amit-shah

കേരളത്തിന്റെ മണ്ണിലേക്ക് ബി.ജെ.പി. ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ആദ്യ യാത്രക്കാരനായി പറന്നിറങ്ങിയതിനെ പ്രകീർത്തിച്ച് ബി.ജെ.പിയുടെ മുതിർന്ന വനിത നേതാവ് ശോഭ സുരേന്ദ്രൻ.അമിത് ഷായുടെ കണ്ണൂർ സന്ദർശനത്തെ രാജകീയം എന്നാണ് അവർ വിശേഷിപ്പിച്ചിരിക്കുന്നത്. അമിത് ഷായുടെ സ്വാമിയേ ശരണമയ്യപ്പാ എന്ന ഒരൊറ്റ ശരണം വിളിയിലൂടെ അദ്ദേഹത്തിന്റെ മനസ് ആരുടെ കൂടെയാണെന്ന് പ്രഖാപിക്കുകയായിരുന്നെന്നും, ഭക്തരെ അടിച്ചമർത്താൻ ഉള്ള ശ്രമം തുടർന്നാൽ ഈ സർക്കാരിനെ വലിച്ചു താഴെയിടാനും മടിക്കില്ല എന്ന് ഇരട്ട ചങ്കന്റെ സ്വന്തം നാട്ടിൽ വന്നു നെഞ്ചു വിരിച്ചു നിന്നു പറഞ്ഞ അമിത് ഷായുടെ വാക്കുകളാണ് യഥാർത്ഥ ഹീറോയിസമെന്നും അവർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

അമിത് ഷാ പറഞ്ഞ വാക്കുകൾ കൊള്ളേണ്ടിടത്ത് തന്നെ കൊണ്ടിട്ടുണ്ട് എന്നുള്ളതിന്റെ തെളിവാണ് മുഖ്യമന്ത്രിയുടെ പ്രതികരണമെന്നും, ബി.ജെ.പിയെ സർക്കാർ ഭയക്കുന്നുണ്ട് എന്നുള്ളതിന്റെ തെളിവാണിതെന്നും ശോഭ സുരേന്ദ്രൻ പറയുന്നു.

amit-shah

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ബലിദാനികളുടെ നാടായ കണ്ണൂരിന്റെ മണ്ണിൽ അമിത് ഷാ എന്ന സൈന്യാധിപൻ പറന്നിറങ്ങിയപ്പോൾ അതൊരു കാളിയമർദ്ദനത്തിനു തന്നെ ആയിരിക്കുമെന്ന് മുഖ്യൻ ഒരിക്കലും കരുതി കാണില്ല. പാർട്ടിക്കാരുമായി സംസാരിക്കാൻ അമിത് ഷാക്ക് വിഡിയോ കോണ്ഫറൻസിങ് ചെയ്യേണ്ടി വരും എന്നു വിടുവായത്തം പറഞ്ഞവർ ഒക്കെ ഇന്നേത് മാളത്തിൽ ആണ് പോയൊളിച്ചത് എന്നറിയില്ല. പക്ഷെ ഈ വരവ് തികച്ചും രാജകീയം തന്നെ ആയിരുന്നു എന്നതാണ് സത്യം. സ്വാമിയേ ശരണമയ്യപ്പാ എന്ന ഒരൊറ്റ ശരണം വിളിയിലൂടെ ഇവിടുത്തെ ലക്ഷക്കണക്കിന്‌ വരുന്ന അയ്യപ്പഭക്തന്മാർക്കൊപ്പം ആണ് താൻ എന്നു അസന്ധിഗ്ധമായി പ്രഖ്യാപിക്കുവാനും അദ്ദേഹം മടിച്ചില്ല. ഭക്തരെ അടിച്ചമർത്താൻ ഉള്ള ശ്രമം തുടർന്നാൽ ഈ സർക്കാരിനെ വലിച്ചു താഴെയിടാനും മടിക്കില്ല എന്നു ഇരട്ട ചങ്കന്റെ സ്വന്തം നാട്ടിൽ വന്നു നെഞ്ചു വിരിച്ചു നിന്നു പറഞ്ഞ അമിത്ജി , ഇവിടുള്ള ഓരോ അയ്യപ്പ ഭക്തനും മുഖ്യമന്ത്രി പിണറായി വിജയനോട് ഇന്ന് പറയാൻ ആഗ്രഹിക്കുന്ന വാക്കുകൾ തന്നെ ആണ് പറഞ്ഞത്. ഇതല്ലാതെ മറ്റെന്താണ് ഹീറോയിസം ?

പറഞ്ഞ വാക്കുകൾ എല്ലാം തന്നെയും കൊള്ളേണ്ടിടത്ത് തന്നെ കൊണ്ടിട്ടുണ്ട് എന്നുള്ളതിന്റെ തെളിവാണ് മണിക്കൂറുകൾക്കുള്ളിൽ തന്നെ മുഖ്യൻ ഇട്ട ഫേസ്ബുക്ക് പോസ്റ്റ്. ബിജെപി യെ എത്ര മാത്രം ഇവിടുത്തെ സർക്കാർ ഭയക്കുന്നുണ്ട് എന്നുള്ളതിന്റെ ഉത്തമ ദൃഷ്ടാന്തം കൂടിയാണ് ആ വെപ്രാളത്തിലുള്ള മറുപടി.

അടിയന്തിരാവസ്ഥാ കാലത്തെ തിരിച്ചു കൊണ്ടു വന്നും , ജനങ്ങളെ അടിച്ചമർത്തി കൊണ്ടും അഭിനവ ഹിറ്റ്ലർ ആവാൻ ശ്രമിക്കുന്ന മുഖ്യമന്ത്രിയുടെ ദുസ്വപ്നങ്ങളിൽ ഒന്നായി ഈ ദിവസം എന്നും ഉണ്ടാവുമെന്ന് ഉറപ്പ്. പണ്ടൊരിക്കൽ സഖാവ് വിഎസ് പറഞ്ഞ വാക്കുകൾ തന്നെ ആണ് ഓർമ്മ വരുന്നത്. അത് പറഞ്ഞത് അച്ചട്ടാവുക തന്നെ ചെയ്യും. കേരളാ ഗോർബച്ചേവ് ആയി മാറും മുഖ്യാ നിങ്ങൾ..
'തത്വമസി' , അത് നീ തന്നെ ആകുന്നു..
"കേരളാ ഗോർബച്ചേവ്" ....
കേരളത്തിലെ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ മരണമണിക്കുള്ള അകമ്പടി കൂടിയാണ് ഇനി ഉയരുന്ന ഓരോ ശരണം വിളികളും..
#കേരളാഗോർബച്ചേവ്