ലോകത്ത് പ്രതിവർഷം ഏഴ് ദശലക്ഷത്തിലധികം മനുഷ്യരെ കൊന്നൊടുക്കുകയും ഗുരുതരമായ ആരോഗ്യപ്രശ്നം സൃഷ്ടിക്കുകയും ചെയ്യുന്ന ഒരു ദുശ്ശീലമാണ് പുകവലി. കാലങ്ങൾക്ക് മുമ്പേ നിയന്ത്രിക്കാൻ കഴിയുമായിരുന്ന ഈ വിപത്തിനെ മനുഷ്യരാശി പേറി കൊണ്ട് നടക്കുന്നതിനു പിന്നിലുള്ള രഹസ്യം സമ്പത്താണ്. പതിനഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വടക്കേ അമേരിക്കൻ ജനതയിലൂടെ വളർന്ന് പുകയില വ്യവസായം ഇന്ന് ലോകജനതയുടെ 22.5 ശതമാനത്തോളം പേരെ അതിന്റെ ലഹരിക്ക് അടിമയാക്കിയിരിക്കുന്നു. ഈ അടുത്തുവരെ സിഗരറ്റ് (പുകയില ചുരുട്ട്) അല്ലെങ്കിൽ ബീഡി നിർമ്മിച്ചിരുന്നത് പ്രകൃതിജന്യമായ ചുക്കയിൽ നിന്നാണ്. എന്നാൽ ലോകത്തെ മാറ്റിമറിച്ച് സാങ്കേതികവിദ്യയുടെ സഹായത്തോടെ ഈ ദുശ്ശീലത്തിന് പുതിയൊരു മാർഗം കൈവന്നിരിക്കുന്നു. ഇലക്ട്രോണിക് സിഗരറ്റ് അഥവാ ഇ സിഗരറ്റ് വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ നിക്കോട്ടിൻ ഉപയോഗത്തിന്റെ നൂതന സാങ്കേതിക രൂപം മാത്രമാണ് ഇ സിഗരറ്റ്.
2014ൽ ലോകത്ത് 466ൽപ്പരം ഇ സിഗരറ്റ് ബ്രാൻഡുകളുണ്ടായിരുന്നു. ആയിരം കോടി രൂപയുടെ ആഗോള വിപണിയുള്ള ഈ വ്യവസായം 200 ശതമാനം വളർച്ചയാണ് ഓരോ വർഷവും രേഖപ്പെടുത്തുന്നത്. ഫാർമസ്യൂട്ടിക്കൽ കമ്പനികളാണ് പല പ്രമുഖ ഇ സിഗരറ്റ് ബ്രാൻഡുകളുടെയും പിന്നിൽ പ്രവർത്തിക്കുന്നത്. 2018 ആയപ്പോൾ ലോകത്ത് വലിയ പ്രചാരമാണ് ഇ സിഗരറ്റിന് ലഭിക്കുന്നത്. ഇതിൽ നിന്നുണ്ടാകുന്ന സാമ്പത്തിക ലാഭത്തിൽ ലക്ഷ്യംവച്ച് പല വൻകിട കമ്പനികളും ഉല്പാദത്തിനും വിതരണത്തിനും എത്തിക്കൊണ്ടിരിക്കുകയാണ്. മരുന്നു കമ്പനിയുടെ സഹായത്തോടെ ഇ സിഗരറ്റിൽ പുതിയ പരീക്ഷണങ്ങളും കണ്ടുപിടിത്തങ്ങളും നവീകരണങ്ങളും നടത്തിവരുന്നുണ്ട്. പുകയിലയും പുകയും ഇല്ലാത്ത സിഗരറ്റ് എന്ന ആശയം ഹെർബർട്ട് എ ഗിൽബർട്ട് എന്ന അമേരിക്കൻ പട്ടാളക്കാരൻ 1963 ൽ പരീക്ഷിക്കുകയും നിർമ്മിക്കുകയും ചെയ്തു. അന്ന് ഈ ആശയത്തിന് വലിയ ജനപ്രീതി ആർജ്ജിക്കുവാൻ സാധിച്ചില്ല, എന്നാൽ ഈ ആശയത്തിന് പേറ്റന്റ ് കരസ്ഥമാക്കിയതുകൊണ്ട് ഇദ്ദേഹത്തെ ഇപ്പോൾ ഇ സിഗരറ്റിന്റെ പിതാവായി അറിയപ്പെടുന്നു.
