surendran

കാസർകോട്: മഞ്ച്വേശ്വരത്തെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഹൈക്കോടതിയിലുള്ള കേസ് പിൻവലിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ പറഞ്ഞു. കേസ് എത്രയും വേഗം തീർപ്പായി കാണാനാണ് ബി.ജെ.പിക്ക് ആഗ്രഹമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേസ് പിൻവലിക്കുമോയെന്ന് സുരേന്ദ്രനോട് ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.

എൽ.ഡി.എഫും യു.ഡി.എഫും ചേർന്ന് കേസിന്റെ നടപടികൾ വൈകിപ്പിക്കാൻ ശ്രമിക്കുകയാണ്. തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നതിന് 67 സാക്ഷികളുണ്ട്. അവരെ സി.പി.എമ്മും മുസ്ളിംലീഗും ചേർന്ന് തടഞ്ഞുവച്ചിരിക്കുകയാണ്. അവരെ മോചിപ്പിച്ചാൽ കോടതിയിലെത്തി സാക്ഷികൾ സത്യം പറയും. ജനതാൽപര്യം മാനിച്ച് യു.ഡി.എഫും എൽ.ഡി.എഫും കേസ് എത്രയും വേഗം തീർപ്പാക്കാൻ സഹായിക്കുകയാണ് വേണ്ടത്. സാക്ഷികളെ തടയാൻ യു.ഡി.എഫിനെ സഹായിക്കുന്ന നിലപാടാണ് എൽ.ഡി.എഫ് സ്വീകരിച്ചത്. മഞ്ച്വേശ്വരത്ത് മുസ്ളിംലീഗിന് രക്ഷാകവചം തീർത്തത് സി.പി.എമ്മാണെന്നും അദ്ദേഹം പറഞ്ഞു.

കേസ് അഞ്ച് ദിവസം കൊണ്ട് അവസാനിപ്പിക്കാം. 67 സാക്ഷികളെ രണ്ട് ദിവസം കൊണ്ട് വിസ്തരിക്കാവുന്നതേയുള്ളൂ. സാക്ഷികൾക്ക് പലതവണ പൊലീസ് സംരക്ഷണം നൽകണമെന്ന് കോടതിയുടെ നിർദ്ദേശം ഉണ്ടായിട്ടും അത് നടപ്പായില്ല. ഒരു ജനാധിപത്യ സംവിധാനത്തിൽ ഒരിക്കലും ഉണ്ടാകാത്ത സംഭവമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. സർക്കാർ സി.പി.എമ്മിന്റെ കൈയിലാണ്. അതിനാൽ സാക്ഷികളെ കോടതിയിൽ ഹാജരാക്കാൻ സഹായിക്കണം. സാക്ഷികളെ തടഞ്ഞ് കാരണം ഒരു വർഷം കൊണ്ട് തീരേണ്ട കേസ് ഇപ്പോഴും തുടരുകയാണ്. മഞ്ചേശ്വരത്തെ എല്ലാ പഞ്ചായത്തിലും യു.ഡി.എഫും എൽ.ഡി.എഫും തമ്മിൽ പരസ്യ ധാരണയിലാണ്. ഇത് സംബന്ധിച്ച് സി.പി.എം നിലപാട് വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.