ഇന്ന് അന്താരാഷ്ട്ര സ്ട്രോക്ക് ദിനമാണ്. സ്ട്രോക്കിനു ശേഷമുള്ള ജീവിതമാണ് ഈ വർഷത്തെ തീമായി വേൾഡ് സ്ട്രോക്ക് ഓർഗനൈസേഷൻ തിരഞ്ഞെടുത്തിട്ടുള്ളത്. ഒരിക്കൽ സ്ട്രോക്ക് വന്ന രോഗിക്ക് ഫലപ്രദമായ ചികിത്സയിലൂടെ വൈകല്യങ്ങളെ മറികടന്ന് സാധാരണ ജീവിതം നയിക്കാൻ കഴിയണം.അതെങ്ങനെ സാധിക്കും?.അതേക്കുറിച്ചാണ് ഈ സ്ട്രോക്ക് ദിനത്തിൽ ഞാൻ പറയാനാഗ്രഹിക്കുന്നത്.
സ്ട്രോക്ക് വന്ന ശേഷം ചികിത്സയിലൂടെ നേടിയ പുരോഗതി നിലനിറുത്തി സാധാരണ നിലയിലേക്ക് മടങ്ങണമെങ്കിൽ വലിയ പിന്തുണ ആവശ്യമാണ്. ആ പിന്തുണ നൽകേണ്ടത് രോഗിയെ പരിചരിക്കുന്നവരാണ്.പ്രത്യേകിച്ചും കുടുംബാംഗങ്ങൾ.ചികിത്സയിലൂടെ അസുഖം ഭേദപ്പെട്ടാലും സ്ട്രോക്ക് വന്നവർ മാനസികമായി തളർന്നിരിക്കും.അവർക്ക് ആത്മവിശ്വാസക്കുറവും ഡിപ്രഷനുമൊക്കെ അനുഭവപ്പെടാം. ഇനി തനിക്ക് സാധാരണ ജീവിതം നയിക്കാനാവില്ലെന്ന തോന്നൽ അവർക്കുണ്ടായേക്കാം. എന്നാൽ ഈ ചിന്താഗതി അവരിൽ നിന്ന് മാറ്റിയെടുക്കേണ്ട ചുമതല രോഗിയെ പരിചരിക്കുന്നവർക്കാണ്.
സ്ട്രോക്ക് ചികിത്സയിൽ വലിയ പുരോഗതിയാണ് വന്നുകൊണ്ടിരിക്കുന്നത്. സ്ട്രോക്ക് വന്ന് നാലര മണിക്കൂറിനുള്ളിൽ ആശുപത്രിയിൽ എത്തിക്കുന്ന ഇസ്കീമിക് സ്ട്രോക്ക് (രക്തം കട്ടപിടിച്ച് രക്തക്കുഴലുകൾ അടയുന്നതിലൂടെയുണ്ടാകുന്ന സ്ട്രോക്കാണ് ഇസ്കീമിക് സ്ട്രോക്ക് ,രക്തധമനികൾ പൊട്ടിയുണ്ടാകുന്ന ഹെമറേജിക്ക് സ്ട്രോക്കിനുള്ളതല്ല ഈ ചികിത്സ) രോഗിക്ക് ത്രോംബോലിറ്റിക്ക് ട്രീറ്റ്മെന്റ് നൽകും.റീകോമ്പിനന്റ് ടിഷ്യു പ്ളാസ്മിനോജെൻ ആക്ടിവേറ്ററും, ടെനക്ടാപ്ളസുമാണ് ഈ ഇഞ്ചക്ഷനുകൾ. നാലര മണിക്കൂറിനുള്ളിൽ ആശുപത്രിയിലെത്തുന്ന ഇങ്ങനെയുള്ള ഒരു രോഗിക്ക് ഈ മരുന്ന് ഐ.വിയായി നൽകും. അതിലൂടെ പ്രധാന രക്തധമനിയിലുണ്ടാകുന്ന ക്ളോട്ട് അലിയിച്ചു കളയാം. എന്നാൽ വലിയ ക്ളോട്ടുകളിലൂടെ പ്രധാനരക്തക്കുഴലുകൾ അടയുന്ന രോഗിക്ക് ഈ മരുന്ന് മാത്രം നൽകിയാൽ മതിയാകില്ല.അങ്ങനെയുള്ളവർക്ക് ത്രോംബോലിറ്റിക്ക് മരുന്നുകൾക്കു പുറമേ മെക്കാനിക്കൽ ത്രോംബക്ടമി ചെയ്യേണ്ടിവരും.സോളിറ്റയർ ഡിവൈസ്, പെനുമ്പ്ര ഡിവൈസ് എന്നീ ഉപകരണങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. രക്തക്കുഴലിലെ ക്ളോട്ട് അവ ഉപയോഗിച്ച് വലിച്ചെടുക്കും.സ്ട്രോക്ക് വന്ന് ആറുമണിക്കൂർ വരെ ഈ ചികിത്സ ഉപകാരപ്രദമാകും.
