rahul-

1. കൊച്ചിയിൽ വാർത്താ സമ്മേളനത്തിനിടെ നടത്തിയ വിവാദ പരാമർശത്തിൽ രാഹുൽ ഈശ്വർ അറസ്റ്റിൽ. കൊച്ചി സിറ്റി പൊലീസ് സംഘം തിരുവനന്തപുരം നന്ദാവനത്തുള്ള ഫ്ളാറ്റിലെത്തിയാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. നേരത്തെ കലാപത്തിന് ആഹ്വാനം നൽകിയതിന് രാഹുൽ ഈശ്വറിനെതിരെ എറണാകുളം പൊലീസ് കേസെടുത്തിരുന്നു. രക്തം ചിന്തിപ്പിച്ച് പോലും ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്നത് തടയാൻ ഒരു പ്ലാൻ ബി ഉണ്ടായിരുന്നു എന്നായിരുന്നു രാഹുലിന്റെ പരാമർശം

2. രാജ്യദ്രോഹക്കുറ്റം ചുമത്തേണ്ട പരാമർശമാണ് രാഹുൽ ഈശ്വർ നടത്തിയത് എന്നായിരുന്നു വിവാദ പ്രസ്താവനയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചിരുന്നത്. എന്നാൽ പിന്നീട് രക്തം ചിന്തിക്കാനുള്ള പദ്ധതി മറ്റ് ചിലർക്കായിരുന്നു എന്നും താൻ ഇടപെട്ട് അത് തടയുകയായിരുന്നു എന്നും രാഹുൽ മലക്കം മറിഞ്ഞു. പമ്പയിലും സന്നിധാനത്തും വിശ്വാസികളെ തടഞ്ഞതിന് അറസ്റ്റിലായ രാഹുൽ ഒരാഴ്ചയോളം ജയിലിൽ കഴിഞ്ഞതിന് ശേഷം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. കലാപ ആഹ്വാനം ഉൾപ്പെടെ കൂടുതൽ ഗൗരവമുള്ള കുറ്റങ്ങൾ ചുമത്തിയാണ് രാഹുൽ വീണ്ടും അറസ്റ്റിലായത്

3. എൻ.എസ്.എസ് ശാഖകളെ ആർ.എസ്.എസ് വിഴുങ്ങും എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എസ്.എൻ.ഡി.പിയ്ക്ക് ഉണ്ടായത് ഈ അനുഭവം. എതിർ നിലപാട് സ്വീകരിക്കാൻ വെള്ളാപ്പള്ളി നടേശനെ പ്രേരിപ്പിച്ചത് ഈ സാഹചര്യം. ആർ.എസ്.എസ് അനുകൂല നിലപാട് എൻ.എസ്.എസ് സ്വീകരിക്കും എന്ന് കരുതുന്നില്ല എന്നും കോടിയേരി


4. ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നിലപാട് സുകുമാരൻ നായർ പുനപരിശോധിക്കണം. അദ്ദേഹം വികാരത്തിന് അടിമപ്പെട്ടിരിക്കുക ആണ്. എൻ.എസ്.എസിന്റെ മുൻകാല പാരമ്പര്യത്തിന് അത് നിരക്കുന്നത് അല്ല. അമത് ഷായെ ഇടതു സർക്കാർ ഭയക്കുന്നില്ല. ഷായുടെ പിന്തുണയിൽ അധികാരത്തിൽ ഏറിയ സർക്കാർ അല്ല ഇത്. നിയമ വ്യവസ്ഥയെ അമിത് ഷാ വെല്ലുവിളിക്കുക ആണ് എന്നും കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു

5. ശബരിമല സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിൽ ആയവരുടെ എണ്ണം 3000 കടന്നു. 517 കേസുകളിലായി 3345 പേരാണ് ഇന്നലെ വരെ അറസ്റ്റ് ചെയ്തത്. 122 പേർ റിമാൻഡിൽ ആണ്. ശേഷിക്കുന്നവരെ ജാമ്യത്തിൽ വിട്ടയച്ചു. പൊതുമുതൽ നശിപ്പിച്ച കേസിൽ ആണ് കൂടുതൽ പേർ പിടിയിൽ ആയിരിക്കുന്നത് എന്ന് പൊലീസ്. ഏറ്റവും കൂടുതൽ പേർ അറസ്റ്റിൽ ആയത് കൊച്ചി റേഞ്ചിൽ

