mk-sanu

ഒരു മഹാപുരുഷന്റെ ഷഷ്ഠിപൂർത്തിയാഘോഷത്തിൽ പങ്കെടുക്കാൻ സുകുമാർ അഴീക്കോടും സാനുമാഷും എത്തുന്നു. അഴീക്കോടിന്റെ കൈയിൽ ഒരു പൂമാലയുണ്ടായിരുന്നു. അഴീക്കോട് ആ പൂമാല മഹാപുരുഷന്റെ കഴുത്തിൽ ചാർത്തിയപ്പോൾ സാനുമാഷ് പറഞ്ഞു: ''ഞാൻ പൂമാലയൊന്നും കൊണ്ടുവന്നിട്ടില്ല''. അന്നേരം മഹാ പുരുഷൻ പറഞ്ഞു: ''സാനു എന്തിന് പൂമാല കൊണ്ടുവരണം. സാനു തന്നെ ഒരു പൂമാലയാണല്ലോ.''


ഒരു പൂമാല പോലെ വിശുദ്ധവും മനോഹരവുമാണ് സാനുമാഷിന്റെ (മാസ്റ്റർ എന്ന കഠിന നാമം ഞാൻ ഉപേക്ഷിക്കുന്നു) എഴുത്തിലെ ആശയവും ശൈലിയും. പ്രൊഫ. എം.കെ. സാനു മലയാളത്തിലെ വലിയൊരെഴുത്തുകാരൻ മാത്രമല്ല; നല്ല എഴുത്തുകാരുടെ ഗുരുവുമാണ്. എഴുത്തുകാരുടെ ഒന്നോ രണ്ടോ തലമുറയ്ക്ക് പ്രചോദനമായി തീർന്ന ലിറ്റററി ഫിഗർ എന്ന ഗുരുർ ബ്രഹ്മഃസ്ഥാനീയനുമാണ് സാനുമാഷ്. എഴുത്തുകാരുടെ നിറം കെടുന്ന ഇക്കാലത്ത് നിറന്നു കത്തുന്ന വിളക്കാണ് സാനുമാഷ്. എം.കെ. സാനു വലിയൊരു എഴുത്തുകാരൻ മാത്രമല്ല സംസ്‌കാരത്തിന്റെ കാവൽക്കാരൻ കൂടിയാണ്. ഒരു ജനതയുടെ സംസ്‌കാരവും സ്വപ്നങ്ങളുമാണ് സാനുമാഷിന്റെ എഴുത്തിലൂടെ പ്രതിഫലിക്കുന്നത്. മാനവീയതയുടെ വെളിച്ചം മനുഷ്യജീവിതത്തിൽ പ്രസരിപ്പിക്കുക എന്ന ഉത്തരവാദിത്വമാണ് എം.കെ. സാനു എഴുത്തിലൂടെ ഏറ്റെടുത്ത കർമ്മം. നല്ല എഴുത്ത് നല്ല ജീവിതം സൃഷ്ടിക്കുന്നുവെന്ന് സാനുമാഷ് വിശ്വസിക്കുന്നു. അതുകൊണ്ടാണ് സാനുമാഷ് മലയാളത്തിലെ നവോത്ഥാനാശയങ്ങളുടെ ആധുനിക കാലത്തെ പ്രചാരകനായി മാറിയത്. ലോകത്തുള്ള എല്ലാ മനുഷ്യരെയും ഒന്നായി കാണണമെന്നുപദേശിച്ച നാരായണ ഗുരുവിന്റെ ജീവിതചിന്തകളിൽ നിന്നാണ് സാനുമാഷ് തന്റെ സാഹിത്യപ്രവർത്തനത്തിനും സാംസ്‌കാരിക പ്രവർത്തനത്തിനും അദ്ധ്യാപക ജീവിതത്തിനും ആവശ്യമായ വെളിച്ചം കൊളുത്തിയെടുത്തത്. സാനുമാഷ് മലയാള സാഹിത്യത്തിൽ പിറന്നുവീണ ഒരു മനുഷ്യവിശേഷമാണ്. ഈ മനുഷ്യവിശേഷത്തിന്റെ നവതി ആഘോഷം മലയാള മാനവീയതയുടെ ആഹ്ലാദമാണ്. ആ ആഹ്ലാദത്തിന്റെ ഈ നിമിഷങ്ങൾക്ക് നമോവാകം.