സുപ്രധാന പുരോഗതി
പ്രധാന രക്തധമനിയിൽ ക്ലോട്ട് വന്ന് ആറുമണിക്കൂറിനുശേഷം വരുന്ന രോഗികളെയും ചികിത്സിക്കാൻ ഇപ്പോൾ കഴിയുന്നുണ്ട്.ഇതൊരു വലിയ മാറ്റമാണ്.അങ്ങനെ വരുന്ന രോഗിയെ സി.ടി.പെർഫ്യൂഷൻ,എം.ആർ.പെർഫ്യൂഷൻ എന്നീ സ്കാനുകളിലൂടെ പരിശോധനാ വിധേയമാക്കും.എത്രത്തോളം നാശം സംഭവിച്ചുവെന്ന് അതിലൂടെ തിരിച്ചറിയാൻ കഴിയും.തലച്ചോറിലെ കോശങ്ങൾക്ക് കാര്യമായ നാശം സംഭവിച്ചിട്ടില്ലാത്ത രോഗിയാണെങ്കിൽ അവർക്ക് മെക്കാനിക്കൽ ത്രോംബക്ടമി നടത്തി രോഗത്തെ നേരിടാൻ കഴിയും.കഴിഞ്ഞ ഒരുവർഷത്തിനിടയിൽ വന്ന പ്രധാനമായ ചികിത്സാ പുരോഗതിയാണിത്.എന്നാൽ ഇത് എല്ലാ രോഗികൾക്കും പറ്റിയെന്ന് വരില്ല.തലച്ചോറിലെ കോശങ്ങൾക്ക് കാര്യമായ നാശം സംഭവിച്ചിട്ടില്ലാത്തവർക്കേ ഇതുകൊണ്ട് പ്രയോജനമുള്ളു.പ്രധാന രക്തധമനിയിൽ സംഭവിക്കുന്ന ബ്ലോക്കിന്റെ ആഴത്തെ ആസ്പദമാക്കിയാണ് രോഗിക്ക് വൈകല്യങ്ങൾ ഉണ്ടാകുന്നതും ചിലപ്പോൾ ശയ്യാവലംബിയാകുന്നതും.അതുകൊണ്ട് സ്ട്രോക്കിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന രോഗിയെ എത്രയും വേഗം സ്ട്രോക്ക് ചികിത്സാ സംവിധാനങ്ങളുള്ള, അതായത് ആധുനിക സ്കാൻ സംവിധാനവും ന്യൂറോളജിസ്റ്റുമുള്ള ആശുപത്രിയിൽ എത്തിക്കണം.മറ്റൊരിടത്ത് കൊണ്ടുപോയാൽ സമയനഷ്ടമാകും ഫലം.
സർക്കാർ ചെയ്യേണ്ടത്
എല്ലാ ജില്ലാ ആശുപത്രികളിലും സ്ട്രോക്ക് യൂണിറ്റുകൾ സ്ഥാപിക്കാനുള്ള നീക്കം സർക്കാർ ആരംഭിച്ചിട്ടുണ്ട്.ഇപ്പോൾ മെഡിക്കൽ കോളേജുകൾക്കു പുറമേ നാലോ അഞ്ചോ ജില്ലാ ആശുപത്രികളിൽ മാത്രമേ ഈ സംവിധാനം നിലവിലുള്ളു.എല്ലായിടത്തും ഇത് വേഗം വ്യാപിപ്പിക്കേണ്ടിയിരിക്കുന്നു.സ്ട്രോക്ക് യൂണിറ്റുള്ള ആശുപത്രികളിൽ പെട്ടെന്ന് ചികിത്സ നൽകാൻ കഴിഞ്ഞാൽ രോഗിക്ക് വൈകല്യങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യതകുറഞ്ഞിരിക്കും.പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലെ ഫിസിഷ്യൻമാർക്ക് കഴിഞ്ഞ ഒരു വർഷമായി സ്ട്രോക്ക് ചികിത്സയെക്കുറിച്ച് ശ്രീചിത്രാ മെഡിക്കൽ സെന്ററിൽ പരിശീലനം നൽകി വരുന്നുണ്ട്.തിരുവനന്തപുരം ജില്ലയിലെ ഹെൽത്ത് വർക്കർമാർക്കും പരിശീലനം നൽകിവരുന്നു.
