-sandeepananda-giri-ashra

തിരുവനന്തപുരം : പ്രഭാഷകനും ആത്മീയാചാര്യനുമായ സ്വാമി സന്ദീപാനന്ദ ഗിരിയുടെ കുണ്ടമൺകടവ് സാലഗ്രാമം ആശ്രമത്തിൽ നടന്ന അക്രമത്തിൽ വ്യക്തമായ തെളിവ് ലഭിക്കാതെ അന്വേഷണ സംഘം. ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് അക്രമികൾ ആശ്രമത്തിൽ അതിക്രമിച്ച് കയറി രണ്ട് കാറുകൾ അഗ്നിക്കിരയാക്കിയത്. ആശ്രമത്തിൽ സി.സി ടിവി കാമറകൾ സ്ഥാപിച്ചിരുന്നെങ്കിലും പ്രവർത്തന രഹിതമായിരുന്നു. അടുത്തിടെ സി.സി ടിവി ഇടിവെട്ടി നശിച്ചതാണെന്ന് സന്ദീപാനന്ദ ഗിരി കേരളകൗമുദിയോട് പറഞ്ഞു. ഇടിവെട്ടി നശിച്ചതിനെ തുടർന്ന് ശരിയാക്കാൻ കൊടുത്തിരിക്കുകയാണെന്നും നന്നാക്കി വാങ്ങാൻ 50,000 രൂപയോളം വേണമായിരുന്നു. എന്നാൽ കൈയിൽ കാശില്ലാത്തതിനാൽ മടക്കി വാങ്ങിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ആശ്രമത്തിലെ സെക്യൂരിറ്റിക്കാരനും സംഭവ ദിവസം ഡ്യൂട്ടിയ്‌ക്കെത്തിയിരുന്നില്ല. കഴിഞ്ഞ ബുധനാഴ്ച മോട്ടോർ സ്വിച്ച് ഓൺ ചെയ്യാത്തതിന് ശകാരിച്ചതിനാൽ വെള്ളിയാഴ്ച വൈകിട്ടെത്തി ഇനി വരുന്നില്ലെന്ന് പറഞ്ഞ് പോയെന്നും. ആരോടെങ്കിലും അദ്ദേഹം ഇക്കാര്യം പറഞ്ഞിട്ടുണ്ടാവണം. വാച്ച് മാൻ ഇല്ലെന്ന് അക്രമികൾക്ക് അറിയാമായിരുന്നു എന്ന് സംശയിക്കുന്നുവെന്നും സന്ദീപാനന്ദ ഗിരി പറഞ്ഞു.

എന്നാൽ ആശ്രമത്തിനു സമീപമുള്ള കുണ്ടമൺഭാഗം ദേവീക്ഷേത്രത്തിലെ സി.സി ടിവി ദൃശ്യത്തിൽ അക്രമദിവസം പുലർച്ചെ 2.45ന് ഒരാൾ ഓടിപ്പോകുന്ന ദൃശ്യമുണ്ട്. സമീപവാസിയായ 18കാരനാണ് ഇയാൾ. തീ കണ്ട് ഓടിപ്പോവുകയായിരുന്നെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ പറഞ്ഞു. തീപിടിത്തമറിഞ്ഞെത്തിയ ഫയർഫോഴ്സിനു വഴികാട്ടാൻ ഇയാൾ ശ്രമിക്കുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.