക്കേൾക്കാം. അടിക്കാടുകളിൽ ചിക്കി ചിനക്കി ആഹാരം തേടുന്നു. എന്തെങ്കിലും അപായം കണ്ടാൽ ചെറുതായി പറന്നു കുറച്ചു ദൂരേയ്ക്ക് മാറും.


വിത്തുകൾ, കായകൾ, മണ്ണിൽ ഇഴഞ്ഞു നടക്കുന്ന മണ്ണിര, പുഴു, ഷഡ്പദങ്ങൾ, ചിതൽ, ഒക്കെയാണ് ആഹാരം. ഫെബ്രുവരി മുതൽ മെയ് വരെ കൂടുകെട്ടൽ കാലം.അടിക്കാടുകൾക്കിടയിൽ പരന്ന കുഴി പോലെയുള്ള കൂട്ടിൽ ചുള്ളിക്കമ്പുകളും കരിയിലകളും പുല്ലുകളും കുത്തിനിറച്ചുണ്ടാക്കുന്ന കൂട്ടിൽ നാലു മുതൽ ഏഴുവരെ വെളുത്ത മുട്ടകൾ കാണാം. 21 ദിവസം കൊണ്ട് മുട്ടകൾ വിരിയുന്നു. അടയിരിക്കലും കുഞ്ഞുങ്ങളെ വളർത്തലുമെല്ലാം അമ്മയുടെ മാത്രം ജോലിയാണ്. നമ്മുടെ കാട്ടിൽ ഏറ്റവും കൂടുതൽ കാണുന്ന പക്ഷി വർഗത്തിൽ ഒന്നാണ് ഇവർ. പണ്ടൊക്കെ ആളുകൾ ഇറച്ചിക്കായി ഇവരെ കെണി വച്ച് പിടിച്ചിരുന്നു. ഇന്ന് നിയമങ്ങൾ കർശനമാക്കിയതോടെ ഇവർക്ക് പ്രത്യക്ഷത്തിൽ വംശനാശ ഭീഷണി ഒന്നുമില്ല.