കോട്ടയം: സെൽഫി ഭ്രമത്തിനിടെ കാലിഫോർണിയയിൽ മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം. തലശേരി കതിരൂർ ഭാവുകത്തിൽ വിഷ്ണു (29), ഭാര്യ മീനാക്ഷി (29) എന്നിവരാണ് മരിച്ചത്. ട്രെക്കിംഗിനിടെ സെൽഫി എടുക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഇരുവരും കാൽ വഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു.
ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച യോസാമിറ്റി നാഷണൽ പാർക്കിലെ ട്രെക്കിംഗിനിടെയായിരുന്നു അപകടം. 3000 അടി ഉയരത്തിൽ നിന്നാണ് ഇരുവരും വീണത്. യു.എസിലെ ഇന്ത്യൻ കോൺസുലറ്റ് അധികൃതരാണ് വിവരം ബന്ധുക്കളെ അറിയിച്ചത്. ട്രെക്കിംഗിനിടെ മലമുകളിൽ നിന്ന് സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ പിന്നോട്ടു വീഴുകയായിരുന്നെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. മൃതദേഹങ്ങൾ തിരിച്ചറിയാനാവാത്ത വിധം ചിതറിപ്പോയിരുന്നു. പോക്കറ്റിൽ നിന്നു ലഭിച്ച ഡ്രൈവിംഗ് ലൈസൻസിൽ നിന്നാണ് മരിച്ചവർ ഇന്ത്യാക്കാരാണെന്ന് തിരിച്ചറിഞ്ഞത്.
കതിരൂർ ശ്രേയസ് ഹോസ്‌പിറ്റലിലെ ഡോ.എം.വി.വിശ്വനാഥ്, ഡോ.സി.സുഹാസിനി ദമ്പതികളുടെ മകനാണ് വിഷ്ണു. കോട്ടയം തിരുനക്കര വാണിശ്രീയിൽ എസ്.ആർ.മൂർത്തി ചിത്ര ദമ്പതികളുടെ മകളാണ് മീനാക്ഷി. കാലിഫോർണയിലെ സിഡ്‌കോ സോഫ്‌റ്റവെയർ കമ്പനിയിലെ എൻജിനീയറായിരുന്നു വിഷ്ണു. മീനാക്ഷിയും ഐ.ടി കമ്പനി ജീവനക്കാരിയാണ്.