panachalimedu

ഇടുക്കി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രമാണ് പാഞ്ചാലിമേട്. സമുദ്രനിരപ്പിൽ നിന്നും 2500 അടി ഉയരത്തിലാണ് പാഞ്ചാലിമേടിന്റെ സ്ഥാനം. കോട്ടയം കുമളി പാതയിലെ മുറിഞ്ഞപുഴയിൽ നിന്നും ഏകദേശം നാലു കിലോമീറ്റർ ദൂരെയായാണ് പാഞ്ചാലിമേട് സ്ഥിതി ചെയ്യുന്നത്. കോട്ടയത്ത് നിന്നും വരുമ്പോൾ, മുണ്ടക്കയംതെക്കേമല വഴിയും ഇവിടെ എത്തിച്ചേരാം.

ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ടാണ് പാഞ്ചാലിമേട് സഞ്ചാരികളുടെ പ്രിയയിടമായി മാറിയത്. പൊന്നമ്പലമേട്ടിൽ തെളിക്കുന്ന മകരവിളക്ക് പാഞ്ചാലിമേട്ടിൽ നിന്നും വ്യക്തമായി കാണാം. ഇത് കാണുന്നതിനായി ആയിരക്കണക്കിനാളുകളാണ് മണ്ഡലകാലത്ത് ഇവിടേക്ക് എത്തിച്ചേരുന്നത്. പുരാണകാലത്തെ ഒട്ടേറെ പ്രത്യേകതകൾ ഈ സ്ഥലത്തുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. പാണ്ഡവരുടെ താമസസ്ഥലമായിരുന്നു ഇതെന്നാണ് ചരിത്രം പറയുന്നത്. ഗുഹകളും, ഭീമന്റെ കാല്പാദങ്ങളും, കല്ലുകൾ കൊണ്ടുള്ള ആയുധങ്ങളും, ശിവലിംഗവും ഇവിടെ ഇപ്പോളും അതപോലെ തന്നെ ഉണ്ട്. പാഞ്ചാലി കുളിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന കുളവും അവിടെ കാണാൻ സാധിക്കും. ഇത് പാഞ്ചാലി കുളം എന്നാണ് അറിയപ്പെടുന്നത്. വള്ളിയങ്കാവ് ക്ഷേത്രത്തിന്റെ മൂലസ്ഥാനം എന്നറിയപ്പെടുന്ന പാഞ്ചാലിമേടിൽ ഒരു ഭുവനേശ്വരി ക്ഷേത്രം നിലകൊള്ളുന്നുണ്ട്. ഈ ക്ഷേത്രത്തിനോട് ചേർന്ന് ഒരു ശിവലിംഗവും പ്രതിഷ്ഠിച്ചിരിക്കുന്നു. പകലെന്നോ, രാത്രിയെന്നോ ഇല്ലാതെ പാഞ്ചാലിമേട് എപ്പോഴും മഞ്ഞാൽ മൂടപ്പെട്ടിരിക്കുന്നു.

മുകളിലെ മൊട്ടക്കുന്നുവരെയും റോഡ് ഉണ്ട്, ബാക്കി അരക്കിലോമീറ്റർ ഒറ്റയടിപ്പാതയാണ്. ഇവിടെ ഉള്ള രണ്ടു കുന്നുകളിൽ ഒന്ന് ഒരു കുരിശുമലയും മറ്റേതിൽ ശ്രീഭുവനേശ്വരിയുടെ ക്ഷേത്രവും തകർന്ന ശിവലിംഗവും ഉണ്ട്. ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽ അഴുത ബ്ളോക്കിലാണ് പെരുവന്താനം ഗ്രാമപഞ്ചായത്തിന്റെ ഏറ്റവും ഉയരം കൂടിയ ഭാഗം പാഞ്ചാലിമേട് ഉള്ളത്. ഈ ഭാഗങ്ങളിൽകൂടി ഒഴുകുന്ന പന്നിയാറും, മണിമലയാറും, അഴുതയാറും നയനമനോഹരം തന്നെ. നൂറ്റാണ്ടുകൾക്ക് മുമ്പ് പഞ്ചപാണ്ഡവന്മാർ താമസിച്ചിരുന്ന സഹ്യാദ്രി പർവ്വത നിരകളിലുള്ള പാഞ്ചാലിമേട്, വിനോദസഞ്ചാരികളെ ആകർഷിക്കുന്ന മനോഹരമായ പ്രദേശമാണ്.