2003ൽ ചൈനീസ് ഫാർമസിസ്റ്റായ ഹോൺ ലിങ്ക്, ബാറ്ററിയുടെ ഊർജ്ജം കൊണ്ട് നിക്കോട്ടിൻ ദ്രാവകത്തെ ആവിയാക്കുകയും ആവിയെ വായയിലൂടെ അകത്തേക്ക് വലിക്കുകയും ചെയ്യുന്നതിനോടൊപ്പം തന്നെ ആവിയെ തിരിച്ചു ദ്രവരൂപത്തിലാക്കുകയും ചെയ്യുന്ന തരത്തിലുള്ള ആശയത്തിൽ ഇ സിഗരറ്റ് വികസിപ്പിച്ചെടുത്തു. ഇ സിഗരറ്റ് ഉപയോഗിക്കുന്നതിനെ സാധാരണയായി വാപ്പിംഗ് എന്നാണ് അറിയപ്പെടുന്നത്. ഇതിൽ ഉപയോഗിക്കുന്ന ദ്രാവകത്തെ ഇ ലിക്വിഡ് എന്നോ ഇ ജ്യൂസ് എന്നോ അറിയപ്പെടുന്നു. നിക്കോട്ടിൻ, പ്രൊപ്പിലീൻ, ഗ്ലൈക്കോൾ, ഗ്ലിസറിൻ എന്നിവ പല അനുപാതത്തിൽ ചേർത്താണ് ഈ ദ്രാവകം നിർമ്മിക്കുന്നത്. ഇതിന് വലിയ ജനപ്രീതി സമ്പാദിക്കാൻ സാധിച്ചതോടെ ഉപഭോക്താവിന്റെ താത്പര്യത്തിന് ഉതകുന്ന തരത്തിൽ പല രുചിയിലും പല ലഹരിയിലും ഇത് ലഭ്യമാക്കാൻ മരുന്നു കമ്പനികൾ മത്സരിക്കുകയാണ്.
2004 ൽ ചൈനീസ് മാർക്കറ്റിൽ ലഭ്യമായി തുടങ്ങിയ ഇ സിഗരറ്റ് ഇന്ന് ലോകത്ത് എവിടെയും താത്പര്യമുള്ളവരുടെ വീട്ടുപടിക്കലിൽ എത്തിക്കുന്ന ഓൺലൈൻ മാർക്കറ്റിംഗും സർക്കാർ ഏജൻസികളുടെ അജ്ഞതയും നവമാധ്യമങ്ങളിലൂടെയുള്ള പ്രചരണവും മരുന്ന് എന്ന ലേബലും കൂടിയായപ്പോൾ വാപ്പിംഗ് ഇന്ന് ആഗോള പ്രതിഭാസമായി മാറി. പുകവലി എന്ന വിപത്തിനെ നിർത്താൻ കണ്ടെത്തിയ മാർഗം തന്നെ മറ്റൊരു വിപത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. വാപ്പിംഗ് ശീലമാക്കുന്ന 98 ശതമാനം ആൾക്കാരും പുകവലിയിൽ നിന്ന് ചുവടുമാറിയവരാണ്. യൂറോപ്യൻ ഐക്യനാടുകളിലും അമേരിക്കൻ ഭൂഖണ്ഡങ്ങളിലും ഇ സിഗരറ്റ് ഇന്ന് യുവാക്കളുടെ ഇടയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചുവരുന്നത്. 2014 ആയപ്പോഴേക്കും മൊത്ത പുകവലിക്കാരിൽ 20 ശതമാനവും ഇ സിഗരറ്റിന്റെ മായാലോകത്തേക്ക് എത്തിക്കഴിഞ്ഞു. പ്രധാനമായി യുവാക്കളും സ്ത്രീകളുമാണ് വാപ്പിംഗ് ശീലത്തിനു അടിമപ്പെടുന്നത്.
