photography

സൂര്യൻ മലമടക്കുകളിൽ അസ്തമിക്കുന്ന കാഴ്ച പല ഋതുക്കളിൽ പല രീതിയിലായിരിക്കും കിട്ടുന്നത്. അതിനാൽ ഇടയ്ക്കിടെ ഇത് പലയിടങ്ങളിൽ നിന്നായി പകർത്താറുണ്ട്. കുന്നും മലകളും നിറഞ്ഞ നീലഗിരിയിൽ ഇത് കൂടുതൽ ഭംഗിയായി കിട്ടും. എന്നാൽ മഞ്ഞും മൂടലും സർവ്വസാധാരണമായ ഇവിടെ കാലാവസ്ഥ പ്രവചനാതീതമാണ്. നല്ല സീനാണെങ്കിലും എപ്പോഴാണ് മഞ്ഞ് വന്നു കയറുന്നതെന്ന് പറയാനാവില്ല. പിന്നെ ഭാഗ്യംപോലെയിരിക്കും. ഇത്തരം സീനുകളെടുക്കാൻ ഉയർന്ന കുന്നുകളോ കെട്ടിടങ്ങളുടെ മുകൾ ഭാഗമോ ആണ് തിരഞ്ഞെടുക്കാറുള്ളത്. കാരണം ഇടയ്ക്കു വലിയ തടസ്സങ്ങ ളൊന്നുമില്ലാതെ ചത്രങ്ങൾ എടുക്കാൻ കഴിയും.


അങ്ങനെ ഒരു വേനൽക്കാലത്ത് ഈ രീതിയിലെ ഒരു പടം എടുക്കാനായി ഒരു മൂന്നു നിലക്കെട്ടി ടത്തിന്റെ മുകളിൽ കയറി. അസ്തമയ സമയത്തോടു് അടുക്കുന്നതേയുള്ളൂ. സൂര്യന് ഒരുവിധം തെളിച്ചമുണ്ടായിരുന്നു. മേഘങ്ങളോ മഞ്ഞോ വന്നു് എപ്പോഴാണ് മൂടുക എന്നറിയില്ല. ചില സമയങ്ങളിൽ തെളിഞ്ഞ ആകാശത്തിൽ തീഗോളം പോലെയോ നിറമുള്ള പന്ത് പോലെയോ ഒക്കെ രസകരമായി സൂര്യനെ കിട്ടാറുണ്ട്. അതും ചിലപ്പോൾ കൃത്യമായി രണ്ട് മലകൾക്കിടയിലും. അത്തരം ഒരു ആകാശക്കാഴ്ചയും പ്രതീക്ഷിച്ചായിരുന്നു അന്നും ഒരു കെട്ടിടത്തിന്റെ മുകളിൽ സ്ഥാനംപിടിച്ചത്. അതിന്റെ ടെറസ്സിൽ കൈവരിക്ക് പകരമായി കെട്ടിയിട്ടുള്ള അരമതിലിൽ നേരത്തെ എപ്പോഴോ സ്ഥാപിച്ച ഒരു പഴയ ടി.വി. ആന്റിന ഉണ്ടായിരുന്നു. മരങ്ങളോ ചെടികളോ ശിഖരങ്ങളോ ആയിരുന്നെ ങ്കിൽ അങ്ങ് ദൂരെയുള്ള മലകളും സൂര്യനും പകർത്തുമ്പോൾ കുറച്ചുകൂടി ഭംഗിയാകുമായിരുന്നു എന്നും മനസിൽ കരുതി . പക്ഷേ ഇരുമ്പിലോ മറ്റോ ചെയ്തിരിക്കുന്ന പഴയ ആന്റിനകൊണ്ട് എന്ത് ചെയ്യാനാകും? അതിലാകട്ടെ കമ്പിയുടെ ഒരു ഭാഗം ഇളകി തൂങ്ങിക്കിടക്കുകയുമാണ്. അതോ സപ്പോർട്ടായി വച്ചിരിക്കുന്നതാണോ എന്നും അറിയില്ല.


സൂര്യൻ താഴ്ന്നു വന്നപ്പോഴേക്കും മൂടലും കൂടുന്നതായിക്കണ്ടു. അത് ഒരു വിധത്തിൽ ഉപകാരമായിത്തോന്നി. കാരണം വലിയ പ്രശ്നങ്ങളില്ലാതെ ഫിൽറ്ററിലൂടെയെന്നപോലെ അതിനുള്ളിൽ സൂര്യനെ നന്നായി കാണാൻ പറ്റുമായിരുന്നു. അപ്പോഴേക്കും അടുത്ത മരച്ചില്ലയിൽ നിന്നും റൂഫിലേക്കു ചാടിവന്ന ഒരു കുരങ്ങ് അരമതിലിലൂടെ നടന്നുവന്ന് ആന്റിനയുടെ അടുത്തുവന്നിരിപ്പായി. അതിനെ സൂര്യനൊപ്പം ചേർത്ത് ഒരുപടം എടുക്കാൻ ശ്രമിച്ചെങ്കിലും അത് പറ്റുമായിരുന്നില്ല. അതുകാരണം കുറേക്കൂടി പിന്നിലേക്ക് മാറി നിന്നപ്പോൾ കുരങ്ങ് ആന്റിനയുടെ കമ്പിയിൽപിടിച്ചു കുനിഞ്ഞിരുന്നു തല അതിൽ മുട്ടിച്ച് വച്ചിരിക്കുന്നതുകണ്ടു. മാത്രമല്ല ആന്റിനയുടെ ഇളകിക്കിടന്ന ഭാഗം ഏതാണ്ട് ഒരു കുരിശിന്റെ ആകൃതിയിലും തോന്നിച്ചു. സൂര്യനും മലകളുടെ അവ്യക്ത രൂപവും ഇവയ്ക്കു നടുവിലായി വരത്തക്ക രീതിയിൽ ക്ലിക്ക് ചെയ്തു. ഇതെല്ലാം വളരെ പെട്ടെന്നായിരുന്നു. ശരിക്കും ഒരു കുരങ്ങ് കുരിശിന്റെ ചുവട്ടിലിരുന്നു അതിൽ പിടിച്ചുകൊണ്ട് സന്ധ്യയ്ക്കു പ്രാർത്ഥിക്കുന്നപോലെ ഒരു ഫീൽ ! ഈ തരത്തിൽ ഒരു ചിത്രമായിരിക്കുമെന്ന് അപ്പോൾ കരുതിയില്ല. ഏറെ ജനപ്രീതിയും പലസമ്മാന ങ്ങളും നേടിത്തന്ന ഈ അപൂർവ സന്ദർഭം ഇനിയൊരിക്കലും കിട്ടുകയില്ലെന്നു ഉറപ്പാണ്.