kodiyeri

കോഴിക്കോട്: ജനാധിപത്യ മാർഗത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട എൽ.ഡി.എഫ് സർക്കാരിനെ താഴെയിറക്കുമെന്ന ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ ഭീഷണി കേരളത്തിൽ വിലപ്പോകില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കേരളത്തിലെ സർക്കാരിനെ തള്ളിയിടാമെന്ന് ബി.ജെ.പി നേതാക്കൾ മന:പ്പായസമുണ്ണേണ്ടെന്നും കോടിയേരി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

അമിത് ഷാ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണ്. അമിത് ഷായുടെയോ കേന്ദ്രത്തിന്റെയോ പിന്തുണയോടെയോ അധികാരത്തിൽ വന്നതല്ല കേരളത്തിലെ ഇടത് സർക്കാർ. എന്നാൽ ഇടത് ഗവൺമെന്റ് അധികാരത്തിൽ വരുന്നത് തടയാൻ എല്ലാതരത്തിലും അമിത് ഷാ ശ്രമിച്ചിരുന്നു. എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ വികാരത്തിന് അടിപ്പെട്ടാണ് സംസാരിക്കുന്നത്. നവോത്ഥാനമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയാണ് എൻ.എസ്.എസ് ചെയ്യേണ്ടത്. എൻ.എസ്.എസിന്റെ പഴയകാല പാരമ്പര്യങ്ങൾക്ക് നിരക്കാത്തതാണ് ഇപ്പോഴത്തെ അവരുടെ നിലപാട്. വിശ്വാസത്തിന്റെ ഭാഗമായുള്ള വികാരത്തിനല്ല എൻ.എസ്.എസ് അടിപ്പെടേണ്ടത്. ആർ.എസ്.എസുമായി എൻ.എസ്.എസ് ബന്ധം സ്ഥാപിക്കുന്നത് ധൃതരാഷ്ട്രാലിംഗനം പോലെയാണ്. ബി.ജെ.പിക്കൊപ്പം സമരത്തിനില്ലെന്ന് പറഞ്ഞ എസ്.എൻ.ഡി.പിയുടെ നിലപാട് സ്വാഗതാർഹമാണെന്നും കോടിയേരി പറഞ്ഞു.

ശബരിമല സ്ത്രീപ്രവേശനത്തിനെതിരായ നാമജപത്തിന്റെ പേരിൽ ആരേയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും കോടിയേരി പറഞ്ഞു.