സാനുമാഷ് എന്ന വലിയ എഴുത്തുകാരൻ വലിയ അദ്ധ്യാപകനും വലിയ പ്രാസംഗികനുമായി കേരളസംസ്‌കാരത്തിൽ നിറഞ്ഞുനിന്നു. മുണ്ടശ്ശേരിയെപ്പോലെയും ജി. ശങ്കരക്കുറുപ്പിനെപ്പോലെയും സുകുമാർ അഴീക്കോടിനെപ്പോലെയുമുള്ള വലിയ പ്രാസംഗികൻ. തേനിൽ മുക്കിയ വാൾമുനകൊണ്ടുള്ള മാനവീയാഭ്യാസ പ്രകടനമായിരുന്നു സാനുമാഷിന്റെ പ്രഭാഷണം. സാനുമാഷിന്റെ പ്രഭാഷണവും എഴുത്തും സാംസ്‌കാരിക പ്രവർത്തനവും ആറര പതിറ്റാണ്ടിലധികമായി മലയാളത്തിന്റെ മനസിലും ആകാശത്തും നിറഞ്ഞു നിൽക്കുകയാണ്. ആയതിനാൽ തന്റെ മണ്ണിലും തന്റെ ആകാശത്തും സ്വന്തമായി ഒരിടമുള്ള ഒരെഴുത്തുകാരനും മാനവീയതാവാദിയുമാണ് സാനുമാഷ്. അദ്ദേഹം മലയാളസാഹിത്യത്തിന്റെ മനസിലും ആകാശത്തും നിറഞ്ഞുനിൽക്കുകയാണ്. മനുഷ്യൻ എന്ന മനോഹരമായ പദത്തെക്കുറിച്ച് മാനവീയതയും പ്രാപഞ്ചികതയും സാനുമാഷിനോട് ഒരുപാട് കാര്യങ്ങൾ പറഞ്ഞു. അദ്ദേഹത്തിന്റെ ദീർഘായുസ് മലയാള മാനവികതയുടെ മണവും ഗുണവുമുള്ള മഹനീയതയായി തീർന്നു.


ജാതിമത ദൈവങ്ങളെ മറന്ന് ശ്രീനാരായണ മാനവീയതയിലേക്ക് കേരളത്തിലെ ധിഷണാശാലികൾ ഒത്തൊരുമിച്ച് വരേണ്ടതായിരുന്നു. എന്നാൽ അത് സംഭവിച്ചില്ല. അങ്ങനെ സംഭവിക്കാത്തതുകൊണ്ട് കേരളത്തിലെ ചമയിക്കപ്പെട്ട ധിഷണാശാലികളും ഹ്യൂമനിസ്റ്റുകളും ഇപ്പോഴും ജാതികളിലും മതങ്ങളിലും ദൈവങ്ങളിലും മുറുകെപ്പിടിച്ചും കാപട്യം ഹൃദയത്തിലൊളിപ്പിച്ചും ജീവിക്കുന്നു. ഈ കപട ലോകത്തിനു നേരെ സാനുമാഷ് ഉയർത്തിപ്പിടിച്ച ഒരു ഹൃദയക്കൊടിയുണ്ട്. ശ്രീനാരായണ മാനവീയതയുടെ ആ കൊടിയ്ക്കകത്തുനിന്നാണ് സാനുമാഷിന്റെ ജീവനാളം തുടിയ്ക്കുന്നത്. ശ്രീനാരായണീയ മാനവീയതയോട് സാനുമാഷ് വച്ചുപുലർത്തിയ സത്യസന്ധതയും ഹൃദയവായ്പും ഒരു പുണ്യം പോലെ തിളങ്ങുന്നു. ധൈഷണികമായ ഈ സത്യസന്ധത മാഷിന്റെ മനുഷ്യവിചാരത്തെ മഹത്തരമാക്കി തീർക്കുന്നു. സാനുമാഷിനോടൊപ്പം ശ്രീനാരായണീയ മാനവീയതയോട് ചേർത്തുവച്ചാദരിക്കേണ്ട ജീനിയസ് പി.കെ. ബാലകൃഷ്ണനെ ഞാൻ ഇവിടെ ഒന്നോർത്തുകൊള്ളട്ടെ. സഹോദരൻ അയ്യപ്പൻ എന്ന മനുഷ്യസ്‌നേഹത്തിന്റെ മാമലയിൽ നിന്നൊഴുകിയ ശ്രീനാരായണ മാനവീയതയുടെ വെളിച്ചത്തിലൂടെയാണ് പി.കെ. ബാലകൃഷ്ണനും എം.കെ. സാനുവും കേരളീയ പതിത സമൂഹത്തിന്റെ ഇടയിലേക്ക് നടന്നുവന്നത്. അവിടെ അവർ ഇരുവരും മാനുഷ്യകം സ്ഥാപിച്ചെടുക്കാനുള്ള ശ്രീനാരായണീയ വിപ്ലവകാരികളായിത്തീർന്നു.


എല്ലാ വലിയ എഴുത്തുകാരും ഓരോ വലിയ പാരമ്പര്യത്തിൽ പിറന്നു വീഴുന്നു. സ്വന്തം എഴുത്തുകൊണ്ട് അവർ വലിയ പാരമ്പര്യം സൃഷ്ടിക്കുകയും ചെയ്യുന്നു. വലിയ എഴുത്തുകാരനായ സാനുമാഷ് വലിയ ഒരു പാരമ്പര്യം സൃഷ്ടിച്ചു മലയാള ഭാഷയിൽ. വെളിച്ചം,കൂടുതൽ വെളിച്ചമായിരുന്നു സാനുമാഷിന്റെ എഴുത്ത് ദാഹിച്ചു കൊണ്ടിരുന്നത്. വലിയ ജീവിതം ജീവിച്ചവരുടെ ജീവചരിത്രങ്ങൾ സാനുമാഷ് എഴുതിയത് അവരുടെ ജീവിതത്തിലെ വെളിച്ചം വാരിക്കുടിക്കാൻ വേണ്ടി തന്നെയായിരിക്കും. നാരായണഗുരു, സഹോദരൻ അയ്യപ്പൻ, ചങ്ങമ്പുഴ, വൈക്കം മുഹമ്മദ് ബഷീർ, എം. ഗോവിന്ദൻ, വി.കെ. വേലായുധൻ എന്നീ മഹാന്മാരുടെ ജീവചരിത്രങ്ങൾ ജീവചരിത്രമെഴുത്തിന് സാനുമാഷ് സൃഷ്ടിച്ച വലിയൊരു പാരമ്പര്യം തന്നെയാണ്. സാഹിത്യത്തിന്റെ എല്ലാ രൂപങ്ങളും സാനുമാഷിന്റെ അഭിരുചിയിൽ മനോഹരമായി സമ്മേളിച്ചു. മനുഷ്യൻ എന്ന മഹത്വത്തോടുള്ള ആദരവുകാരണം ജീവചരിത്രശാഖയെ മനസിൽ പീഠമിട്ട് ഇരുത്തുകയുണ്ടായി. നാരായണ ഗുരുവിന്റെയും സഹോദരൻ അയ്യപ്പന്റെയും ജീവചരിത്രങ്ങൾ മലയാളത്തിലെ ജീവചരിത്രശാഖയെ കനം വയ്പിച്ച പ്രകൃഷ്ട കൃതികളാണ്. സഹോദരസന്നിധാനത്തു നിന്ന് എഴുത്തുകാരന്റെ ജീവിതം തുടങ്ങിയ ഈ എഴുത്തുകാരന്, മാതൃകാദ്ധ്യാപകന് പ്രതിഭാശാലികളായ വലിയൊരു ശിഷ്യഗണമുണ്ട്. അവരിൽ പലരും കേരളത്തിന്റെ സാംസ്‌കാരികാന്തരീക്ഷത്തിൽ അറിവിന്റെ പൂക്കളായിത്തീർന്നു. തന്റെ സാഹിത്യജീവിതത്തിന്റെ ആദ്യ ദശയിൽ സാനുമാഷ് ഹൃദയത്തോട് ചേർത്തുവച്ച മലയാള എഴുത്തുകാരൻ സി.ജെ. തോമസ് ആയിരുന്നിരിക്കണം. ഇന്നും സി.ജെ മാഷിന്റെ ജീവിതത്തോടൊപ്പമുണ്ട്. സാനുമാഷ് സി.ജെയുടെ ജീവചരിത്രമെഴുതുന്നതായും പറഞ്ഞു കേൾക്കുന്നു. സി.ജെ. തോമസ്, എം. ഗോവിന്ദൻ, അയ്യപ്പപ്പണിക്കർ, പി.കെ. ബാലകൃഷ്ണൻ, എം.കെ. സാനു എന്നിവരെ ജിതമാനസന്മാരായ ജീനിയസുകളായി കരുതാം. ഇവരെ മലയാള സാഹിത്യത്തിലെ ഒരു പവിത്രസംഘമായി വിശേഷിപ്പിച്ചു കൊള്ളട്ടെ. ഈ പവിത്ര സംഘത്തിലെ സാനുമാഷ് എന്ന ഒരാൾ മാത്രമേ നമ്മളോടൊപ്പമിന്നുള്ളൂ. സാനുമാഷിന്റെ തൊണ്ണൂറു വയസിന് ഒരിക്കൽകൂടി നമോവാകം.


സാനുമാഷിനെ ആദ്യം ഓർക്കേണ്ടത് സാനുമാഷിന്റെ ഭാഷയിലൂടെ തന്നെയാണ്. മാഷിന്റെ ഭാഷ മലയാളത്തിന്റെ നേരും നന്മയുമാണ്. സാനുമാഷിന്റെ പുസ്തകങ്ങൾ വായിക്കുമ്പോഴും പ്രസംഗങ്ങൾ കേൾക്കുമ്പോഴും അത് മലയാളം സ്വാഭാവികമായനുഭവിക്കുന്ന ഒരു പ്രതീതിയാണുളവാക്കുക. ശുദ്ധമായ മലയാളം അതിന്റെ ലാളിത്യമായി, ശക്തിയായി ,സൗന്ദര്യമായി പ്രസരിക്കുന്നു. ഇന്നത്തെ ഭാഷാകേളികൾക്കിടയിൽ വൃത്തിയായ മലയാളം വായിക്കാനും കേൾക്കാനും മാഷിന്റെ നാവും പേനയും തന്നെ വേണം.
