rahul-eswar

തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് വിവാദ പരമാർശം നടത്തിയതിന് അയ്യപ്പ ധർമ്മസേനാ സംസ്ഥന പ്രസിഡന്റും തന്ത്രി കുടുംബാംഗവുമായ രാഹുൽ ഈശ്വർ അറസ്‌റ്റിൽ. ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൽ കൈ മുറിച്ച് ചോര വീഴ്‌‌ത്താൻ പദ്ധതിയിട്ടിരുന്നുവെന്ന് രാഹുൽ വെളിപ്പെടുത്തിയിരുന്നു. എറണാകുളം പ്രസ് ക്ളബിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു രാഹുലിന്റെ വിവാദ പരാമർശം. ഇതിനെ തുടർന്ന് എറണാകുളം പൊലീസാണ് രാഹുലിനെ അറസ്‌റ്റ് ചെയ്‌തത്.

കലാപം ആഹ്വാനം ചെയ്‌തതിനടക്കമാണ് രാഹുലിനെതിരെ കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരത്തെ വസതിയിൽ നിന്നാണ് രാഹുലിനെ അറസ്‌റ്റ് ചെയ്‌തത്. നോട്ടീസ് അയച്ച് രാഹുലിനെ വിളിച്ച് വരുത്തി അറസ്റ്റ് ചെയ്യാനാണ് നേരത്തെ പൊലീസ് ഉദ്ദേശിച്ചിരുന്നതെങ്കിലും പിന്നീട് നടപടികൾ വേഗത്തിലാക്കുകയായിരുന്നു.

തിരുവനന്തപുരം സ്വദേശിയായ പ്രമോദ് എന്നയാൾ നൽകിയ പരാതിയെ തുടർന്നാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുള്ളത്. ഐ.പി.സി 117, 153, 118 ഇ എന്നീ സെക്ഷനുകൾ പ്രകാരമാണ് കേസ്. എറണാകുളം പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിനിടെയാണ് തങ്ങൾക്ക് പ്ലാൻ ബിയും സിയും ഉണ്ടായിരുന്നെന്ന് രാഹുൽ വെളിപ്പെടുത്തിയത്. പരാമർശം വിവാദമായതോടെ നിലപാടിൽ നിന്ന് രാഹുൽ ഈശ്വർ പിൻമാറിയിരുന്നു.

ശബരിമല കോടതി വിധിയുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് രാഹുൽ ഈശ്വർ അറസ്‌റ്റിലാകുന്നത്. പമ്പയിൽ കലാപത്തിന് ആഹ്വാനം ചെയ്‌തതിന്റെ പേരിലായിരുന്നു ആദ്യത്തെ അറസ്‌റ്റ്.