സർക്കാർ ചെയ്യേണ്ട മറ്റൊരു പ്രധാന കാര്യം ത്രോംബോലിറ്റിക്ക് മരുന്നുകൾ സൗജന്യമായി സർക്കാർ ആശുപത്രികളിൽ എപ്പോഴും ലഭ്യമാക്കുകയെന്നതാണ്.ചില സംസ്ഥാനങ്ങൾ ഇപ്പോൾത്തന്നെ അരലക്ഷം രൂപ വരുന്ന ഈ മരുന്ന് സൗജന്യമായി നൽകുന്നുണ്ട്. അതോടൊപ്പം സ്ട്രോക്ക് ചികിത്സ കഴിഞ്ഞവർക്കായുള്ള റീഹാബിലിറ്റേഷൻ സെന്ററുകളും ആരംഭിക്കണം. വേൾഡ് സ്ട്രോക്ക് ഓർഗനൈസേഷൻ പൊതുജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്തുന്നതിനാണ് ശ്രമിച്ചുവരുന്നത്.രോഗത്തെക്കുറിച്ച് ശരിയായ ധാരണ ഇതിലൂടെ ജനങ്ങളിൽ എത്തണം.ഇന്ത്യൻ സ്ട്രോക്ക് അസോസിയേഷനും സജീവമായ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തിവരുന്നു.ബോധവത്കരണത്തിൽ താഴെപ്പറയുന്ന മൂന്ന് കാര്യങ്ങൾക്കാണ് ഊന്നൽ നൽകുന്നത്.
1.പ്രാഥമിക പ്രതിരോധം
പ്രമേഹം ,രക്തസമ്മർദ്ദം എന്നിവ ഫലപ്രദമായി നിയന്ത്രിക്കുക,പുകവലി പൂർണമായും ഉപേക്ഷിക്കുക,ആരോഗ്യത്തിന് അനുയോജ്യമായ ഭക്ഷണശൈലി പുലർത്തുക,കൃത്യമായി വ്യായാമം ചെയ്യുക എന്നിവയിലൂടെ സ്ട്രോക്കിനെ പ്രതിരോധിക്കാനാവും.കേരളത്തിൽ പ്രമേഹരോഗികളുടെ എണ്ണം വളരെക്കൂടുതലാണ്. പ്രമേഹം ,രക്തസമ്മർദ്ദം ,കൊളസ്ട്രോൾ എന്നിവ സമയാസമയങ്ങളിൽ പരിശോധിച്ച് നിയന്ത്രണവിധേയമാണെന്ന് ഉറപ്പുവരുത്തണം.പലരും ആദ്യത്തെ മൂന്നുമാസം മരുന്ന് കഴിക്കുകയും പിന്നീട് നിറുത്തുകയും ചെയ്യും.രക്തസമ്മർദ്ദവും പ്രമേഹവും നിയന്ത്രിച്ചു നിർത്താത്തവർക്ക് സ്ട്രോക്ക് വരാനുള്ള സാദ്ധ്യത വളരെക്കൂടുതലാണ്.
2.സ്ട്രോക്കിന്റെ ലക്ഷണങ്ങൾ കണ്ടാൽ നേരുത്തെ സൂചിപ്പിച്ചതുപോലെ എത്രയും വേഗം ആശുപത്രിയിലെത്തണം. എത്ര നേരത്തെ എത്തുന്നുവോ രോഗം ഭേദമാകാനുള്ള സാദ്ധ്യത കൂടിനിൽക്കും. ആദ്യത്തെ 90 മിനിറ്റിൽ എത്തുന്നവർക്ക് ഒരുപക്ഷേ പൂർണമായും രോഗമുക്തിനേടി മടങ്ങാനായേക്കും.
3.സ്ട്രോക്ക് ചികിത്സ കഴിഞ്ഞ് മടങ്ങുന്നവരുടെ പുനരധിവാസം സുപ്രധാനമാണ്. എത്ര നന്നായി അവരെ പരിപാലിക്കുന്നുവോ അതിനനുസരിച്ച് പുരോഗതിയുണ്ടാകും. ഒരിക്കൽ വന്നവർക്ക് വീണ്ടും വരാനുള്ള സാദ്ധ്യത കൂടുതലായതിനാൽ പ്രത്യേക കരുതൽ വേണം. മരുന്നുകൾ കൃത്യമായി കഴിക്കണമെന്ന് മാത്രമല്ല.അത് ജീവിതകാലമുടനീളം കഴിക്കുകയും വേണം. രണ്ട് വർഷംകഴിഞ്ഞ് എല്ലാം ശരിയായി ഇനി മരുന്ന് നിറുത്തിയേക്കാം എന്ന തോന്നൽ അപകടമാണ്. രോഗമുക്തി നേടിയവർക്ക് സാധാരണ നിലയിലുള്ള ജീവിതം നയിക്കാനാകും.
രോഗലക്ഷണങ്ങൾ
പെട്ടെന്ന് ശരീരത്തിന്റെ ഒരുവശം തളർന്നുപോവുക,പെട്ടെന്ന് സംസാരശേഷി ഇല്ലാതാവുക,പെട്ടെന്ന് അസഹനീയമായ തലവേദന വരിക,പെട്ടെന്ന് ബോധമില്ലാതാവുക,പെട്ടെന്ന് കാഴ്ച കുറയുക ഇതൊക്കെ രോഗലക്ഷണമായി സംശയിക്കാം.
(ഇന്ത്യൻ സ്ട്രോക്ക് അസോസിയേഷൻ ദേശീയ പ്രസിഡന്റും തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ സെന്ററിലെ സ്ട്രോക്ക് കെയർ യൂണിറ്റിന്റെ മേധാവിയുമാണ് ലേഖിക)