സാനുമാഷിന്റെ ജീവിതവും സാഹിത്യജീവിതവും മലയാളം ഉയർത്തിക്കാട്ടുന്ന സംസ്‌കാരത്തിന്റെ ഒരടയാളപ്പെടുത്തലാണ്. സംസ്‌കാരത്തിന്റെ സവിശേഷമായ ഒരു മലയാള മുദ്ര സാനുമാഷിന്റെ സാഹിത്യസംഭാവനകളിൽ പതിഞ്ഞിരിക്കുന്നുണ്ട്. മലയാളത്തിന് എടുത്ത് കാണിക്കാവുന്ന ഒരു ജീവചരിത്രസാഹിത്യമുണ്ടായത് സാനുമാഷിന്റെ സംഭാവനകളിൽ നിന്നാണ്. ആത്മകഥയുടെയും ജീവചരിത്രത്തിന്റെയും അടിത്തറ സത്യസന്ധതയാണ്. മലയാളിയുടെ ആത്മാവിഷ്‌കാരത്തിലെ സത്യസന്ധതയുടെ ഉള്ളുകള്ളി സാനുമാഷിൽ നിന്ന് നമുക്ക് കിട്ടിയ ആ ആത്മകഥകൾ പറയുന്നു. സത്യസന്ധമല്ലാത്ത ആത്മകഥകൾക്കിടയിൽ വിശ്വാസ്യമായ ജീവചരിത്രങ്ങൾ നൽകാൻ മാഷിനു കഴിഞ്ഞു. സാഹിത്യജീവിതത്തിന്റെയും പൊതു ജീവിതത്തിന്റെയും മാതൃകകളാണ് നമുക്ക് ഈ ജീവചരിത്രങ്ങളിലൂടെ കിട്ടിയത്. മലയാളത്തിൽ പൊതു പ്രവർത്തനത്തിന്റെയും സാഹിത്യത്തിന്റെയും ഉന്നതമായ സംസ്‌കാരം അവ അടയാളപ്പെടുത്തുന്നു.


സാഹിത്യജീവിതത്തിനിടയിലും എറണാകുളത്ത് നൂറുശതമാനം പൊതുപ്രവർത്തകനായി സാനുമാഷ് ഇപ്പോഴും ഉണ്ട്. ഏറ്റവും സാധാരണക്കാരനിലേക്ക് ആ ബന്ധം നീളുന്നു. ഈ ഓരോ ഇടപെടലിലും മാഷിന്റേതായ നന്മയുടെ ഒരടയാളമെങ്കിലും അവശേഷിച്ചിട്ടുണ്ടാവും. സാനുമാഷ് നിയമസഭാ സാമാജികനായിട്ടുണ്ട്. ഭരണത്തെ ശാന്തമായി നോക്കി ഇരുന്ന ഒരംഗം മാത്രമായിരുന്നു അന്ന് അദ്ദേഹം. വിദ്യാഭ്യാസമന്ത്രിയാക്കാനാണ് സാനുമാഷിനെ മത്സരിപ്പിക്കുന്നതെന്നൊക്കെ അന്ന് ജനങ്ങൾ വിചാരിച്ചിരുന്നു. എന്നാൽ ആ വിചാരത്തിലേക്കൊന്നും സാനുമാഷ് കടന്നുവന്നില്ല. പിന്നീട് സാനുമാഷ് തിരഞ്ഞെടുപ്പിൽ മത്സരിച്ചില്ല. പാർട്ടി രാഷ്ട്രീയ സഹയാത്രയോട് അന്നുതന്നെ സാനുമാഷ് യാത്ര പറഞ്ഞു. എന്നാൽ അദ്ദേഹം പാർട്ടി രാഷ്ട്രീയത്തിന്റെ എതിരാളിയുമായി തീർന്നില്ല. ഒരു ഇടതുപക്ഷ സഹയാത്രികനായിട്ടുതന്നെയാണ് ഇപ്പോഴുംസാനുമാഷിന്റെ പൊതുജീവിതം ജീവിക്കുന്നത്.സാനുമാഷിന്റെ ഇടതുപക്ഷസഹയാത്ര ഒരുരാഷ്ട്രീയമല്ല;സാധാരണ മനുഷ്യരുടെ ജീവിതത്തിലൂടെയുള്ളഒരു സ്‌നേഹയാത്രയാണ്.മനുഷ്യന് നഷ്ടപ്പെട്ടമനുഷ്യത്വം വീണ്ടെടുക്കാനുള്ള ഒരു സ്‌നേഹയാത്രയാണ് സാനുമാഷ് തന്റെ ജീവിതംകൊണ്ട്സംഘടിപ്പിച്ചുകൊണ്ടിരുന്നത്.നാവുംഎഴുത്തും കൊണ്ട് സംഘടിപ്പിച്ച സ്‌നേഹയാത്ര.