world

വിധിവശാൽ ലോകം രണ്ടുതരത്തിലുള്ള പ്രകൃതത്തിന് വിധേയമാണ്. അതായത് ധനികനും ജ്ഞാനിയും. ധനാർജ്ജനത്തിന് അറിവ് കൂടിയേ തീരൂ എന്നൊന്നില്ല. ഒരക്ഷരം പോലും അറിയാത്ത ഒരുവൻ കോടീശ്വരനായിരിക്കാം. മഹാജ്ഞാനിയായ ഒരുവൻ നിത്യദരിദ്രനും. അതാണ് വിധിയുടെ ലീലയെന്ന് ഋഷി കവിയായ തിരുവള്ളൂർ പറയുന്നു.
വിധിവശാൽ, എല്ലാം വിധി എന്നൊക്കെ നിത്യവും പലവട്ടം നാം പറഞ്ഞെന്നുവരും. ആ വിധിയുടെ അന്തരാർത്ഥം ഗ്രഹിക്കാൻ കുറുക്കുവഴികളില്ല. ചുറ്റുമുള്ളവരുടെ ജീവിതം എത്രത്തോളം അടുത്തുനിന്ന് അറിയുന്നുവോ അത്രത്തോളം അനുഭവജ്ഞാനം നമുക്ക് ലഭിക്കും. ഈ വിധിയെക്കുറിച്ച് വലിയ പിടിപാടൊന്നുമില്ലാതെ ജീവിക്കുന്നതിനിടയിലും കാര്യമറിയാതെ നാം പലരെയും പലതിനെയും വിധിച്ചുകളയും. അതിൽ പലതും പിന്നീട് തിരുത്തേണ്ടിവന്നേക്കാം, പശ്ചാത്തപിക്കേണ്ടിയും വരും.
പാൽക്കാരൻ സുഗുണന് പാലിന്റെ മണമാണ്. ശ്വാസത്തിലും വിയർപ്പിലും അയാളുടെ കാശിനു പോലുമുണ്ട് ആ മണം. പശുക്കളും എരുമകളുമായാണ് കൂടുതൽ സഹവാസമെങ്കിലും മനുഷ്യജീവിതത്തെയും അനുഭവങ്ങളെയും സുഗുണൻ കറന്നെടുക്കാറുണ്ട്. ചിലപ്പോൾ സംസാരിക്കുന്ന കാര്യങ്ങൾ ഒരു യോഗിയുടെ വാക്കുകളാണോ എന്ന് സംശയിച്ചുപോകും.

രാഗിണി മക്കൾക്ക് സ്വാദോടെ രുചിയോടെ പലഹാരങ്ങൾ ഉണ്ടാക്കിവയ്ക്കും. സ്‌കൂളിൽനിന്ന് മടങ്ങിയെത്തുന്ന മക്കൾ അത് കറുമുറാന്ന് ചവച്ചു തിന്നുന്നത് നോക്കി രാഗിണി സ്വയം മറന്നിരിക്കും. മക്കളെ ദുഃശീലം പഠിപ്പിക്കരുത്, ഇതൊക്കെ തിന്നു ശീലിച്ചാൽ അവർക്ക് മറ്റൊന്നും ഇഷ്ടപ്പെടില്ല എന്നൊക്കെ അമ്മായിയമ്മ ശകാരിക്കും. പറഞ്ഞുപറഞ്ഞ് അമ്മായിയമ്മ മടുത്തതല്ലാതെ രാഗിണിക്ക് ഒരു മാറ്റവും ഉണ്ടായില്ല. പെട്ടെന്നുണ്ടായ ഒരു ജലദോഷപ്പനി. ഒരാഴ്ച സ്വകാര്യ ആശുപത്രിയിൽ. പലതരം ടെസ്റ്റുകൾ, പരിശോധനകൾ, മരുന്നുകൾ. എന്താണ് അസുഖമെന്ന് ഡോക്ടർമാർക്കും വിദഗ്ദ്ധർക്കും പിടികിട്ടിയില്ല. ഇനിയെല്ലാം ദൈവത്തിന്റെ കൈയിൽ, വിധിയുടെ കൈയിൽ എന്ന് പറഞ്ഞു ഡോക്ടർമാർ കൈയൊഴിഞ്ഞു. ബന്ധുക്കളുടെ കാത്തിരിപ്പുകളെയും പ്രാർത്ഥനകളെയും വിഫലമാക്കി രാഗിണിയുടെ ജീവനും ആ ശരീരത്തെ കൈയൊഴിഞ്ഞു. കുട്ടികൾ സ്‌കൂളിൽ നിന്നു മടങ്ങിവരുമ്പോൾ ചൂടുള്ള പലഹാരങ്ങൾ ഉണ്ടാക്കികൊടുക്കുന്നതിന് ശകാരിച്ച തന്റെ അറിവില്ലായ്മയെക്കുറിച്ച് ചിന്തിച്ച് ആ അമ്മായിയമ്മ കരയുമായിരുന്നു.

ദിവാകരന് മക്കളോട് അമിത സ്‌നേഹമായിരുന്നു. എത്ര വസ്ത്രങ്ങൾ വാങ്ങിയാലും ഹോട്ടൽ ഭക്ഷണം മക്കൾക്ക് വാങ്ങിക്കൊടുത്താലും മതിയാകില്ല. ഭാര്യതന്നെ അതിന് പലപ്പോഴും വഴക്കിടാറുണ്ട്. ആ പൈസ സമ്പാദിച്ചു വച്ചാൽ ഭാവിയിൽ ഉപകരിക്കുമെന്ന്. ഇങ്ങനെ ധൂർത്തടിക്കരുതെന്ന് ചില സുഹൃത്തുക്കളും ഉപദേശിച്ചിട്ടുണ്ട്. കോടീശ്വരന്മാർ പോലും മക്കൾക്കുവേണ്ടി ഈ പ്രായത്തിൽ ഇങ്ങനെ ചെലവഴിക്കില്ല. ദിവാകരൻ അപ്പോൾ ഒന്ന് കണ്ണിറുക്കി കാണിക്കും. പിന്നൊരു കള്ളച്ചിരി. ഓർക്കാപ്പുറത്തായിരുന്നു ആ വാഹനാപകടം. ദിവാകരൻ ആശുപത്രിയിലെന്ന വാർത്ത നാട്ടിൽ പരക്കുംമുമ്പേ പിന്നാലെ മരണവാർത്തയുമെത്തി. വാരിക്കോരി മക്കൾക്ക് സ്‌നേഹം നൽകിയത് അധികകാലം വേണ്ടിവരില്ലെന്ന് ദിവാകരന് ഉള്ളിൽ അറിയാമായിരുന്നതുകൊണ്ടാണോ എന്നുപോലും പലരും സംശയിച്ചു. ദിവാകരന്റെയും രാഗിണിയുടെയും സ്‌നേഹം കാലത്തോട് ചേർത്തു വായിക്കാതെ വ്യാഖ്യാനിച്ചവർക്കല്ലേ തെറ്റിയത് എന്ന പാൽക്കാരൻ സുഗുണന്റെ ചോദ്യം കേട്ട് പലരും നെറ്റിചുളിച്ചുനിന്നു.
(ഫോൺ : 9946108220)