cauliflower

ഗുണത്തിലും രുചിയിലും ഒന്നാമതാണ് കോളിഫ്ളവർ. വിഷമുക്തമായ കോളിഫ്ളവർ നമുക്ക് വീട്ടിൽ തന്നെ നട്ടു വളർത്താം. തണുപ്പ് കാലാവസ്ഥയിലാണ് ഇത് നടേണ്ടത്. ഒരു ശീതകാല വിളവായതുകൊണ്ടു തന്നെ തണുപ്പ് കിട്ടുന്ന സ്ഥലത്ത് വേണം നടാൻ. വിത്തുകളും തണ്ടുകളുമുപയോഗിച്ച് കോളിഫ്ളവർ കൃഷി ചെയ്യാം. നന്നായി വളർന്നു നിൽക്കുന്ന കോളിഫ്ളവറിന്റെ തണ്ടുകൾ മുറിച്ചെടുക്കുക. അവ ഒരു ഗ്രോ ബാഗിൽ നട്ട് പിടിപ്പിക്കണം. നന്നായി വളവും വെള്ളവും ചേർത്ത് കൊടുത്താൽ വളരെ പെട്ടെന്ന് തന്നെ വിളവ് കിട്ടും. കോളിഫ്ളവർ കൃഷി ചെയ്യുന്നതിനായി തണ്ടുകൾ ശ്രദ്ധിച്ച് വേണം മുറിച്ചെടുക്കാൻ. കഴിയുന്നതും നല്ല ശക്തിയോടെ വളരുന്ന തണ്ടുകൾ തന്നെ തിരഞ്ഞെടുക്കണം. വളവും ചാണകപ്പൊടിയും നിറച്ച ഗ്രോബാഗിൽ നടുന്നതാണ് കൂടുതൽ നല്ലത്. അല്ലെങ്കിൽ വൃത്തിയുള്ള തറയിൽ മണ്ണ് കുഴിച്ച്, വളവും ചാണകപ്പൊടിയും നിറച്ച് നട്ടാലും മതി.

തണ്ടുകൾ നടുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക. ഗ്രോ ബാഗിലേക്കു മാറ്റി നട്ട് കുറച്ച് ദിവസങ്ങൾ തണലത്തു വച്ച ശേഷം മാത്രമേ സൂര്യ പ്രകാശം ലഭിക്കുന്ന ഇടത്തിൽ വയ്ക്കാവൂ. വേരുകൾ ഉണ്ടായി ചെടി വളരാൻ തുടങ്ങുമ്പോൾ ജൈവ വളങ്ങൾ കൊടുക്കാം. ദിവസവും നനച്ചു കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. തറയിൽ നടുമ്പോൾ കോഴിയൊന്നും ചെടിയെ നശിപ്പിക്കാത്ത വിധത്തിൽ വേണം പരിചരിക്കേണ്ടത്. അധികം സൂര്യപ്രകാശം കൊള്ളിക്കരുത്. ഇലയിൽ പുഴുക്കുത്ത് ഉണ്ടായി തുടങ്ങിയാൽ അപ്പോൾ തന്നെ ആ ഇല മുറിച്ചു കളയണം. കൂടുതലുണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും വേണം. ചുവട്ടിൽ വേപ്പിൻ പിണ്ണാക്ക് പൊടിച്ചത് രണ്ടാഴ്ച കൂടുമ്പോൾ വിതറുന്നത് കീടങ്ങളെ അകറ്റും. അതുപോലെ, ഗോമൂത്രം, കാന്താരി മുളക് ലായനി നേർപ്പിച്ചു സ്പ്രേ ചെയ്യുന്നതും ഗുണപ്രദമാണ്. കീടങ്ങളൊന്നും അടുത്തേക്ക് പോലും വരില്ല. രണ്ട് നേരം തണുത്ത വെള്ളം കോളിഫ്ളവറിന്റെ ചുവട്ടിലൊഴിച്ചാൽ വേഗം പൂവിടും.