പുകയിലയ്ക്ക് നിയമപരമായി വിലക്കുകൾ ഭൂഖണ്ഡാന്തരമായി നിലനിൽക്കുമ്പോഴും ജനങ്ങളുടെ ശീലത്തിനു മാറ്റം വരുത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ 21ാം നൂറ്റാണ്ടോടെ പുകവലിയുടെ ഉപയോഗത്തിൽ വൻ ഇടിവ് വരുന്നതായി ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാലുവേഷൻ, വാഷിംഗ്ടൺ നടത്തിയ പഠനങ്ങൾ പറയുന്നു. പുകവലി വ്യവസായത്തിന് സാമ്പത്തിക നഷ്ടം വരാത്തത് ജനസംഖ്യയുടെ വർദ്ധനവിന്റെ അടിസ്ഥാനത്തിൽ ഉയരുന്ന ഉപഭോഗമാണ്. വാപ്പിംഗ് എന്ന പുതിയ ശീലത്തിന് എതിരായി നിയമങ്ങൾ നിർമ്മിക്കുന്നതിൽ ലോകരാജ്യങ്ങൾ വൈകിപ്പോയതായി ഇതിന്റെ വളർച്ചയുടെ അടിസ്ഥാനത്തിൽ മനസിലാക്കാം. പ്രധാനമായി ജർമ്മനി, അമേരിക്ക പോലുള്ള രാജ്യങ്ങൾ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഇതിന്റെ പിന്നിലുള്ള മരുന്നു നിർമ്മാണ കമ്പനികളുടെ താത്പര്യം മനസിലാക്കി ഇ സിഗരറ്റിന് നിരോധിക്കുകയും നിയമം നിർമ്മാണം നടത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ കമ്പനികളുടെ വലയത്തിൽപ്പെട്ട് ഇ സിഗരറ്റിനെ ഒരു മരുന്നായി പരിഗണിച്ച് പൂർണ സ്വതന്ത്ര്യം കൊടുത്ത രാജ്യങ്ങളുമുണ്ട്.
ഇന്ത്യയിൽ 1940 ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ടിൽ പ്രത്യേകിച്ച് ഇ സിഗരറ്റിനെ കുറിച്ച് പ്രതിപാദിക്കുന്നില്ല. 2016 ഏപ്രിൽ 7ന് പഞ്ചാബിലെ ഒരു ജില്ലാകോടതി ഇ സിഗരറ്റുകൾ വിറ്റതിന് ഒരാൾക്ക് മൂന്നുവർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചതാണ് ഇന്ത്യയിലെ ആദ്യത്തെ ഇ സിഗരറ്റുമായി ബന്ധപ്പെട്ട കേസ് എന്ന് കരുതാം. കർണ്ണാടക, കേരളം, പഞ്ചാബ്, ജമ്മു കാശ്മീർ, മിസോറാം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ 1940 ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ടിന്റെയും ഫുഡ് ആന്റ് സേഫ്റ്റി സ്റ്റാൻഡേർഡ്സ് 2011 നെയും അടിസ്ഥാനത്തിൽ ഇ സിഗരറ്റിനെ നിരോധിച്ചിട്ടുണ്ട്. പൊതുജനആരോഗ്യം മരുന്നു വ്യവസായത്തെ ആശ്രയിച്ചിരിക്കുന്ന കാലത്ത്, മരുന്നു മാത്രമല്ല രോഗവും വികസിപ്പിച്ചു വിൽക്കുന്ന വ്യാവസായിക അന്തരീക്ഷത്തിനാണ് മരുന്നു കമ്പനികൾ കളമൊരുക്കുന്നത് എന്ന് സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ നമുക്ക് വിലയിരുത്താം.