sabarimala-protest

തിരുവനന്തപുരം: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചതിനെ തുടർന്നുണ്ടായ പ്രതിഷേധത്തിലും സംഘർഷത്തിലും ഇതുവരെ അറസ്റ്റിലായത് 3,345 പേർ. ഇന്നലെ മാത്രം 500 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 517 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഗുരുതരമായ കുറ്റം ചെയ്ത 122 പേരെ റിമാൻഡ് ചെയ്തു. മാദ്ധ്യമ പ്രവർത്തകരെയും പൊലീസിനെയും ആക്രമിച്ചവരുൾപ്പെടെ കടുത്ത അക്രമം കാട്ടിയ ഏതാനും പേരെ പിടികിട്ടാനുണ്ട്. . പൊലീസിന്റെ ജോലി തടസപ്പെടുത്തിയവരും സ്‌ത്രീകളെ അസഭ്യം പറഞ്ഞവരുമായ 50 പേരും റിമാൻഡിലുണ്ട്. പൊതുമുതൽ നശിപ്പിച്ചതിന് 14 കേസുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ ഔദ്യോഗിക വാഹനം, കെ.എസ്.ആർ.ടി.സി ബസുകൾ, മാദ്ധ്യമങ്ങളുടെ വാഹനങ്ങൾ എന്നിവ തകർത്തതിനു 3മുതൽ 13 ലക്ഷം വരെ നഷ്ടമുണ്ടായി. ഇത്രയും തുക കോടതിയിൽ കെട്ടിവച്ചാലേ ജാമ്യം ലഭിക്കൂ.

അതേസമയം,​ നാമജപ ഘോഷയാത്രയിൽ പങ്കെടുത്ത സ്ത്രീകളെ അറസ്റ്റ് ചെയ്യേണ്ടെന്ന് പൊലീസ് തീരുമാനിച്ചിരുന്നു. നേരത്തെ അറസ്റ്റിലായ സ്ത്രീകളുടെ ജാമ്യാപേക്ഷയെ പൊലീസ് എതിർക്കില്ല. കടുത്ത അക്രമം നടത്തിയ സ്ത്രീകളെ മാത്രമേ റിമാൻഡ് ചെയ്യാവൂ എന്നാണ് പൊലീസിന്റെ നിർദ്ദേശം. പൊലീസ് സ്റ്റേഷനുകളിലേക്ക് നടത്തിയ നാമജപഘോഷയാത്രയ്ക്കെതിരേ കേസെടുക്കേണ്ടെന്നും ഡി.ജി.പി നിർദ്ദേശിച്ചു. ആ​റ്റിങ്ങലിലും കരുനാഗപ്പള്ളിയിലും നാമജപ ഘോഷയാത്രകളിൽ പങ്കെടുത്തതിന് സ്‌ത്രീകളടക്കം ആയിരത്തോളം പേർക്കെതിരെ കേസെടുത്തത് വിവാദമായിരുന്നു.