6. വാഹന ഗതാഗതം മുടക്കി എന്ന വകുപ്പിൽ നാമജപ ഘോഷയാത്രകളിൽ പങ്കെടുത്ത സ്ത്രീകളേയും അറസ്റ്റു ചെയ്തത് വലിയ വിവാദം ആയിരുന്നു. ഈ സാഹചര്യത്തിൽ അക്രമങ്ങൾ നടത്തിയവരെ മാത്രം അറസ്റ്റു ചെയ്താൽ മതി എന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്ര നിർദ്ദേശിച്ചു. കെ.എസ്.ആർ.ടി.സി ബസ് അടിച്ചു തകർത്തത് ഉൾപ്പെടെ പൊതു മുതൽ നശിപ്പിച്ച കേസിൽ അറസ്റ്റിലായവർക്ക് ജാമ്യം ലഭിക്കാൻ 10,000 രൂപ മുതൽ 13 ലക്ഷം രൂപ വരെ കെട്ടിവയ്ക്കണം

7. അതിനിടെ, ശബരിമല വിഷയത്തിൽ അമിത് ഷായെ തള്ളി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമല സമരത്തിൽ ബി.ജെ.പിക്കൊപ്പം എസ്.എൻ.ഡി.പി ഇല്ലെന്ന് പ്രഖ്യാപനം. ബി.ഡി.ജെ.എസിനെ ആയിരിക്കും അമിത് ഷാ ഉദ്ദേശിച്ചത്. ഭക്തർക്ക് ഒപ്പം എസ്.എൻ.ഡി.പി ഉണ്ടാകും എങ്കിലും പ്രത്യക്ഷ സമരത്തിനില്ല. യുവതീ പ്രവേശനം സംബന്ധിച്ച വിധിക്ക് എതിരെ പുനപരിശോധനാ ഹർജി നൽകില്ലെന്നും വെള്ളാപ്പള്ളി

8. സ്‌കൂൾ കായിക മേളയിൽ കോതമംഗലം സെന്റ് ജോർജിന് കിരീടം. മാർ ബസേലിയസാണ് രണ്ടാം സ്ഥാനത്ത്. മേളയുടെ ചരിത്രത്തിൽ ഇത് പത്താം തവണയാണ് സെന്റ് ജോർജ് കിരീടം ചൂടുന്നത്. മൂന്നാം ദിനമായ ഇന്ന് മത്സരങ്ങൾ പുരോഗമിക്കുമ്പോൾ എറണാകുളം ജില്ല മുന്നേറ്റം തുടരുന്നു. പാലക്കാടാണ് രണ്ടാമത്. മേളയ്ക്ക് ഇന്ന് കൊടിയിറങ്ങും

9. ഇന്ത്യയുടെ 70ാം റിപബ്ലിക് ദിനാഘാഷ പരിപാടികളിൽ മുഖ്യാഥിതിയായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുക്കില്ലെന്ന് സൂചന. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ഇക്കാര്യം അമേരിക്കൻ അധികൃതർ അറിയിച്ചു എന്ന് വിവരം. കഴിഞ്ഞ ആഗസ്റ്റിലാണ് റിപബ്ലിക്ദിന പരേഡിൽ പങ്കെടുക്കാൻ ഇന്ത്യയുടെ ക്ഷണം ട്രംപിന് ലഭിച്ചുവെന്ന വിവരം അമേരിക്കൻ അധികൃതർ പരസ്യപ്പെടുത്തിയത്. ക്ഷണം ലഭിച്ചുവെന്ന് അറിയിച്ചിരുന്നുവെങ്കിലും വരുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം പിന്നീട് മാത്രമേ ഉണ്ടാവുവെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു

10. അതേസമയം, ക്ഷണം നിരസിക്കാനുള്ള കാരണം എന്താണെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. പരിപാടിയിൽ എത്താൻ സാധിക്കാത്തതിൽ ക്ഷമ പറഞ്ഞാണ് അജിത് ഡോവലിന് കത്ത് നൽകിയിരിക്കുന്നത് . ഇന്ത്യഅമേരിക്ക ബന്ധത്തിൽ ചില പ്രശ്നങ്ങൾ നില നിൽക്കുന്നുണ്ട്. റഷ്യയിൽ നിന്ന് ട്രയംഫ് 400 മിസൈലുകൾ വാങ്ങാനുള്ള ഇന്ത്യൻ തീരുമാനം അമേരിക്കയുടെ അതൃപ്തിക്ക് കാരണമായിരുന്നു. ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുമെന്ന് ഇന്ത്യ അറിയിച്ചതും അമേരിക്കയെ ചൊടിപ്പിച്ചു.