റംഗൂൺ: അപ്രതീക്ഷിതമായി വലിയൊരു തുക ലോട്ടറി അടിക്കുമ്പോൾ ബോധം പോയവരെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ, സൗന്ദര്യ മത്സരത്തിൽ വിജയി ആയപ്പോൾ ബോധം നഷ്ടമായാലോ? അത്തരമൊരു സംഭവം മ്യാന്മറിൽ ഉണ്ടായിരിക്കുന്നു. മിസ് ഗ്രാൻഡ് ഇന്റർനാഷനൽ കീരിടം ചൂടിയ പരാഗ്വേ സുന്ദരി ക്ലാര സോസ (24)യാണ് വേദിയിൽ ബോധം കെട്ടുവീണത്.
ഫൈനലിലെ വിജയെ പ്രഖ്യാപിച്ചപ്പോൾ അവിശ്വസനീയതയോടെ ക്ളാര എല്ലാവരേയും നോക്കി. പിന്നെ ആനന്ദാശ്രുക്കൾ പൊഴിച്ചു. പിന്നീട് മനോഹരമായി പുഞ്ചിരിച്ചു കൊണ്ട് കാണികളെ കൈവീശി അഭിവാദ്യം ചെയ്തു. പിന്നാലെ ദേ കിടക്കുന്നു വെട്ടിയിട്ട വാഴ കണക്കെ നിലത്ത്. രണ്ടാം സ്ഥാനത്തെത്തിയ ഇന്ത്യക്കാരി മീനാക്ഷി ചൗധരിയുടെ കൈപിടിച്ചു നിൽക്കുമ്പോഴായിരുന്നു ക്ളാരയുടെ ബോധം പോയത്.
കുഴഞ്ഞു വീഴാൻ തുടങ്ങിയ ക്ളാരയെ മീനാക്ഷി താങ്ങിപ്പിടിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. വേദിയിലുണ്ടായിരുന്ന അവതാരകരും മറ്റും ആശങ്കയോടെ ക്ലാരയുടെ അടുത്തെത്തി. അൽപസമയത്തിനുള്ളിൽ ബോധം വീണ്ടെടുത്ത ക്ളാര പിന്നെ നിറുത്താതെ കരച്ചിലായിരുന്നു. ഇതിനിടെ ക്ളാരയെ കിരീടവും അണിയിച്ചു.
നിയമവിദ്യാർത്ഥിയായ ക്ലാര പാചകവിദഗ്ദ്ധയുമാണ്. സ്വന്തമായി റസ്റ്റോറന്റ് തുടങ്ങണമെന്ന സ്വപ്നവുമായി ജീവിക്കുന്ന ക്ളാരയുടെ ഏറ്റവും വലിയ ആഗ്രഹം അമേരിക്കയുടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ നേരിട്ട് കാണണമെന്നതാണ്. ആരാധന കൊണ്ടല്ല, മറിച്ച് സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും മാതൃകയാകണമെന്ന് ട്രംപിനെ ഉപദേശിക്കാൻ.