trump-modi

ന്യൂഡൽഹി: റിപ്പബ്ളിക് ദിനാഘോഷ ചടങ്ങിൽ പങ്കെടുക്കാനുള്ള ഇന്ത്യയുടെ ക്ഷണം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിരസിച്ചതായി സൂചന. ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലിനെ ഇക്കാര്യം അമേരിക്കൻ അധികൃതർ അറിയിച്ചുവെന്നാണ് വിവരം. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല.

റിപ്പബ്ലിക് ദിനാഘോഷ പരേഡിൽ മുഖ്യാതിഥി ആവാൻ ട്രംപിന് ക്ഷണക്കത്ത് ലഭിച്ചതായി ആഗസ്റ്റിൽ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്റേഴ്‌സ് വ്യക്തമാക്കിയിരുന്നു. എന്നാൽ ക്ഷണം നിരസിക്കാനുള്ള കാരണമെന്താണെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. പരിപാടിയിൽ എത്താൻ സാധിക്കാത്തതിൽ ക്ഷമ പറഞ്ഞാണ് അജിത് ഡോവലിന് കത്ത് നൽകിയിരിക്കുന്നത് എന്നാണ് ചില ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.

റഷ്യയിൽ നിന്ന് ട്രയംഫ് 400 മിസൈലുകൾ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനം അമേരിക്കയുടെ അതൃപ്‌തിക്ക് കാരണമായിരുന്നു. ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുമെന്ന് ഇന്ത്യ അറിയിച്ചതും ട്രംപിനെ ചൊടിപ്പിച്ചിരുന്നു. ഇതാകാം പിന്മാറ്റത്തിന് കാരണമെന്നും വാദങ്ങൾ ഉയരുന്നുണ്ട്.